ജപമാല മധുരം ഒക്ടോബർ 22: ലോകത്തിൻ്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട്

ലോകത്തിൻ്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട്

ഫാ. അജോ രാമച്ചനാട്ട്

അടുത്ത ദിവസം യേശു തന്റെ അടുത്തേക്കു വരുന്നതു കണ്ട്‌ അവന്‍ പറഞ്ഞു: ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്‌.
(യോഹ 1 : 29)

കുഞ്ഞാടിൻ്റെ അമ്മ

സ്നാപകൻ തന്റെ ശിഷ്യർക്ക് മുൻപിൽ യേശുവിനെ പരിചയപ്പെടുത്തുന്നത് ഇപ്രകാരമാണ്. “ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്”. പാപപ്പരിഹാരദിനത്തിൽ അഹറോന്റെ നേതൃത്വത്തിൽ ആട്ടിൻകുട്ടിയുടെ മേൽ തങ്ങളുടെ അകൃത്യങ്ങളെല്ലാം ചുമത്തി മരുഭൂമിയിലേക്ക് അയയ്ക്കുന്നതിനെപ്പറ്റി എല്ലാ യഹൂദര്‍ക്കും അറിവുണ്ടായിരുന്നു. (ലേവ്യ. 16, 20 – 22) അതുകൊണ്ട്, ദൂരെ നടന്നുവരുന്നവൻ തങ്ങളുടെ രക്ഷയ്ക്കായി ദൈവം അയച്ചവനാണെന്ന് അവർ തിരിച്ചറിയുകയാണ്..

നമ്മൾ കാൽവരിയിലെ കുരിശിന്റെ ചുവട്ടിലേയ്ക്ക്‌ ഒന്ന് പോവുകയാണ്. അവിടെ ഒരമ്മ നിൽപ്പുണ്ട്. സർവം തകർന്ന അമ്മയൊന്നുമല്ല കേട്ടോ, ആ കുരിശിന്റെ താഴെ നിന്ന് മകന്റെ മരണവേദനയിൽ അവന് കൂട്ടാകുന്നൊരമ്മ. “ഞാനിവിടെ നിൽപ്പുണ്ട്” എന്നതിനോളം വലിയ ആശ്വാസം വേറെ എന്തുണ്ട് ഭൂമിയിൽ ?

നീണ്ട മുപ്പത് വർഷങ്ങൾ ആ അമ്മയും മകനും കൂടി ഒരുങ്ങുകയായിരുന്നു – കുരിശിന്റെ വേദനയെ സ്വീകരിക്കാൻ !
മുൾക്കിരീടത്തെ സ്വീകരിക്കാൻ !
ചാട്ടവാറടികളെ പരാതിയില്ലാതെ ഏറ്റുവാങ്ങാൻ !
പിന്നെങ്ങനെ മകൻ തോൽക്കാനാണ് ?

“എന്റെ മകനെ AIMS – ൽ വിട്ടുപഠിപ്പിക്കാൻ ആണ് ഞാനീ കഷ്ടപ്പെട്ട് വളർത്തിയത്, വേദപാഠമൊക്കെ അവൻ പിന്നെ എപ്പോഴേലും പഠിച്ചോളും” എന്ന് പറഞ്ഞ് മകനെ എൻട്രൻസിന് വിടാൻ പോയ ഒരമ്മയെ ഓർക്കുന്നു..

“എന്റെ അമ്മയാണ് ആദ്യമായി എനിക്ക് മദ്യം വിളമ്പിയത്” എന്ന് സങ്കടപ്പെട്ട ഒരു മനുഷ്യനെയും ഓർക്കുന്നു..

നമ്മൾ എങ്ങോട്ടാണ് ?
അങ്ങ് യൂദയായിൽ “ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടാ”ണെന്ന് ബോധ്യപ്പെടുത്തി മകനെ വളർത്തിയ മറിയമെന്ന അമ്മ. ഇവിടെയോ?
അപ്പന്റെ ബിസിനസ്സ് സാമ്രാജ്യം വിപുലമാക്കാനും, മാതാപിതാക്കളുടെ പൂർത്തിയാക്കിപ്പെടാത്ത മോഹങ്ങളൊക്കെ സാക്ഷാത്കരിക്കാനും, എല്ലായിടത്തും ഒന്നാമതെത്താനും പരിശീലിപ്പിക്കുന്നതിനിടയിൽ ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനുള്ള പരിശീലനം കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ മറന്നുപോയോ നമ്മൾ ?

ചില കുരിശനുഭവങ്ങൾക്ക്‌ മുൻപിൽ ഭയപ്പെട്ടു പോകുന്ന, ചില പരാജയങ്ങൾക്ക് മുന്നിൽ അമ്പേ തളർന്നു പോകുന്ന മക്കളുടെ എണ്ണം കൂടുകയല്ലേ ഇന്ന്?
മക്കളുടെ കുരിശിന്റെ വഴികളിൽ എത്ര മാതാപിതാക്കളുണ്ട്, പ്രാർത്ഥനയോടെ കൂട്ടുപോകുന്നവർ എന്നതും ഇക്കാലത്ത് ഒരു ചോദ്യം തന്നെയാണ്.

ദൈവമേ, ജീവിതയാഥാർത്ഥ്യങ്ങളെ കൃപയോടെ നേരിടുന്ന മക്കളെ പരിശീലിപ്പിക്കാൻ ഞങ്ങൾക്ക് ബലം നൽകണേ, ആമ്മേൻ.

നല്ല ദിവസം സ്നേഹപൂർവ്വം,

ഫാ. അജോ രാമച്ചനാട്ട്