ജപമാല ചൊല്ലുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

നമ്മുടെ ദൈവാലയങ്ങളിലെല്ലാം ജപമാല ഭക്തിയോടെ ചൊല്ലുന്ന പതിവ് വര്‍ഷങ്ങളായി നാം തുടരുന്നു. ഇത് നമ്മുടെ വിശ്വാസത്തിന്റെ പ്രകടനം മാത്രമല്ല, ആ വിശ്വാസത്തെ ആഴപ്പെടുത്തുവാനും ജപമാല നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നു. ഒരു ഉത്തമ കത്തോലിക്കാ കുടുംബത്തിന്റെ മുഖമുദ്രയാണ് ജപമാല പ്രാര്‍ത്ഥന. ക്രിസ്തീയകുടുംബം ഒത്തൊരുമിച്ചിരുന്നു നടത്തേണ്ട പ്രാര്‍ത്ഥനകളില്‍ യാമപ്രാര്‍ത്ഥന കഴിഞ്ഞാല്‍ അത്യുത്തമവും ഏറ്റവം ഫലപ്രദവുമായ പ്രാര്‍ത്ഥന ജപമാലയാണെന്നതിന് യാതൊരു സംശയവുമില്ലെന്ന് പോള്‍ ആറാമന്‍ മാര്‍പാപ്പാ പറയുന്നു.

ജപമാല ഏറ്റവും സവിശേഷമായ, ലളിതമായ ഒരു പ്രാര്‍ത്ഥനയാണ്. തളര്‍ച്ചയുടെ അവസരങ്ങളില്‍ ശക്തിയും ധൈര്യവും തരുന്ന പ്രാര്‍ത്ഥന. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വാക്കുകളും ഇതു തന്നെയാണ് സൂചിപ്പിക്കുന്നത്. സന്തോഷത്തിന്റെ വേളകളിലും ബുദ്ധിമുട്ടിന്റെ നിമിഷങ്ങളിലും ജപമാല എന്നോടൊപ്പമുണ്ടായിരുന്നു. എത്രയോ ഉല്‍ക്കണ്ഠകളാണ് ഞാനിതില്‍ സമര്‍പ്പിച്ചത്. എല്ലായ്‌പ്പോഴും എനിക്ക് ആശ്വാസം ലഭിക്കുകയും ചെയ്യും. ജപമാല എന്റെ ഏറ്റവും പ്രിയപ്പെട്ട പ്രാര്‍ത്ഥനയാണ്. സമൂഹത്തെ ബാധിച്ചിരിക്കുന്ന ഈ തിന്മകള്‍ക്കെതിരായ ഫലപ്രദമായ ഒരു ആയുധം കൂടിയാണ് ജപമാലയെന്ന് പതിമൂന്നാം ലെയോ മാര്‍പാപ്പയും പറയുന്നു.

ജപമാല ചൊല്ലുന്നവരെങ്കിലും, ചിലപ്പോഴെങ്കിലും ധൃതിയില്‍ ചൊല്ലാനുള്ള പ്രവണത പ്രത്യേകിച്ച്, കുടുംബങ്ങളില്‍ കണ്ടുവരുന്നുണ്ട്. ഈ പ്രാര്‍ത്ഥന കൂടുതല്‍ ഫലപ്രദമായി ചൊല്ലുവാന്‍ ഇത് ധ്യാനാത്മകമാകണം. പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ക്ക് നമുക്ക് കാതോര്‍ക്കാം: “ജപമാലയുടെ കാതലായ ഘടകങ്ങളെപ്പറ്റി അതായത്, ധ്യാനത്തെപ്പറ്റി ഇവിടെ എടുത്തുപറയേണ്ടതുണ്ട്. സ്തുതിക്കും യാചനക്കും പുറമേയുള്ള ഒരു ഘടകമാണിത്. ഈ ഘടകമില്ലെങ്കില്‍ ആത്മാവില്ലാത്ത ശരീരം പോലെയായിരിക്കും ജപമാല. രക്ഷാകരസംഭവങ്ങളെക്കുറിച്ച് മറിയത്തോടു കൂടെ നടത്തുന്ന ധ്യാനമാണ് ജപമാലയുടെ പ്രധാന ഘടകം.”

“ജപമാല ചൊല്ലുക എന്നാല്‍ മറിയത്തോടൊപ്പം യേശുവിന്റെ തിരുമുഖത്തെക്കുറിച്ച് ധ്യാനിക്കുക എന്നതല്ലാതെ മറ്റൊന്നുമല്ലെന്ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ആവര്‍ത്തിക്കുന്നു. അതുകൊണ്ട്, ഈ വിശുദ്ധരുടെയെല്ലാം വാക്കുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് അവയനുസരിച്ച് ജപമാല അര്‍പ്പിക്കാം. അനുഗ്രഹം നേടാം.”