ജപമാല ഫാഷനു ചേരാത്ത പ്രാര്‍ത്ഥനയോ?

ജോസ് ക്ലെമെന്റ്

”പിശാചിനെ ആട്ടിപ്പായിക്കാനും ഒരുവനെ പാപത്തില്‍ നിന്നും അകറ്റി നിര്‍ത്താനും തക്ക ശക്തമായ ആയുധമാണ് ജപമാല. നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തിലും കുടുംബത്തിലും രാജ്യത്തിലും സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എല്ലാ സായാഹ്നങ്ങളിലും ഒരുമിച്ച് ചേര്‍ന്ന് ജപമാല ചൊല്ലുവിന്‍. ജപമാല ചൊല്ലാതെ ഒരുദിവസംപോലും കടന്നുപോകാന്‍ അനുവദിക്കരുത്. ജോലിഭാരത്താല്‍ എത്രമാത്രം ക്ഷീണിതരാണെങ്കില്‍പോലും.” പീയൂസ് പതിനൊന്നാമന്‍ പാപ്പ

ഫാഷന്‍ ട്രെന്റുകള്‍ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഒരു നൂറ്റാണ്ടിലാണ് നാം ജീവിക്കുന്നത്. വസ്ത്രം, ആഭരണങ്ങള്‍, ഹെയര്‍ സ്റ്റൈല്‍, ഭക്ഷണം, വാഹനം തുടങ്ങി സംഭാഷണ രീതികളില്‍വരെ അടിമുടി ഫാഷന്‍ ഭ്രമത്തിലും അനുകരണത്തിലും അടിപ്പെട്ടവരാണ്. പ്രത്യേകിച്ച് യുവജനത. പാശ്ചാത്യസംസ്‌ക്കാരങ്ങളിലേക്കുള്ള കൂപ്പുകുത്തല്‍ മാത്രമല്ല നമ്മുടെ തന്നെ പഴയ രീതികളിലേക്കുതന്നെ മടങ്ങി അതിനെ പുത്തന്‍ ഫാഷനാക്കി മാറ്റുന്ന തന്ത്രങ്ങളും നാം കാണുന്നുണ്ട്. എന്നാല്‍ നമ്മുടെ പഴയ ആചാരാനുഷ്ഠാനങ്ങളിലെ മുഖ്യമായ ജപമാലയര്‍പ്പണവും ഉത്തരീയ ധാരണവും ഒക്കെ ഇന്നത്തെ ഫാഷനു ചേരാത്തവയായി മാറുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പതിവ് കാഴ്ചകള്‍ പ്രകടമാക്കിത്തരുന്നതതാണ്.

ശാസ്ത്ര സാങ്കേതികത അനുനിമിഷം വളരുകയും വിസ്മയാവഹമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നത് അപ്രധാനമായി കാണാനോ അതിനെ തമസ്‌ക്കരിക്കാനോ ശ്രമിക്കുന്നത് ശരിയല്ല. കമ്പ്യൂട്ടറിന്റെയും നവമാധ്യമങ്ങളുടെയും അതിപ്രസരങ്ങളും അവയവമാറ്റങ്ങളും മുഖ്യമായും ഹൃദയം മാറ്റിവയ്ക്കല്‍ പ്രക്രിയകളും പ്ലാസ്റ്റിക് സര്‍ജറികളുമൊക്കെ ശാസ്ത്രവിപ്ലവത്തിന്റെ നേട്ടങ്ങളാണെന്ന് സമ്മതിച്ചേ മതിയാകൂ. സ്രഷ്ടാവായ ദൈവവും സൃഷ്ടിയായ മനുഷ്യനും തമ്മിലുള്ള ബന്ധം വിഛേദിക്കാനാവാത്തതാണ്. ഈ ബന്ധം സജീവമാകുന്നത് പ്രാര്‍ത്ഥനയിലൂടെയാണ്. ഈ പ്രാര്‍ത്ഥനയുടെ ഒരു സാധാരണ രീതിയാണ് ജപമാലയര്‍പ്പണം. അതുകൊണ്ടാണ് സഭ ഒരു മാസം-ഒക്‌ടോബര്‍ പൂര്‍ണമായും ജപമാലഭക്തിക്കായി പ്രത്യേകം നീക്കിവച്ചിരിക്കുന്നത്.

ഡൊമിനിക്കന്‍ സഭാസ്ഥാപകനായ വിശുദ്ധ ഡൊമിനിക് വഴി പരിശുദ്ധ ജനനി ജപമാല നല്‍കി ജപമാല ഭക്തി പ്രചരിപ്പിക്കാന്‍ ആവശ്യപ്പെട്ട നാള്‍ മുതല്‍ നീണ്ട 809 വര്‍ഷങ്ങളായി കത്തോലിക്കാ സഭാസമൂഹം വിശ്വസിച്ചുപോരുന്ന ഒരു ചരിത്ര സത്യമാണ് ജപമാലയര്‍പ്പണഭക്തി. ഭാഗ്യസ്മരണാര്‍ഹനായ ലെയോ പതിമൂന്നാമന്‍ പാപ്പാ ഒക്‌ടോബറിനെ ജപമാല മാസാചരണത്തിനുള്ള പ്രത്യേക മാസമായി പ്രഖ്യാപിച്ചുനല്‍കിയിട്ട് 134 ആണ്ടുകള്‍ പൂര്‍ത്തിയാകുന്നു. 1883 മുതല്‍ ജപമാലഭക്തി അലിഞ്ഞു ചേര്‍ന്നിട്ടുള്ള ആധ്യാത്മിക- സാമൂഹിക- സംസ്‌ക്കാരമാണ് കേരള കത്തോലിക്കാസഭയുടേത്. മലനാടിന്റെ കത്തോലിക്കാ മക്കളുടെ മനസ്സിലും മസ്തിഷ്‌ക്കത്തിലും മാംസത്തിലും മജ്ജയിലുമുള്ള ക്രൈസ്തവ ഊര്‍ജം ജപമാലയുടെ നിരന്തര നിഗൂഡ സ്പര്‍ശനത്താല്‍ കൂടുതല്‍ ഊഷ്മളമായിട്ടുള്ളതാണ്. ഈ നാട്ടിലെ സന്യാസിനിസന്യാസിമാരുടെ സഭാചട്ടവും സഭാവസ്ത്രവും ജപമാലയോടിണക്കിച്ചേര്‍ത്തിട്ടുള്ളതാണെന്ന് കാണാന്‍ കഴിയും. ജപമാലയര്‍പ്പണമാണ് ഇവിടുത്തെ ഓരോ കത്തോലിക്കാ കുടുംബത്തിന്റെയും നിശാപ്രാര്‍ത്ഥന. ഒന്നിച്ച് കൊന്ത ചൊല്ലുന്ന കുടുംബം അനുഗൃഹീതമാണെന്ന ബോധവും ബോധ്യവും കേരള കത്തോലിക്കര്‍ക്കുണ്ട്. ഒക്‌ടോബര്‍ മാസം ജപമാല മാസമായി അനുഷ്ഠിക്കുന്നതില്‍ കേരള സഭ നല്ല മാതൃകയുമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. പക്ഷേ, ഇന്നത്തെ നീക്കങ്ങളില്‍ ഇതിനു കുറവുവന്നിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്.

കേരള കത്തോലിക്കാ സഭയുടെ സാംസ്‌ക്കാരിക നഭോമണ്ഡലത്തില്‍ അത്ഭുതങ്ങള്‍ വിരചിച്ചിട്ടുള്ള, ഇന്നും വിരചിച്ചുകൊണ്ടിരിക്കുന്ന പരിശുദ്ധ മറിയത്തിന്റെ അനര്‍ഘരത്‌നഹാരം തീരെ നിഷ്‌ക്കാസിതമായിട്ടില്ലെങ്കിലും ടെലിവിഷന്റെ അതിപ്രസരത്താല്‍ മങ്ങലേറ്റിട്ടില്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാലത്തിന്റെ ഗതിവിഗതിയില്‍ വേണ്ടത്ര വിലമതിക്കപ്പെടാതെയും ഉപയോഗിക്കപ്പെടാതെയും പോകുന്നുണ്ട് ജപമാലയര്‍പ്പണം. ത്രിസന്ധ്യയില്‍ ടെലിവിഷന്‍ പ്രക്ഷേപണം ചെയ്യുന്ന പരമ്പരകള്‍ ഇന്ന് ജപമാലയേക്കാള്‍ പ്രാധാന്യത്തോടെ കുടുംബസദസുകളില്‍ മിഴിവുറ്റ് നില്‍ക്കുന്നു. കാരണം, കുടുംബ പ്രാര്‍ത്ഥന തങ്ങളുടെ ജീവിതരീതികള്‍ക്കും നിലവാരത്തിനും ചേരാത്ത ഒരു പഴഞ്ചന്‍ ഭക്തക്രമമായി തോന്നിത്തുടങ്ങിയിരിക്കുന്നു. മറ്റുള്ളവരുടെ മുന്നില്‍ തങ്ങളുടെ ഫാഷനു കോട്ടം തട്ടില്ലേ. ത്രിസന്ധ്യകളെ കണ്ണീരില്‍ മുക്കി സ്ത്രീ പ്രതികാര പരമ്പരകള്‍ കണ്ടില്ലെങ്കില്‍ സമൂഹമധ്യേ കുറച്ചില്‍ അനുഭവപ്പെടില്ലേയെന്ന് നിരവധി കുടുംബിനിമാരുടെ ബോധതലങ്ങളില്‍ കുടിയേറിയിട്ടുണ്ട്. മഴ ചതിച്ച് ഡാമുകളില്‍ വെള്ളക്കുറവുണ്ടാകുമ്പോള്‍ വൈദ്യുതി ക്ഷാമ പരിഹാരത്തിനായി രാത്രികാലങ്ങളിലെ ‘പവര്‍കട്ടെ’ന്ന വലിയ സുകൃതം ആരംഭിച്ചാല്‍ ജപമാല പ്രാര്‍ത്ഥന ഇരുട്ടിലാണെങ്കിലും ഉണര്‍ന്നെഴുന്നേല്‍ക്കുന്ന കാഴ്ചയും നമുക്ക് കാണാനാകുന്നുണ്ട്.

മനം കവരുന്ന അല്ല മനസമാധാനം കെടുത്തുന്ന ഒട്ടേറെ കദന കാവ്യങ്ങള്‍ ചാനലുകള്‍ തോറും നിറഞ്ഞു കിടക്കുന്നതിനാല്‍ ജപമാലയ്ക്കു പകരം റിമോര്‍ട്ടുകളാണ് ഇന്ന് കുടുംബനാഥന്‍മാരുടെയും നാഥകളുടെയും കൈകളില്‍ ഭദ്രം. മക്കള്‍ കമ്പ്യൂട്ടറിന് മുന്നില്‍ ‘വല’തുറന്നിരിപ്പും ചാറ്റിങ്ങിലും ചീറ്റിങ്ങിലും വ്യാപൃതരായിട്ടിരിക്കുകയായിരിക്കും. സന്തോഷ-ദുഃഖ-മഹിമ-പ്രകാശ രഹസ്യങ്ങള്‍ക്കു പകരം ഏഷ്യാനെറ്റും മഴവില്‍ മനോരമയും ഫ്‌ളവേഴ്‌സും സൂര്യയുമൊക്കെയാണ് നാം ധ്യാനവിഷയ മാക്കുന്നത്. മക്കള്‍ എഫ് ബിയിലും വാട്ട്‌സ് ആപ്പിലും ധ്യാനനിരതരുമായിരിക്കും. നമ്മുടെ യാത്ര എങ്ങോട്ടാണ്? പുരോഗമനാവേശത്തള്ളലിന്റെ വേലിയേറ്റത്തില്‍ ജപമാലയെ നിര്‍ജീവമാക്കിയാല്‍ അത് നമ്മോടും വരും തലമുറയോടും ചെയ്യുന്ന അനീതിയും തെറ്റുമായിരിക്കും.

പഴമയെ പഴിച്ചു പടികടത്താനും പുതുമയെ പൂവിട്ടു പുണരാനും പുരോഗമന പരിഷ്‌ക്കര്‍ത്താക്കള്‍ വ്യഗ്രത കാണിക്കുന്നതില്‍ ആര്‍ക്കും പരിഭവമില്ല. മറിച്ചൊരു സമീപനം അവര്‍ക്കസാധ്യമാണ്. പുരോഗമനത്തിന്റെ പ്രത്യയശാസ്ത്രമതാണ്. ആവര്‍ത്തനം അരോചകമാകുന്നുവെന്നതാണ് ആവലാതി. അത് ഫാഷന് ചേര്‍ന്നതല്ലായെന്ന മൂഢചിന്തയും. അതുകൊണ്ടാണ് കാലഹരണപ്പെട്ടതും അന്തസിനു ചേരാത്തതുമായ ഭക്തമുറയായി ജപമാലയെ വീക്ഷിക്കുന്നത്.

സ്‌നേഹത്തിന്റെ മധുരമായ പാശത്താല്‍ എല്ലാവരേയും പരിശുദ്ധ മറിയം ഗാഢമായി ബന്ധിപ്പിക്കുന്നതാണ് ജപമാല. വല്‍സലയായ ഒരു മാതാവിനെപ്പോലെ ഈ അമ്മ ജപമാലയര്‍പ്പകരുടെ മധ്യേ ആഗതയാവുകയും ഗാര്‍ഹികമായ ഐക്യവും സമാധാനവും ധാരാളമായി അവരുടെമേല്‍ വര്‍ഷിക്കുകയും ചെയ്യുന്നു. പുത്തന്‍പരിഷ്‌ക്കാരങ്ങളുടെ അരങ്ങേറ്റവും ഭൗതിക പ്രവാഹവും ജപമാലയുടെ അത്ഭുതവശങ്ങളെ നിഷ്പ്രഭമാക്കാതിരിക്കട്ടെ. ഏതൊരു ഫാഷനുമേലും അഴകും പ്രഭയും നല്‍കുന്നതുതന്നെയാണ് ജപമാലയും. ജപമാല പ്രാര്‍ത്ഥനയും.

ജോസ് ക്ലെമെന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.