ജപമാല പ്രൈവറ്റ് ലിമിറ്റഡാകുന്നു

ജോസ് ക്ലെമെന്റ്

”മറിയത്തോടൊപ്പമുള്ള യേശുവിന്റെ തിരുമുഖ ധ്യാനമാണ് ജപമാല. ആത്മാര്‍ത്ഥമായ ജപമാല പ്രാര്‍ത്ഥന അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ ക്രൈസ്തവ ജീവിതത്തില്‍ ആത്മാവിലേക്ക് കടക്കുന്നു.”    – വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ

ജപമാല ഭക്തിയില്‍ കേരള ക്രൈസ്തവര്‍ അദ്വൈതരാണെന്നവകാശപ്പെടുമ്പോഴും ഇന്നും പലര്‍ക്കും ജപമാലയുള്‍പ്പെട്ട കുടുംബപ്രാര്‍ത്ഥന പ്രൈവറ്റ് ലിമിറ്റഡ് പരിപാടിയായി തരം താഴുന്നു. രണ്ടര ദശാബ്ദക്കാലത്തിനു പിന്നിലേക്ക് നടക്കുമ്പോള്‍ ക്രൈസ്തവ കുടുംബങ്ങളില്‍ നിന്നും ഇടമുറിയാതെ കേട്ടുകൊണ്ടിരുന്ന ജപമാല പ്രാര്‍ത്ഥനയുടെ അലയൊലികള്‍ ഇന്നും പൂര്‍വ്വികരുടെ കാതുകളില്‍ പ്രകമ്പനം കൊള്ളുന്നുണ്ടാകും. ത്രിസന്ധ്യയായാല്‍ ദേവാലയങ്ങളില്‍ നിന്നുയരുന്ന കുരിശുമണിക്കു പിന്നാലെ എല്ലാ ക്രൈസ്തവ കുടുംബങ്ങളില്‍ നിന്നും ‘നന്മനിറഞ്ഞ മറിയത്തിന്റെ’ സ്തുതിപ്പും കര്‍ത്തൃപ്രാര്‍ത്ഥനയും ഇടതടവില്ലാതെ കേള്‍ക്കാമായിരുന്നു. എന്നാല്‍ ഇന്ന് ത്രിസന്ധ്യകളെ പരമ്പരകള്‍ വിഴുങ്ങിയിരിക്കുന്നതിനാല്‍ വൈകിട്ട് ആറുമണിക്ക് മുമ്പ് കുടുംബപ്രാര്‍ത്ഥന ചൊല്ലിത്തീര്‍ക്കാന്‍ പെടാപാടുപെടുന്നതുകാണാം. എങ്കില്‍പ്പോലും ഭിത്തിയിലെ വലിയ ക്ലോക്കിലായിരിക്കും പൂര്‍ണശ്രദ്ധ. സീരിയലിന്റെ സമയത്തിനുമുമ്പ് തീര്‍ക്കാനുള്ള കഠിന ശ്രമം. ഇത് കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് ജപമാല രഹസ്യങ്ങള്‍ പരിമിതപ്പെട്ടുകൊണ്ടിരിക്കും. അഞ്ചംഗങ്ങള്‍ പൂര്‍ണമായും കുടുംബത്തിലെത്തിച്ചേര്‍ന്നിട്ടുണ്ടെങ്കില്‍ അഞ്ച് രഹസ്യങ്ങളും ഫാസ്റ്റ് ട്രാക്കായി നടക്കും. രണ്ടുപേരാണ് പ്രസ്തുത സമയത്തെത്തിച്ചേര്‍ന്നിട്ടുള്ളുവെങ്കില്‍ രണ്ട് രഹസ്യങ്ങളില്‍ ജപമാലയെ സംക്ഷിപ്തമാക്കും. സൗകര്യംപോലെ സൗകര്യമുള്ള സമയത്ത് ഒരു വഴിപാട് നടത്തുന്ന ലാഘവത്തോടെ നടത്താവുന്ന ഒന്നാക്കിത്തീര്‍ത്തിരിക്കുകയാണ് ജപമാല പ്രാര്‍ത്ഥന.

മധ്യശതകങ്ങളില്‍ സന്യാസ മുദ്രാവാക്യം ‘Ora et Labora’ എന്നതായിരുന്നു. അതായത് പ്രാര്‍ത്ഥിക്കുക പ്രവര്‍ത്തിക്കുക. പ്രാര്‍ത്ഥന പ്രവൃത്തിയാക്കുക. പ്രവര്‍ത്തിയെ പ്രാര്‍ത്ഥനകൊണ്ട് വിമലീകരിക്കുക എന്നതായിരുന്നു ദര്‍ശനം. പക്ഷേ ഇന്ന് പ്രാര്‍ത്ഥനാഭവനങ്ങള്‍ ജീവിതഭവനങ്ങളല്ലാതായപ്പോള്‍ പ്രാര്‍ത്ഥനയും പ്രവൃത്തിയും വേര്‍പിരിഞ്ഞു. കൊന്തമണികള്‍ ചലിപ്പിച്ചുകൊണ്ടിരുന്ന അമ്മമാരുടെ കൈകള്‍ക്കുപോലും ഇന്നലെകളില്‍ വിശുദ്ധിയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പഴമക്കാര്‍ പറയുമായിരുന്നു അമ്മയുടെ വിരലുകള്‍ ചുംബിക്കാന്‍. കൊന്തയിലെ ജപമണികള്‍ ഉരുട്ടുന്ന ആ വിരലുകളില്‍ നന്മനിറഞ്ഞ മറിയത്തിന്റെ നന്മയുടെ പുണ്യങ്ങളുണ്ടായിരുന്നു. അടുക്കളകളില്‍ വെന്തുരുകിത്തീരുന്ന ഈ അമ്മമാര്‍ക്ക് ജപമാല പ്രാര്‍ത്ഥനയ്ക്കായി അണയാന്‍ ക്ഷീണമോ അസ്വസ്ഥതകളോ ഒന്നുമുണ്ടായിരുന്നില്ല. കാരണം, യേശുവിനെ അറിയാന്‍, ധ്യാനിക്കാന്‍ കിട്ടുന്ന സുന്ദരമുഹൂര്‍ത്തങ്ങളാണ് ജപമാലയര്‍പ്പണത്തിലെ ഓരോ നിമിഷങ്ങളുമെന്ന ബോധ്യം ആ അമ്മമാര്‍ക്കുണ്ടായിരുന്നു. ഇന്നു നമ്മുടെ അമ്മമാരുടെ കൈകളില്‍ റിമോട്ട് കണ്‍ട്രോളറുകളാണ്. കണ്ണീര്‍ക്കഥകളുടെ നൊമ്പരങ്ങള്‍ ഹൃദയത്തിലേറ്റി മനസ്സിനെ അസ്വസ്ഥമാക്കാനും അസ്വസ്ഥമായ മനസ്സുമായി കണ്ണീര്‍ പാടങ്ങള്‍ കാണാന്‍ നാളെയ്ക്കായി കാത്തിരിക്കാനുള്ള വ്യഗ്രതയും മാത്രം. പരമ്പരകളുടെ കാഴ്ചയ്ക്ക് സമയമാറ്റങ്ങളില്ല. പക്ഷേ ജപമാലയര്‍പ്പണത്തിന്റെ കാര്യത്തില്‍ മാത്രം കൃത്യതയില്ല. ലൗകിക സുഖസൗകര്യങ്ങളൊക്കെ കഴിഞ്ഞ് ബാക്കി സമയം കിട്ടുന്നുണ്ടെങ്കില്‍ അത് ഒരു ബാധ്യത തീര്‍ക്കാനാണെന്ന വണ്ണം ചൊല്ലിതീര്‍ക്കുക. പലപ്പോഴും പബ്ലിക്കായി നടത്താന്‍ സമയവും സാഹചര്യവും ലഭിച്ചില്ലെങ്കില്‍ ജപമാല പ്രൈവറ്റാക്കുകയാണ്.

വിശുദ്ധിയുടെ ഉറവിടമായ കുടുംബങ്ങളില്‍ സാത്താന്റെ വിളയാട്ടം നടക്കുകയാണിപ്പോള്‍. അതുകൊണ്ടാണ് കുടുംബപ്രാര്‍ത്ഥനയുടെ സമയങ്ങള്‍ ദൃശ്യമാധ്യമങ്ങള്‍ കയ്യടക്കി വച്ചിരിക്കുന്നത്. നമ്മുടെ പ്രാര്‍ത്ഥനാമുറികള്‍ ഒരുകാലത്ത് അള്‍ത്താരയ്ക്കു സമാനം വിശുദ്ധി നിറഞ്ഞ ഇടങ്ങളായിരുന്നില്ലേ. ഇന്ന് ഭവനങ്ങളില്‍ മുഖ്യസ്ഥാനം തിരുഹൃദയ പ്രതിഷ്ഠ നടത്തിയ തിരുസ്വരൂപത്തിനോ വിശുദ്ധ രൂപങ്ങള്‍ക്കോ അല്ല. സ്റ്റാറ്റസ് സിംബലനുസരിച്ചുള്ള വലിയ സ്‌ക്രീനുള്ള ടി.വി.കളാണ് മുഖ്യ ഇടങ്ങള്‍ കയ്യേറിയിരിക്കുന്നത്. ഭൗതീകമൂല്യങ്ങള്‍ക്ക് കുടുംബപശ്ചാത്തലത്തില്‍ അമിതപ്രാധാന്യം ലഭിച്ചപ്പോള്‍ ദൈവിക മൂല്യങ്ങളെ നാം മൂലകളിലൊതുക്കി. ലോകത്തിന്റെ സ്വാധീനം അധിശക്തമാകുമ്പള്‍ ദൈവത്തോട് ചേര്‍ന്നുനില്‍ക്കാന്‍ നമുക്ക് സഹായമരുളുന്നത് ജപമാലയാണ്. ഈ ജപമാല പ്രാര്‍ത്ഥനയേയും ഭവനങ്ങളില്‍ നിന്നും പടികടത്തിയപ്പോള്‍ ധാരണകളും ബന്ധങ്ങളും നഷ്ടപ്പെട്ട ലോഡ്ജുമുറികളായി നമ്മുടെ ഭവനങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. സ്വകാര്യതകള്‍ മാത്രം തേടി മുറികള്‍ക്കുള്ളില്‍ ഒതുങ്ങുകയാണ് നമ്മള്‍. മക്കള്‍ മൊബൈലിലും ഇന്റര്‍നെറ്റിലും സ്വകാര്യമായി പരതുമ്പോള്‍ കുടുംബനാഥ കണ്ണിമയ്ക്കാതെ ടെലിവിഷനുമുന്നിലായിരിക്കും. ഇതിനിടയില്‍ ഗൃഹനാഥന്‍ വന്നാല്‍ പോലും ഗൗനിക്കാന്‍ സമയമില്ല. ഈയവസ്ഥയില്‍ നമ്മുടെ അന്തരംഗങ്ങളില്‍ നിന്നും ഒരു വിലാപകാവ്യം ഉയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ”സീയോന്‍ പുത്രീ, കര്‍ത്താവിനോട് ഉറക്കെ നിലവിളിക്കുക. രാവും പകലും മഹാപ്രവാഹം പോലെ കണ്ണുനീര്‍ ഒഴുകട്ടെ. നീ വിശ്രമിക്കരുത്; കണ്ണുകള്‍ക്ക് വിശ്രമം നല്‍കരുത്. രാത്രിയില്‍ യാമങ്ങളുടെ ആരംഭത്തില്‍ എഴുന്നേറ്റ് ഉറക്കെ നിലവിളിക്കുക. കര്‍ത്താവിന്റെ സന്നിധിയില്‍ ജലധാരപോലെ നിന്റെ ഹൃദയത്തെ ചൊരിയുക. നാല്‍ക്കവലകളില്‍ വിശന്നുതളര്‍ന്നു വീഴുന്ന നിന്റെ മക്കളുടെ ജീവനുവേണ്ടി നീ അവിടുത്തെ സന്നിധിയിലേക്ക് കൈകളുയര്‍ത്തുക” (വിലാപങ്ങള്‍ 2:18-19).

കുടുംബബന്ധങ്ങളെ പരിപാവനമാക്കിത്തീര്‍ക്കാന്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ വാക്കുകള്‍ക്കുതന്നെ നാം കാതോര്‍ക്കേണ്ടിയിരിക്കുന്നു. ഫാത്തിമ ശതാബ്ദി വര്‍ഷത്തില്‍ അമ്മയുടെ ഈ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുമുണ്ട്. നമ്മുടെ പ്രാര്‍ത്ഥനകളെ പ്രൈവറ്റ് ലിമിറ്റഡാക്കി മാറ്റാതെ 1917-ല്‍ ഫാത്തിമയില്‍ പരിശുദ്ധ മറിയം നല്‍കിയ സന്ദേശം നാം ഉള്‍ക്കൊണ്ട് മനഃപരിവര്‍ത്തനത്തിന് വിധേയരാകണം. ”ഞാന്‍ ജപമാലയുടെ രാജ്ഞിയാണ്. പാപജീവിതത്തില്‍ നിന്ന് പിന്തിരിഞ്ഞ് ദൈവത്തോട് മാപ്പിരക്കാന്‍ ലോകത്തെ താക്കീത് ചെയ്യാനാണ് ഞാന്‍ വന്നിരിക്കുന്നത്. തങ്ങളുടെ പാപം നിമിത്തം ഇതിനകം വളരെയേറെ തങ്ങള്‍ ദ്രോഹിച്ച ദൈവത്തെ ഇനിയും ദ്രോഹിക്കാന്‍ പാടില്ല. ജപമാലയര്‍പ്പിക്കയാണ് അതിന് തക്ക പരിഹാരം.” ഈ പരിഹാരയര്‍പ്പണം കുടുംബാംഗങ്ങള്‍ ഒരുമിച്ച് ജപമാലചൊല്ലി പ്രാര്‍ത്ഥിക്കുമ്പോള്‍ അമ്മ പ്രസാദിക്കും; പുത്രന്‍ സംപ്രീതനാകും. നന്മകള്‍ സമൃദ്ധമായി കുടുംബത്തിലേക്ക് ചൊരിയപ്പെടും. തനിച്ചിരുന്ന് സ്വകാര്യമായി നാം പ്രാര്‍ത്ഥിക്കുന്നതിനേക്കാള്‍ സമൂഹപ്രാര്‍ത്ഥനാ സമയത്ത് നമ്മുടെ മനസ്സ് കൂടുതല്‍ ഉണര്‍വും ജാഗ്രതയുമുള്ളതായിത്തീരും. തനിച്ച് ജപമാല ചൊല്ലുമ്പോള്‍ ഒരു ജപമാലയുടെ മാത്രം യോഗ്യത നേടുന്നു. എന്നാല്‍ സമൂഹമായി ജപമാലയര്‍പ്പിക്കുമ്പോള്‍ സമൂഹത്തിലുള്ള മറ്റെല്ലാവരുടെയും പ്രാര്‍ത്ഥനയുടെ യോഗ്യത നേടാനാകും. അതുകൊണ്ടാണ് ഉര്‍ബന്‍ എട്ടാമന്‍ പാപ്പാ സമൂഹജപമാല രണ്ട് ഗണമായി ചൊല്ലുമ്പോള്‍ നൂറ് ദിവസത്തെ അധിക ദണ്ഡവിമോചനം (ടോട്ടീസ് ക്വാട്ടീസ്) അനുവദിച്ചു നല്‍കിയത്. ദൈവകാരുണ്യം വിളിച്ചപേക്ഷിക്കുന്നതില്‍ സ്വകാര്യപ്രാര്‍ത്ഥനയേക്കാള്‍ ശക്തി സമൂഹപ്രാര്‍ത്ഥനയ്ക്കുണ്ട്. ശത്രുവിനെ നേരിടാന്‍ ഒറ്റയ്‌ക്കെന്നതിനേക്കാള്‍ വിജയ സാധ്യത സൈന്യമായി കൂട്ടത്തോടെ നേരിടുന്നതല്ലേ. അതല്ലേ ഒന്‍പതാം പീയൂസ് പാപ്പാ പറഞ്ഞത്: ”ജപമാല അര്‍പ്പിക്കുന്ന ഒരു സൈന്യം എനിക്ക് ഉണ്ടായിരുന്നെങ്കില്‍ ലോകത്തെ മുഴുവന്‍ ഞാന്‍ കീഴടക്കു”മായിരുന്നെന്ന്.

എന്നാല്‍ ജപമാല ഒറ്റയ്ക്ക് ചൊല്ലിയതുകൊണ്ട് ഫലസിദ്ധി ഉണ്ടാകില്ലായെന്ന് തെറ്റിദ്ധരിക്കയുമരുത്. പരിശുദ്ധ മറിയത്തെ ഭക്തിയോടെ വിളിച്ചപേക്ഷിക്കുന്ന ഏതൊരാളുടെയും ആവശ്യങ്ങളില്‍ ഈ അമ്മ ശ്രദ്ധവയ്ക്കാതിരിക്കുകയില്ല. കാരണം, അവള്‍ കാരുണ്യപൂര്‍ണയാണ്; കാരുണ്യത്തിന്റെ അമ്മയാണ്. ദൈവസന്നിധിയില്‍ നമ്മുടെ ആവശ്യങ്ങളെ സമര്‍പ്പിക്കുമ്പോള്‍ അതോടൊപ്പം ഉള്‍പ്പെടുത്താവുന്ന ഒരു ശുപാര്‍ശ കത്താണ് ജപമാലയെന്നത് വിസ്മരിക്കാതിരിക്കുക.

ജോസ് ക്ലെമെന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.