ജപമാല: ചലിക്കുന്ന ബൈബിള്‍

ജോസ് ക്ലെമെന്റ്

”ജപമാല നന്നായി അവതരിപ്പിക്കപ്പെട്ടാല്‍ യുവജനം ഈ ലളിതമായ പ്രാര്‍ത്ഥന സ്വന്തമാക്കും. അവരുടെ പ്രായത്തിന്റെ പ്രത്യേകതയായ ആവേശത്തോടെ, ജപമാല ചൊല്ലും. അവര്‍ മുതിര്‍ന്നവരെ വിസ്മയിപ്പിക്കും.” – വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ

ചലനാത്മകമായ ഒരു ലോകത്തില്‍ സ്ഥിരമായി ഒന്നും ആയിരിക്കുന്നില്ല. ഇതൊരു മൊബൈല്‍ വേള്‍ഡാണ്. നമ്മുടെ പ്രാര്‍ത്ഥനകളിലും ഈ ചലനം കാണാനാകും. അനുഗ്രഹങ്ങള്‍ക്കും കാര്യലബ്ധിക്കുമായി നാം ചലിച്ചുകൊണ്ടിരിക്കുകയാണ്; തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കും നൊവേന സെന്ററുകളിലേക്കുമൊക്കെ നമ്മുടെ ഓട്ടത്തില്‍ നേടേണ്ടതായി അത്ഭുതരോഗസൗഖ്യങ്ങള്‍ മുതല്‍ മംഗല്യഭാഗ്യങ്ങള്‍ വരെയുണ്ട്. വിശ്വാസികള്‍ക്കൊപ്പം അവിശ്വാസി പോലും ഓടിക്കൊണ്ടിരിക്കുകയാണ്. എവിടെ നിന്നാണ് ശാന്തി കിട്ടുകയെന്ന വ്യഗ്രതയിലാണ് ഈ ഓട്ടം. ശാന്തിദായകവും എന്നാല്‍ ഏറ്റവും ലളിതവുമായ പ്രാര്‍ത്ഥനകളിലൊന്നാണ് ജപമാല പ്രാര്‍ത്ഥന. ഈ ജപമാലയും ചലിക്കുന്ന ഒരു ബൈബിളാണ്. ആദിയില്‍ ദൈവം വചനമായിരുന്നു. ഈ വചനം മാംസം ധരിക്കാന്‍ തീരുമാനിച്ച നാള്‍ മുതല്‍ ദൈവത്തിന്റെ ആലോചനകളിലെ ചലനമായിരുന്നു ‘നന്മനിറഞ്ഞ മറിയമേ സ്വസ്തി’ എന്ന പ്രാര്‍ത്ഥന. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ സഭാനൗകയുടെ അമരക്കാരനായി നിയോഗിതനായതിന്റെ ഏഴാം നാള്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞത്: ”നന്മനിറഞ്ഞ മറിയമേ സ്വസ്തി’ എന്ന ജപമാല പ്രാര്‍ത്ഥന ചൊല്ലാന്‍ തുടങ്ങിയപ്പോള്‍മുതലാണ് ഞാന്‍ ലോകത്തിന്റെ ചലനങ്ങള്‍ മനസ്സിലാക്കാന്‍ തുടങ്ങിയത്” എന്നാണ്.

ദൈവം കണ്ട ദീര്‍ഘവീക്ഷണത്തിലെ ദര്‍ശനദൃശ്യമായിരുന്നു ‘ദൈവം നിന്നോടുകൂടെ’ എന്നത്. ഇതോടെ മറിയം ദൈവത്തിന്റെ സ്വന്തമായി. ‘സ്ത്രീകളില്‍ അനുഗൃഹീതയായവള്‍’ അതിവിശാലമായ തിരുവചന പുസ്തകത്തിന്റെയും ദൈവീകപദ്ധതിയുടെയും, മാത്രമല്ല മനുഷ്യന്‍ എന്താണെന്നും എത്രത്തോളമാണെന്നുമുള്ള വലിയ വെളിപ്പെടുത്തലിന്റെയും ഒരു രത്‌നച്ചുരുക്കമാണ്. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ പ്രധാനപ്പെട്ട ചിന്താധാരകളില്‍ ഒന്ന് മിശിഹായുടെയും സഭയുടെയും രഹസ്യത്തില്‍ മറിയമെന്ന രഹസ്യത്തിന്റെ സ്ഥാനവും പ്രസക്തിയും കണ്ടെത്തുക എന്നതായിരുന്നു. ‘നിന്റെ തിരുവിഷ്ടം പോലെ എന്നില്‍ ഭവിക്കട്ടെ’ (ലൂക്കാ 1:38) എന്ന് പരിശുദ്ധ മറിയം പറഞ്ഞപ്പോള്‍ അവള്‍ തന്റെ ഉദരത്തില്‍ സഭയേയും ജനിപ്പിച്ചു എന്നതാണ് സത്യം. അതാണ് പോള്‍ ആറാമന്‍ പാപ്പ പറഞ്ഞത്: ”ക്രൈസ്തവനായിരിക്കുക എന്നാല്‍ മരിയനായിരിക്കുക” എന്നതാണെന്ന്. സഭാപിതാക്കന്മാരും സാക്ഷ്യപ്പെടുത്തുന്നത് ഇതേ യാഥാര്‍ത്ഥ്യത്തിലേക്കാണ്: ”ശിഷ്യന്മാരുടെ ചെറുസമൂഹത്തില്‍ അടയിരുന്ന് പന്തക്കുസ്തായുടെ ചൂടില്‍ സഭയെ വിരിയിച്ചത് പരിശുദ്ധ മറിയമാണ്.” അതിനാല്‍ സഭ സര്‍വ്വോപരി മരിയന്‍ ആണ്.

സ്വര്‍ഗനരകങ്ങളെക്കുറിച്ചും ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചുമുള്ള സഭയുടെ വിശ്വാസ സത്യമാണ് ‘പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ’ എന്ന യാചന ഉരുവിടുന്നതോടൊപ്പം നാം ഏറ്റുപറയുന്നത്. നമ്മെ ഭയപ്പെടുത്തുന്ന ഈ സത്യം കര്‍ത്താവിന്റെ കരുണയുടെ തീവ്രതയെ ധ്യാനിക്കാന്‍ ഉതകുംവിധം നമ്മുടെ മാനസങ്ങളില്‍ നിക്ഷേപിക്കുന്ന ഇതിലും നല്ലൊരു പ്രാര്‍ത്ഥന വേറെ ഉണ്ടാവില്ല. ദൈവീകപദ്ധതികളെ അനുകൂലമാക്കി മാറ്റാന്‍ ജപമാലയ്ക്ക് ശക്തിയുണ്ട്. ഇതിന് ഏറ്റവും വലിയ തെളിവാണ് കാനായിലെ കല്യാണവിരുന്നിലെ അത്ഭുതം. ‘അവന്‍ പറയുന്നതുപോലെ ചെയ്യുക’ (യോഹ 2:5) എന്നു പഠിപ്പിച്ചുകൊണ്ട് ഈശോയില്‍ പ്രത്യാശയര്‍പ്പിക്കാന്‍ ഉപദേശിക്കുകയാണ് കാനായിലെ കല്യാണ ഭവനത്തില്‍ നടന്ന അത്ഭുതത്തിലൂടെ. സഭയുടെ ദൗത്യവും എന്നും ഇതുതന്നെയാണ്. ഈശോയിലേക്ക് മനുഷ്യഹൃദയങ്ങളെ അടുപ്പിക്കുക. സമയമാകുമ്പോള്‍ അവന്‍ സഹായിക്കും എന്ന് പരിശുദ്ധ മറിയം ഉറപ്പു തരുന്നു. ദൈവത്തിന്റെ സമയം കാത്തിരിക്കാന്‍ അന്ന് മറിയം കാനായിലെ ജനങ്ങളെ പഠിപ്പിച്ചു. ഇന്ന് സഭ ആ പ്രബോധനം തുടരുകയാണ്.

തിരുവചനത്താല്‍ നെയ്യപ്പെട്ട ഒരു വസ്ത്രമായി ബൈബിള്‍ പരിശുദ്ധ മറിയത്തെ അവതരിപ്പിക്കുകയാണ്. വചനം ഹൃദയത്തില്‍ സ്വീകരിക്കുകയും വചനത്താല്‍ നിരന്തരം രൂപപ്പെടുത്തുകയും ചെയ്തപ്പോള്‍ പരിശുദ്ധ മറിയം ഭൂമിയിലെന്നപോലെ സ്വര്‍ഗത്തിലും ദൈവവുമായി അടുത്തിരിക്കാന്‍ അവള്‍ സ്വര്‍ഗ്ഗാരോപിതയായി. പരിശുദ്ധ മറിയത്തെപ്പറ്റിയുള്ള ശരിയായ അറിവ് ക്രിസ്തുനാഥനോടുള്ള വിശ്വാസവും സ്‌നേഹവും വര്‍ദ്ധിപ്പിക്കുന്നതിനാല്‍ പരിശുദ്ധ മറിയത്തെ പ്രഘോഷിക്കുന്നത് ഉത്തമമായ സുവിശേഷപ്രഘോഷണം തന്നെയാണ്. സത്യത്തില്‍, മറിയത്തിന്റെ സ്‌തോത്രഗീതത്തിലെ ദര്‍ശനം സഭയുടെ തന്നെ ദര്‍ശനമാണ്. ദരിദ്രരോടു പക്ഷം ചേരുന്ന ദൈവത്തിന്റെ നിഴലായി ഭൂമിയില്‍ വര്‍ത്തിക്കേണ്ടവളാണ് സഭ. ഫ്രാന്‍സിസ് പാപ്പായുടെ ‘ലൗദാത്തോ സീ’ ഈ സ്‌തോത്രഗീതത്തിന്റെ തന്നെ തുടര്‍ച്ചയല്ലേ?

തന്റെ കടിഞ്ഞൂല്‍ പുത്രന് ജന്മം നല്‍കാനായി നിറവയറുമായി നടന്ന അമ്മയ്ക്ക് സത്രത്തില്‍പോലും ആരും ഇടം നല്‍കിയില്ല. രക്ഷകനെ ഉദരത്തിലും ഹൃദയത്തിലും വഹിച്ച നിമിഷം മുതല്‍ ഈ അമ്മയുടെ നിസ്സഹായാവസ്ഥ ആരംഭിക്കുകയായിരുന്നു. കാലികള്‍ക്കിടയില്‍ മനുഷ്യപുത്രന് ജന്മം നല്‍കിയെങ്കിലും ബത്‌ലഹേമിലെ നിസ്സഹായാവസ്ഥ തുടര്‍ന്നും ഈ അമ്മയെ പിന്തുടരുകയായിരുന്നു. പിറന്നുവീണ രക്ഷകന്റെ ജീവനെടുക്കാന്‍ കാത്തുനിന്ന നരാധിപന്മാരില്‍ നിന്നും ഒളിജീവിതത്തിനായി നസ്രത്തിലേക്കുള്ള യാത്രയാണ് പിന്നീടുണ്ടാകുന്നത്. അമ്മയുടെ ചലനം ഇവിടംകൊണ്ടും നിലച്ചില്ല. പന്ത്രണ്ടുവയസ്സിലെ കാണാതാകലില്‍ പുത്രനെ തേടി ദിവസങ്ങള്‍ താണ്ടിയ യാത്രകളും ഒടുവില്‍ കാല്‍വരി വരെ പിന്‍തുടര്‍ന്ന കുരിശിന്റെ വഴിയിലെ നെടുവീര്‍പ്പുകളും ‘ഇതാ കര്‍ത്താവിന്റെ ദാസി’ എന്ന പ്രത്യുത്തരത്തോട് ചേര്‍ത്തുവയ്ക്കുന്ന സുവിശേഷമായിരുന്നു.

വചനം ഹൃദയത്തില്‍ സംഗ്രഹിച്ച് യാത്ര തുടങ്ങിയ പരിശുദ്ധ മറിയം വ്യാകുലവാളുകള്‍ ആ ഹൃദയത്തെ മുറിപ്പെടുത്തിക്കൊണ്ടിരുന്നപ്പോഴും പതറിയില്ല; പരാതിപ്പെട്ടില്ല; പിന്മാറിയില്ല. കുരിശോളം പിന്നെ സ്വപുത്രന്റെ ജീവന്‍ വെടിഞ്ഞ തിരുശരീരം സ്വന്തം മടിത്തട്ടില്‍ കിടത്തിയപ്പോഴും മൂകമായ ഭാഷയില്‍ എല്ലാം സഹിച്ച് മാതൃവാത്സല്യം എല്ലാവര്‍ക്കുമായി പങ്കുവച്ചുകൊടുത്തു. ഫലമോ? പുത്രന്റെ സ്വര്‍ഗാരോഹണം പോലെ ഈ അമ്മയും പുത്രസന്നിധിയിലേക്ക് സ്വര്‍ഗ്ഗാരോപിതയായി. ഒടുവില്‍ രക്ഷ സാധ്യമായി എല്ലാം സദ്വാര്‍ത്തയാകുമ്പോഴും ഇതൊക്കെ ഉള്‍ക്കൊള്ളുന്ന മനുഷ്യര്‍ പ്രാര്‍ത്ഥിക്കാനും മാനസാന്തരപ്പെടാനും വിമുഖത കാണിക്കുകയാണ്. ഈ അലസതയും പിന്‍മാറ്റവുമെല്ലാം ഈ അമ്മയെ വീണ്ടും വ്യാകുലപ്പെടുത്തുകയാണ്. അതുകൊണ്ടാണ് അര്‍ജന്റീനയിലെ ഗ്ലാസിഡ് ക്വിറോഗാ ഡി മോട്ടാ എന്ന യുവതിക്ക് അമ്മ പ്രത്യക്ഷപ്പെട്ടപ്പോള്‍ പറഞ്ഞത്: ”പ്രാര്‍ത്ഥിക്കാനും മാനസാന്തരപ്പെടാനുമുള്ള എന്റെ ക്ഷണം പലരും സ്വീകരിക്കുന്നില്ല. അതിനാല്‍ സാത്താന്റെ പ്രവര്‍ത്തനം വളരുകയും വ്യാപിക്കുകയും ചെയ്യുന്നു.”

സാത്താന്റെ പ്രലോഭനങ്ങളില്‍ നിന്നുള്ള വിടുതല്‍ ശക്തിയാണ് ചലിക്കുന്ന ബൈബിളായ ജപമാല. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ഒരാളെയും മാതാവ് കൈവെടിയില്ല. തന്റെ ഉത്തരീയത്തിനുള്ളില്‍ അവരെയൊക്കെ സംരക്ഷിക്കും. വചനം നിറവേറ്റിയ കര്‍ത്താവിന്റെ ദാസിയുടെ പ്രാര്‍ത്ഥനയ്ക്ക് പുത്രനായ ദൈവം പരിശുദ്ധാത്മാവായ ദൈവത്തിലൂടെ പിതാവായ ദൈവത്തില്‍ നിന്നും അനുഗ്രഹങ്ങള്‍ അളവില്ലാതെ വര്‍ഷിച്ചു നല്‍കും. നന്മനിറഞ്ഞ മറിയത്തിന്റെ വിനീത മനോഭാവം നമ്മിലും നിറയണമെന്നു മാത്രം. ”അങ്ങയുടെ വചനം പോലെ എന്നില്‍ നിറവേറട്ടെ’യെന്ന് വിനീതഭാവം. ഈ പ്രത്യുത്തരം നമ്മുടെ ജീവിതത്തെയും സുവിശേഷമാക്കി മാറ്റും.

ജോസ് ക്ലെമെന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.