ജപമാല: മനുഷ്യകല്പിതമല്ലാത്ത പ്രാര്‍ത്ഥന

”എല്ലാ സന്ധ്യാസമയങ്ങളിലും ജപമാല ചൊല്ലുന്ന കുടുംബം എത്ര മനോഹരമാണ്”                 – വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ

പൂര്‍ണത കൈവരിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ആ മാര്‍ഗത്തിലേക്ക് പ്രവേശിക്കാനുള്ള സുരക്ഷിതമായ കവാടമാണ് ജപമാല. ജപമാല കരങ്ങളിലും, ജപമാല പ്രാര്‍ത്ഥന അന്തരംഗങ്ങളിലുമുള്ളവര്‍ക്ക് സംരക്ഷണത്തിനായി മറ്റൊരു ഊന്നുവടിയുടെ ആവശ്യമില്ല. അതുകൊണ്ടുതന്നെ പുണ്യമാര്‍ഗത്തില്‍ ചരിക്കുന്നവനും പാപിക്കും, പാമരനും പണ്ഡിതനും, സാക്ഷരനും നിരക്ഷരനും, സ്ത്രീക്കും പുരുഷനും ഒരുപോലെ പ്രാപ്യമായ ഒരു പ്രാര്‍ത്ഥനയാണ് ജപമാല. പരിശുദ്ധ അമ്മയുടെ രൂപവും ഭാവവും തന്നെയാണ് ഇതില്‍ കണ്ടെത്താനാകുന്നത്. വിജ്ഞാനത്തിന്റെയും അറിവിന്റെയും തലങ്ങളില്ലാതെ ഒരുമിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ എല്ലാവര്‍ക്കും സ്വീകാര്യമാകുന്ന പ്രാര്‍ത്ഥനയായി ജപമാല മാറുന്നു. അതിന്റെ ലാളിത്യവും ശക്തിയും അത്രയ്‌ക്കേറെയുണ്ടെന്നുള്ളതാണ് ഇത് വെളിപ്പെടുത്തുന്നത്.

ജപമാല അതില്‍ തന്നെ പൂര്‍ണവും സുന്ദരവുമായതിനാല്‍ കാലദേശങ്ങള്‍ക്കതീതമായി എപ്പോള്‍ വേണമെങ്കിലും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാവുന്ന മനോജ്ഞ പ്രാര്‍ത്ഥനയാണ്. ജപമാല പ്രാര്‍ത്ഥന മനുഷ്യകല്പിതമല്ലായെന്നതാണ് ഇതിന്റെ ഏറ്റവും മനോഹരമായ യാഥാര്‍ത്ഥ്യം. അതിനാല്‍ തന്നെ ‘നന്മനിറഞ്ഞ മറിയത്തില്‍’ രൂപപരിണാമങ്ങള്‍ വരുത്തി പരിഷ്‌ക്കരിക്കാന്‍ മനുഷ്യനാകുന്നില്ല. അതിനുള്ള അവകാശമില്ലെന്നു പറയുന്നതായിരിക്കും കൂടുതല്‍ യോഗ്യം. തിരുസ്സഭയുടെ പൈതൃകത്തിന്റെ ഭാഗമാണിത്.

ഒരമ്മ തന്റെ കുഞ്ഞിനു നല്‍കുന്ന കരുതലിന്റെയും സംരക്ഷണത്തിന്റെയും ഉറപ്പേകുന്ന ബലമാണ് ജപമാല പകര്‍ന്നു തരുന്നത്. ഏകാഗ്രതയോടെ മനസും ശരീരവും പൂര്‍ണമായി ജപമാല പ്രാര്‍ത്ഥനയില്‍ സമര്‍പ്പിച്ചാല്‍ പരിശുദ്ധ മറിയം കടാക്ഷിക്കുക തന്നെ ചെയ്യും. മക്കളുടെ ആവശ്യങ്ങളറിയുന്ന ആ അമ്മ പുത്രന്‍വഴി ഒരു മടുപ്പുമില്ലാതെ തന്റെ മക്കളുടെ ആവശ്യങ്ങള്‍ യാചിച്ചു വാങ്ങിത്തരും. ഒരു ഉപാധി മാത്രമേ അമ്മ മക്കള്‍ക്കു മുന്നില്‍ വയ്ക്കുന്നുള്ളൂ. ‘അവന്‍ പറയുന്നതുപോലെ ചെയ്യുക.’ അവന്‍ പറയുന്നതുപോലെ ആരൊക്കെ എവിടെയൊക്കെ നിര്‍വ്വഹിച്ചിട്ടുണ്ടോ അവിടെയൊക്കെ അത്ഭുത നിറവും അനുഗ്രഹങ്ങളുടെ വരമാരിയും ഉണ്ടായിട്ടുണ്ട്. ഇതൊരു കാലഘട്ടത്തേയ്ക്കു മാത്രമുള്ളതല്ല. എന്നും എപ്പോഴും ഈ അനുഗ്രഹങ്ങള്‍ക്ക് പ്രാപ്യരാണ് വിശ്വാസികള്‍. കാലിക്കുടങ്ങളില്‍ വക്കോളം വെള്ളം നിറച്ചപ്പോഴാണ് വീര്യമുള്ള വീഞ്ഞായി മാറിയത്.

ദൈവത്തെ സ്വന്തം ഉദരത്തില്‍ വഹിക്കുകയും സംരക്ഷിച്ച് പോറ്റി വളര്‍ത്തുകയും നഷ്ടപ്പെട്ടെന്നു കരുതിയപ്പോള്‍ ദുഃഖഭാരത്താല്‍ തേടിയലഞ്ഞ് കണ്ടെത്തുകയും ഒടുവില്‍ കാല്‍വരിയില്‍ കുരിശോളം എത്തി നില്‍ക്കാനും ശ്രമിച്ച പരിശുദ്ധ മറിയത്തെപ്പോലെ ദൈവത്തെ അനുഭവിച്ച മറ്റാരുമുണ്ടാകില്ല. അതിനാല്‍ തന്നെ ഈ അമ്മയുടെ ജീവിതം ഒരു പ്രാര്‍ത്ഥനയായിരുന്നു. അതല്ലേ വചനം മാംസം ധരിച്ച് ആ ഉദരത്തില്‍ സംവഹിച്ചത്. മറിയത്തോടൊപ്പം ആയിരിക്കുന്നത് തന്നെ ഒരു പ്രാര്‍ത്ഥനയാണ്. പലപ്പോഴും നമ്മുടെ പ്രാര്‍ത്ഥനകള്‍ അതിരുവിട്ടുപോകാറുണ്ട്. അര്‍ത്ഥനകളും പ്രാര്‍ത്ഥനകളും വിവേചിച്ചറിയാന്‍ നമുക്ക് പലപ്പോഴും കഴിയാതെ പോകുന്നുണ്ട്. പലചരക്ക് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ കുറിച്ചിടുന്ന വലിയ ചീട്ടിനു സമാനമാണ് നമ്മുടെ അര്‍ത്ഥനകള്‍. ആവശ്യവും അത്യാവശ്യവും അധികാവശ്യങ്ങളുമൊക്കെ ഈ നീണ്ടപട്ടികയിലുണ്ടാകും. എന്നാല്‍ നമ്മുടെ ആവശ്യങ്ങള്‍ നമുക്ക് മുമ്പേ അറിയാവുന്നവനാണ് നമ്മുടെ തമ്പുരാനെന്ന ബോധ്യം നമുക്കില്ല. അതിനാലാണ് ഇത്തരത്തിലുള്ള ആവശ്യങ്ങളുടെ നീണ്ട ലുത്തിനിയകള്‍ നിരത്തുന്നത്. വിശ്വാസത്തോടെ അര്‍ത്ഥനകളുടെ ബാഹുല്യങ്ങളൊന്നുമില്ലാതെ നന്മനിറഞ്ഞ മറിയത്തിന്റെ പ്രാര്‍ത്ഥന ഭക്തിയോടും വിശ്വാസത്തോടും കൂടെ സമര്‍പ്പിച്ചു കാഴ്ചവച്ചാല്‍ ആവശ്യങ്ങള്‍ അളവില്‍ കവിഞ്ഞവിധം അനുഗ്രഹരൂപേണ ലഭ്യമാകും. മിക്കവാറും നമ്മുടെ പ്രാര്‍ത്ഥനകളില്‍ പ്രകടമാകുന്നത് ഇല്ലാത്തതിനുവേണ്ടിയും ഇഷ്ടമില്ലാത്തതൊക്കെ മാറ്റപ്പെടുന്നതിനും ജീവിതപ്രാരാബ്ധങ്ങളില്‍ നിന്നെല്ലാം സമ്പൂര്‍ണമോചനം ലഭിക്കാനുമാണ്. ഇത് പ്രാര്‍ത്ഥനയല്ലായെന്ന തിരിച്ചറിവ് ഇല്ലാതെ പോകുന്നു. അതിനാല്‍ നിവേദനങ്ങള്‍ സമര്‍പ്പിച്ചുകൊണ്ടേയിരിക്കുകയാണ്.

നമുക്കര്‍ഹമായവയ്ക്കുവേണ്ടി യാചിക്കുമ്പോള്‍ അത് ദൈവസമക്ഷം പ്രീതികരമായിത്തീരും അതാണ് പ്രാര്‍ത്ഥന. അതിനുള്ള ഏറ്റവും എളിയ പ്രാര്‍ത്ഥനാരീതിയാണ് ജപമാല പ്രാര്‍ത്ഥന. ഇത് പഠിച്ച് പരിശീലിച്ചെടുക്കേണ്ട പ്രാര്‍ത്ഥനാരീതിയല്ല. നന്മനിറഞ്ഞ മറിയത്തിന്റെ സ്തുതിപ്പുകള്‍ അന്തരംഗത്തില്‍ നിന്നും നിര്‍ഗളിക്കുമ്പോള്‍ തമ്പുരാന്റെ അമ്മയുടെ കടാക്ഷം മക്കളിലേക്ക് പതിയും. അത് നിശബ്ദതയിലായിരിക്കാം, പ്രത്യക്ഷ ദര്‍ശനങ്ങളിലൂടെയായിരിക്കാം, ഒരുപക്ഷേ അനുഗ്രഹരൂപത്തില്‍ അത്ഭുതങ്ങളിലൂടെയായിരിക്കാം.

‘പരിശുദ്ധ കന്യകയുടെ ജപമാല’ എന്ന ചാക്രികലേഖനത്തില്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ പറയുന്നു: ”മിണ്ടാമഠങ്ങളില്‍ കൂടുതല്‍ സമയം പ്രാര്‍ത്ഥനാവസരങ്ങള്‍ ലഭിക്കുന്നവര്‍ സമ്പൂര്‍ണ ജപമാല അര്‍പ്പിക്കട്ടെ. എന്നാല്‍ അമ്പത്തിമൂന്നുമണി ജപമാണ് അഭികാമ്യം. അതിന് ശാസ്ത്രീയമായ അടിത്തറയുണ്ട്. ലോകത്തുള്ള ഒരുകോടിയിലധികം വിശ്വാസികള്‍ ജപവഴിയിലാണ്. ജനകോടികളുടെ ഹൃദയങ്ങളില്‍ ഒരേ ദിവ്യരഹസ്യങ്ങള്‍ നിറഞ്ഞുനില്‍ക്കും. അതുലോകത്തിന്റെ മനോനിലയെ ഭരിക്കും.” ഒരു ജപമാല ചൊല്ലി ധ്യാനിക്കുമ്പോള്‍ ലോകത്തിന്റെ മനോനിലയെ നാം ക്രിസ്തുവല്‍ക്കരിക്കുന്നുണ്ടെന്നുള്ള യാഥാര്‍ത്ഥ്യം അറിഞ്ഞോ അറിയാതെയോ നാം വിസ്മരിച്ചുപോകുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ