ജപമാലമധുരം – ഒക്ടോബർ 26: ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി

“ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി..”

ഫാ. അജോ രാമച്ചനാട്ട്

ദേ കണ്ടോ, പടുകൂറ്റൻ ദൈവശാസ്ത്രമൊക്കെ പറഞ്ഞ് തുടങ്ങിയ ജപമാല അവസാനത്തിലേയ്ക്കെത്തുമ്പോൾ തീർത്തും വൈകാരികമാവുകയാണ്.
കഥയായാലും കവിതയായാലും പറഞ്ഞാലും എഴുതിയാലും തീരാത്ത വിഷയം അമ്മ ആയിരിക്കണം. അല്ല, അമ്മ തന്നെ !

ജീവൻ പകുത്ത് നൽകുന്നവൾ, അമ്മ.
വീടിനെ വീടാക്കുന്ന മധുരം അമ്മ.
ആർക്കും ഓടിയെത്താവുന്ന അഭയവും അമ്മ.

ഈ ഭക്തി അല്പം കടന്നുപോയോ എന്നൊക്കെ സംശയിക്കുന്നവരോട്..
– ഞങ്ങളെപ്പോലുള്ള ഒറ്റകളെപ്പറ്റി ഒന്നോർക്കാമോ?
– മാതാപിതാക്കൾ കൂട്ടിന് ഇല്ലാത്തവരെ..
– അനാഥരെ..
– കുടുംബത്തിൽ സമാധാനം നഷ്ടപ്പെട്ടവരെ..
– ജയിലുകളിൽ കഴിയുന്നവരെ..
– പ്രവാസികളെ..

ഇവർക്കൊക്കെ പരി. അമ്മ മധുരവും ജീവനും ശരണവുമാണ് സഹോ. വേറെയാരുണ്ട് മനസിൻ്റെ വേവുകൾക്ക് ഒന്ന് ആശ്വാസമാകാൻ !
അങ്ങനെ ആരെങ്കിലുമൊക്കെ നിലനിന്നുപോകട്ടേന്ന് ! അല്ലേ?

കൃപ നിറഞ്ഞ ദിവസം സ്നേഹപൂർവം..

അജോച്ചൻ