ജപമാല മധുരം – ഒക്ടോബർ 24: ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ..

അത്താണി

ഫാ. അജോ രാമച്ചനാട്ട്

കോട്ടയത്തേയ്ക്ക്‌ എത്തുന്നതിനുമുൻപ് കഞ്ഞിക്കുഴിക്കും മുൻപാണ്, വഴിയിൽ ആ കാഴ്ച ഉള്ളത്. ഒരാൾ പൊക്കത്തിൽ രണ്ട് കൽത്തൂണുകളിൽ ഉറപ്പിച്ചിട്ടുള്ള വലിയൊരു പരന്ന കല്ല് – പേര് അത്താണി. പഴയ കാലത്ത് തലയിൽ ചുമടുമായി യാത്ര ചെയ്തിരുന്നവർക്ക് ഇടയ്ക്ക് ചുമട് ഒന്നിറക്കി വച്ച് വിശ്രമിക്കാൻ ഉള്ള സംവിധാനം. ഇപ്പോഴത് അവിടെ ഉണ്ടാകുമോ ആവോ. അല്ലെങ്കിലും നഗരവത്കരണത്തിനും, വികസനത്തിനും മുൻപിൽ എന്ത് പഴമ, എന്ത് അത്താണി !

ലുത്തിനിയ മുഴുവൻ രണ്ടേ രണ്ട് വാക്കുകളുടെ ആവർത്തനമാണ് – “ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ”.
തീർത്തും നിർവികാരമായ അടക്കം പറച്ചിലുമുതൽ നിലവിളിയുടെ തലം വരെ. ഓരോ വീട്ടിലും ഓരോ സാഹചര്യത്തിലും ഈ പ്രാർത്ഥനയ്ക്ക് ഒരുപാട് ഭാവങ്ങളാണ്..

ഒന്ന് സത്യമാണ്, ഏതൊക്കെയോ ഇടങ്ങളിൽ ആരൊക്കെയോ ചങ്ക്‌ പൊട്ടിത്തന്നെ നിലവിളിക്കുന്നുണ്ട്.. കുടുംബത്തെയോർത്തും, കുഞ്ഞുങ്ങളെയോർത്തും, സ്വന്തം ആത്മാവിനെയോർത്തുമൊക്കെ.

നിലവിളിക്കുന്നവന്റെ മുൻപിൽ മറിയം അത്താണി ആവുകയാണ്. ജീവിതയാത്രയിൽ ചുമട് ഇറക്കി വയ്ക്കാൻ ഒരിടം. ജീവിതത്തിന്റെ അലച്ചിലുകളിൽ ഒന്ന് ചേർന്ന്നിന്ന് ആശ്വസിക്കാൻ ഒരു അമ്മ മനസ്സിന്റെ തണൽ.
അല്ലെങ്കിലും, “എനിക്ക് വേണ്ടി പ്രാർത്ഥിക്കണം” എന്ന് ആരെങ്കിലും സങ്കടപ്പെട്ടു പറഞ്ഞാൽ നമുക്ക് പിന്നെ, സമാധാനമുണ്ടാകുമോ?

ജീവൻ വേർപെട്ട് പോകുമ്പോഴും കുരിശിൽ നിന്ന് അടർന്നു വീഴുന്ന ആ നേർത്ത ശബ്ദം, “ഇതാ നിന്റെ, അമ്മ” – എന്നോടും നിന്നോടും തന്നെയാണ് സുഹൃത്തേ. ജീവിതച്ചുമട് കൊണ്ട് തളർന്നുവീഴാൻ പോകുന്നവന് അത്താണിയാണ് ഈ  നല്ലയമ്മയെന്ന്.

അതുകൊണ്ട് ധൈര്യത്തോടെ, അവകാശബോധത്തോടെ ഇനി മുതൽ പ്രാർത്ഥിക്കാം. “ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ” !!

കൃപനിറഞ്ഞ ജപമാലയനുഭവം… എത്രയും സ്നേഹപൂർവ്വം ..

ഫാ. അജോ രാമച്ചനാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ