ജപമാല കത്തോലിക്കസഭയുടെ അലങ്കാരം

റോസിന പീറ്റി

ജപമാല ക്രിസ്തുകേന്ദ്രീകൃതമാണെന്ന് കത്തോലിക്കാരായ നാം അറിയുകയും അമ്മയുടെ മാദ്ധ്യസ്ഥം തേടി നമ്മൾ പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ ഒരു കൂട്ടം ആൾക്കാർ എന്തിനാണ് രോഷം കൊള്ളുന്നത്? ദൈവകൃപ നിറഞ്ഞവളുടെ മാദ്ധ്യസ്ഥം തേടി ക്രിസ്തുവിലേക്കു എത്താൻ ജപമാലപോലെ നല്ല വഴി മറ്റെന്തുണ്ട് ?അപ്പസ്തോലന്മാരും, വിശുദ്ധരും സഭാപിതാക്കന്മാരുമൊക്കെ ക്രിസ്തുവിന്റെ മുഖം സഭാതനയർക്കു വ്യക്തമാക്കി തന്നിട്ടുണ്ടെങ്കിലും പരിശുദ്ധ മറിയത്തെപോലെ ക്രിസ്തുവിനെ അറിഞ്ഞവൾ ഈ ഭൂമിയിൽ വേറെ ആരുണ്ട്? നൊന്തുപെറ്റ അമ്മയിൽ നിന്ന് മക്കൾ എന്തെല്ലാം മറയ്ക്കാൻ ശ്രമിച്ചാലും, മക്കളുടെ പെരുമാറ്റത്തിൽ നിന്നും മുഖഭാവത്തിൽനിന്നും ഒക്കെ ഒരമ്മയ്ക്ക്‌ എന്തെല്ലാം വായിച്ചെടുക്കാനാവും!! സ്വന്തം പുത്രനെ അറിയാൻ അമ്മയ്ക്കല്ലാതെ മറ്റാർക്കാണ് ആവുക? എങ്കിലും എല്ലാം ഹൃദയത്തിൽ സംഗ്രഹിക്കാൻ അമ്മമാർക്കാവും.

ജപമാല ചൊല്ലാൻ ബൈബിളിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത് ? ദൈവത്തിങ്കലെത്താൻ മറ്റൊരു മദ്ധ്യസ്ഥയുടെ ആവശ്യമെന്ത് ?മാതാവിനെ വിളിച്ചു എന്തിനു പ്രാർത്ഥിക്കണം എന്നൊക്കെ ആക്രോശിക്കുന്നവരോട് ഒന്ന് ചോദിക്കട്ടെ: നിങ്ങളെന്തിനാണ് വീടുകൾ തോറും കയറി ഇറങ്ങി അവിടെയുള്ള രോഗികൾക്കും കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിക്കുന്നത്? ജീവിത ക്ലേശങ്ങളിൽ മറ്റുള്ളവരുടെ പ്രാർത്ഥന തേടുന്നത്? ഒരു നല്ല കാര്യത്തിന് ഇറങ്ങി പുറപ്പെടുമ്പോൾ സ്വന്തം അമ്മയോട്, ഭാര്യയോട്, കൂട്ടുകാരോട് പ്രാർത്ഥിക്കണം എന്ന് പറയുന്നത്? ഇതും മദ്ധ്യസ്ഥ പ്രാർഥനയല്ലേ? ഒരാൾ മറ്റൊരാൾക്കുവേണ്ടി പ്രാർത്ഥിക്കുന്നത് മദ്ധ്യസ്ഥപ്രാർത്ഥന അല്ലേ?

സ്വന്തം അമ്മയും കൂട്ടുകാരും കുടുംബക്കാരും നിങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നതിൽ ആശങ്ക തെല്ലും ഇല്ലാത്തവർ, ദൈവകൃപ നിറഞ്ഞവളുടെ മാദ്ധ്യസ്ഥം ഞങ്ങൾ തേടുന്നതിൽ ആശങ്കപ്പെടുന്നതെന്ത്? അലസരും ജഡികരുമായ മനുഷ്യന്റെ മദ്ധ്യസ്ഥ പ്രാർത്ഥനയിൽ സംതൃപ്തി കൊള്ളുന്നവർ ക്രിസ്തുവിന്റെ അമ്മയുടെ പ്രാർത്ഥന തേടുന്നതിൽ ലജ്ജിതരാകുന്നതെന്തേ? ദൈവീക രക്ഷാകര പദ്ധതിയിൽ പരിശുദ്ധ അമ്മയുടെ പങ്ക് പരിശുദ്ധ ത്രീത്വം അംഗീകരിച്ചുവെങ്കിൽ ക്രിസ്തുവിന്റെ രണ്ടാം വരവിലും പരിശുദ്ധ അമ്മതന്നെ ജനപദങ്ങളെ ഒരുക്കിയിരിക്കും!!

കുടുംബങ്ങളിലെ ജപമാല പ്രാർത്ഥന എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യാൻ പര്യാപ്തമാണ്.ജപമാലയിൽ പരിശുദ്ധ അമ്മയോടുകൂടെ ക്രിസ്തുവിന്റെ രക്ഷാകര രഹസ്യങ്ങളെ ആണ് ധ്യാനിക്കുന്നത് . ക്രിസ്തുവിന്റെ സ്ഥാനം ഏറ്റെടുത്തു ആരാധിക്കപ്പെടുന്നവൾ അല്ല മറിയം ,മറിച്ച് ,ശൂന്യനായി തീർന്ന ക്രിസ്തുവിനെ ഉൾകൊള്ളാൻ ദാസിയായി തീർന്നവളാണ് മറിയം . ഫ്രാൻസിലെ ലൂർദിൽ മാതാവ് പ്രത്യക്ഷപെട്ട സ്ഥലം കാണുക , അവിടെ സഭയേയും സക്രാരിയേയും സംവഹിച്ചുനിൽക്കുന്ന മാതാവ് ആണവൾ. ഇത്രയേറെ ചെറുതായവളിൽ അല്ലാതെ മാറ്റാരിലാണ് ക്രിസ്തു അവതരിക്കേണ്ടത് ? തിരുസഭയിൽ ക്രിസ്തുവിനെ പ്രദാനം ചെയ്യുന്ന മാതാവ് കത്തോലിക്കാ സഭയുടെ അലങ്കരമാണ്…

ക്രിസ്തുവിനെ അനുകരിക്കുന്നവർ തിരസ്കരിക്കേണ്ടത് അവനു ആലയമായി തീർന്ന മറിയത്തെയല്ല, മറിച്ച് അവന്റെ ശത്രുക്കളെയാണ്. ദുർബലമായി പോകുന്ന ഓരോ വ്യക്തികളെയും ശക്തിപ്പെടുത്താൻ ജപമാലറാണിക്കാവും. 18 മാസം ഭീകരരുടെ തടവറയിൽ കഴിഞ്ഞ ഫാദർ ടോം ഉഴുന്നാലിൽ എന്താണ് നമ്മളോട് പങ്കുവെച്ചത്,,? ജപമാല ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്നല്ലേ? ഇരുട്ടിന്റെ മറവിൽ കഴിഞ്ഞിരുന്ന ആ കാലമത്രയും അദ്ദേഹത്തിനു തുണയായി മാറിയത് ജപമാല രാജ്ഞി ആയിരുന്നു. അതുപോലെ തടവറകളിൽ ഒറ്റപ്പെട്ടു കഴിഞ്ഞവർക്ക് ജപമാല ആശ്വാസമായതായി എത്രയോപേർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. തിന്മയിൽ നിന്ന് കരകയറുവാൻ ആശിക്കുന്നവർക്കും ക്രിസ്തുവിനെ അറിയുവാൻ ദാഹിക്കുന്നവർക്കും ജപമാല എന്നും ആയുധമാണ്. ഒറ്റപ്പെട്ട ദീർഘമായ യാത്രയിൽ ജപമാല നമുക്ക് തുണയാണ്. അപകടത്തിൽപെട്ട് ചിന്നഭിന്നമായ കാറിൽ നിന്നും ജപമാല ചൊല്ലി പ്രാർത്ഥിച്ചു യാത്ര ചെയ്ത് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടത് സാക്ഷ്യപ്പെടുത്തിയത് ഓർക്കുന്നു.

വചനത്താൽ കൊരുത്ത ജപമാലയിൽ ദൈവകൃപ കുടികൊള്ളുന്നു. ക്രിസ്തുവിനെ നിരന്തരം വീക്ഷിക്കുന്ന മറിയത്തോടുകൂടെ ക്രിസ്തുവിനെ അനുഗമിക്കുക എന്നതാണ് ഓരോ ക്രൈസ്തവന്റെയും അത്യന്തികമായ ലക്ഷ്യം. ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്ത ഭാഗ്യവതിയായ മറിയത്തിൽ ദൈവം രൂപപ്പെട്ടു എങ്കിൽ അവൾ അത്രമാത്രം ദൈവപ്രീതി ഉള്ളവൾ ആയിരുന്നിരിക്കണം… ഈ അമ്മയുടെ കൈപിടിച്ച് രക്ഷയുടെ കവാടത്തിലേക്ക് നമുക്കും എത്താം. ഒക്ടോബർ മാസം ഇവിടെ അവസാനിക്കുകയാണ്. ജപമാല ഒരു മാസത്തേക്ക് മാത്രം ഒരുക്കിയിരിക്കുന്നതല്ല, ക്രിസ്തുവിലേക്ക് യാത്ര തുടർന്നു കൊണ്ടിരിക്കുന്ന നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഓരോ ദിവസവും ആവർത്തിച്ച് പ്രാർത്ഥിക്കേണ്ട ജപമാല ഒരിക്കലും കൈവെടിയാതെ ഇരിക്കാം.

റോസിന പീറ്റി 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ