ജപമാലമധുരം – ഒക്ടോബർ 28: ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം…

പ്രവാസികൾ

ഫാ. അജോ രാമച്ചനാട്ട്

എന്താണോ, പ്രവാസം എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് വരുന്നത് മരുഭൂമിയാണ്. ഈ പ്രവാസവും മരുഭൂമിയും തമ്മിൽ എന്താണ് ബന്ധം? നമ്മുടെ നാട്ടിൽ നിന്നുള്ള പ്രവാസികളുടെ വലിയ പങ്കും അറേബ്യൻ നാടുകളിൽ ആയിരിക്കുന്നത് കൊണ്ടാവാം.

ഏതായാലും പ്രവാസം എന്നും ഒരു മരുഭൂമി അനുഭവം തന്നെ, എവിടെയായിരുന്നാലും. സ്വന്തം നാടിനെയും പ്രിയപ്പെട്ടവരെയും വിട്ട് മറ്റൊരിടത്ത് ജീവിക്കേണ്ടിവരിക..
മനസ്സിലെ ആഗ്രഹങ്ങളോടൊക്കെ മുഖംതിരിച്ച്‌ യന്ത്രം കണക്കെ ജീവിക്കുക.. പ്രവാസം സങ്കടകാലം തന്നെ !

ഒരു സങ്കടം പറച്ചിലാണ് ‘പരി. രാജ്ഞി’ പ്രാർത്ഥനയിലും.
– ഞങ്ങൾ പ്രവാസത്തിൽ ആണെന്ന്..
– ചുറ്റുമുള്ള ആഘോഷങ്ങളിലൊന്നും മനസ്സുറപ്പിച്ച് പങ്കുചേരാൻ ആകുന്നില്ലെന്ന്..
– ദൂരേക്ക് കണ്ണും നട്ടിരിക്കുകയാണെന്ന്..

സത്യമായും നമ്മൾ ഈ ഭൂമിയിൽ പ്രവാസികൾ തന്നെ – സ്വർഗനാട്ടിലേയ്ക്ക് തീർഥാടനം ചെയ്യുന്നവർ. ദുരിതം പിടിച്ച ഈ ജീവിതയാത്ര അവസാനിക്കുന്നിടത്ത് അമ്മ മേരി മകനെയുമായി കാത്തു നിൽപ്പുണ്ടെന്ന് ജപമാല ഓർമപ്പെടുത്തുകയാണ്.

ജപമാല മനസ്സ്‌ കെട്ടവന്റെയല്ല, പ്രതീക്ഷ കൈവിടാത്തവന്റെ പ്രാർത്ഥനയാണ് സുഹൃത്തേ. പ്രതീക്ഷയുടെ ഈണവും താളവുമാണതിന്‌.

കാത്തിരിക്കാൻ ഒരമ്മയുടെ കരുതലും വാത്സല്യവുമുള്ളിടത്തോളം കാലം, ജീവിതത്തിൻ്റെ മരുഭൂമിയനുഭവങ്ങളൊക്കെ എനിക്ക് മറന്നു കളയാനാവും !

ജപമാല ജീവിതത്തിന് കരുത്താകട്ടെ..
സ്നേഹപൂർവം,

ഫാ. അജോ രാമച്ചനാട്ട്