ജപമാലമധുരം – ഒക്ടോബർ 29: എത്രയും ദയയുള്ള മാതാവേ

ഓർക്കേണമെ… 

സ്കൂൾ വിട്ടയുടൻ കുട്ടികളേക്കാളും വേഗത്തിൽ ബാഗും കുടയുമായി ആദ്യത്തെ ബസ് പിടിക്കാൻ ഓടി ഇറങ്ങുന്ന ഒരു ടീച്ചറമ്മ. എന്താവും ആ മനസ്സിൽ? അങ്ങ് ദൂരെയെങ്ങോ, അതിരാവിലെ മനസ്സില്ലാമനസ്സോടെ മറ്റാരെയോ ഏൽപ്പിച്ചിട്ട് പോന്ന, അമ്മയുടെ ചൂടിനും അമ്മിഞ്ഞയ്‌ക്കും വേണ്ടി കരയുന്ന ഒരു കുഞ്ഞുവാവ..

ജോലിസ്ഥലത്തുനിന്ന് കിട്ടിയ ബിരിയാണി ആവേശത്തോടെ കഴിക്കുന്ന കൂട്ടുകാർക്കിടയിൽ, ഒരു വറ്റുപോലും കഴിക്കാതെ ഒരമ്മ. “റേഷനരിച്ചോറിന്‌ മുമ്പിലിരിക്കുന്ന പിള്ളേരെ ഓർക്കുമ്പം ഇതങ്ങ് ഇറങ്ങിപ്പോകുന്നില്ല സാറേ” എന്ന് !

വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്മകഥാപരമായ നോവലാണ്, ‘ബാല്യകാലസഖി’. കണ്ണ് നിറഞ്ഞ് മാത്രം വായിച്ചു പോകുന്ന ഒരു ഭാഗമുണ്ട് – അമ്മയെക്കുറിച്ച് ബഷീർ എഴുതിയത്. ജോലിയില്ല, വീട്ടിലും ദാരിദ്ര്യം, പിതാവിന്റെ നിരന്തര ശകാരം.. ബഷീർ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. നാളുകൾ വീട്ടിൽ ചെല്ലാതെ അലഞ്ഞുനടന്നു. ഒരുദിവസം എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കി പാതിരാത്രിയ്ക്ക് വീട്ടിലേയ്ക്ക് ചെല്ലുമ്പോൾ ഉമ്മറത്ത് ഒരു വശത്തായി കത്തി നിൽക്കുന്ന ഒരു വിളക്ക്. വിളക്കിനടുത്ത് ഒരാൾ – ഉമ്മ !
ഉമ്മറത്തേക്ക് കയറിയ ബഷീറിനോട്, “മകനേ, അകത്ത് കഞ്ഞിയുണ്ട്. കുടിച്ചിട്ട് കിടക്കാം” എന്ന്‌കൂടി..!

Memorare എന്നാൽ ലത്തീനിൽ “ഓർക്കുക/ഓർക്കണം” എന്നർത്ഥം – ‘എത്രയും ദയയുള്ള മാതാവേ’ തുടങ്ങുന്നത് അങ്ങിനെയാണ്. ഇംഗ്ലീഷ് ഭാഷയിൽ “Remember..” എന്നും. “ഈ ലോകത്തിൽ നിന്നോട് അപേക്ഷിച്ച ആരെയും നീ കൈവിട്ടിട്ടില്ല” എന്ന് ഓർക്കണമെന്ന് !!

ഈ ഭൂമിയിൽ എടുത്ത് പറയാൻ പ്രത്യേകിച്ച് ഒന്നുമില്ലാത്ത മൂന്നാല് അമ്മമാരെയാണ് ആദ്യം നമ്മൾ കണ്ടത്. ഏതമ്മ മറക്കാനാണ് !
എന്ത് മറക്കാനാണ്‌ ?
ഒരമ്മയും ഒന്നും മറക്കുന്നില്ല ചങ്ങാതീ.

അങ്ങനെയെങ്കിൽ, സ്വർഗം ഭൂമിയ്ക്ക് തന്ന മറിയമെന്ന അമ്മ, തന്റെ കുഞ്ഞുങ്ങളിൽ ആരെ മറക്കും, എങ്ങനെ മറക്കും !

പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബെർണാദ് പുണ്യവാന്റെ ജപം എന്ന് അറിയപ്പെടുന്നുണ്ടെങ്കിലും, “എത്രയും ദയയുള്ള മാതാവേ” പ്രാർത്ഥന കണ്ടെത്തുന്നത് പതിനഞ്ചാം നൂറ്റാണ്ടിലാണ്. പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബെർനാർദ് എന്നു പേരുള്ള ഒരു വൈദികൻ ആണ് ഇത് പ്രചരിപ്പിക്കാൻ മുൻകൈ എടുത്തത്.

പലതും പലപ്പോഴും സൗകര്യപൂർവം മറക്കുകയാണ് നമ്മൾ. കുടുംബവും, മാതാപിതാക്കളും, കൂടപ്പിറപ്പുകളും, വന്ന വഴികളും, വളർത്തിയവരും, സ്വന്തം കടമകളും .. എല്ലാം മറന്നു പോവുകയാണ്.

– കാനായിലെ വിരുന്നിൽ വച്ച് ആരും ഒന്നും ഓർമിപ്പിക്കാതെ, എല്ലാം ഓർത്തവൾ – മറിയം.

– മകനെയോർത്ത് കാത്തിരുന്ന് മടുത്തിട്ട് അവൻ്റെ പ്രസംഗസ്ഥലത്ത് ഓടിയെത്തിയ മറിയം.

– കുരിശിൻ്റെ വഴിയിലും കാൽവരിയിലും മകന് കൂട്ടാകുന്ന മറിയം.

– ഗുരുവിൻ്റെ സഹനക്കൊടുങ്കാറ്റിൽ നാനാപാടും ചിതറിപ്പോയ അവൻ്റെ കൂട്ടുകാരെ ഓർമിച്ചെടുത്ത് പെറുക്കിക്കൂട്ടിയ മറിയം.

അമ്മമാരങ്ങിനെയാണ്, ആരെയും – ഒന്നിനെയും – മറക്കാതെ..
അതാണീ മണ്ണിൻ്റെ ഭാഗ്യവും !

കൃപ നിറഞ്ഞ ജപമാലമാസം ഹൃദയപൂർവം..

ഫാ. അജോ രാമച്ചനാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.