ഒടിഞ്ഞ കൈകൾകൊണ്ട് ജപമാലയും ഉത്തരീയവും നിർമ്മിക്കുന്ന സിസ്റ്റർ 

സി. സൗമ്യ DSHJ

“ഉണർന്നിരുന്നാൽ അത്രയും സമയം കൂടി കൊന്തയും സുകൃതജപവും  ചൊല്ലാമല്ലോ. കിടന്നാൽ സമയം പോകില്ലേ?” 87 വയസായ സിസ്റ്റർ മേരി റുഫീന സി.റ്റി.സി. – യുടെ ചോദ്യമാണിത്. പരിശുദ്ധ അമ്മയിലേക്ക് അനേകരെ അടുപ്പിക്കാൻ  ജപമാലകൾ തീർക്കുന്ന ഈ സമർപ്പിത സ്വന്തം മുറിയിൽ ഇരുന്നുകൊണ്ട് കെട്ടിത്തീർക്കുന്ന ഓരോ മണിയിലും മിഷനറിമാർക്ക് വേണ്ടിയുള്ള പ്രാർത്ഥനയുണ്ട്.

മിഷനറിയാകാൻ കൊതിച്ച ജീവിതം

87 വയസിൽ എത്തി നിൽക്കുന്ന ഈ അമ്മ ജീവിതത്തിൽ തികച്ചും സന്തോഷവതിയാണ്. വി. കൊച്ചുത്രേസ്യയുടെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന ജീവിതം. സിസ്റ്റർ മേരി റൂഫിന മിഷനറിയായി ജീവിച്ചിട്ടുള്ളത് രണ്ട് വർഷങ്ങൾ മാത്രമാണ്. സി.റ്റി.സി. കോൺഗ്രിഗേഷന്റെ ബീഹാറിലുള്ള പുതിയ മിഷൻ തുടങ്ങുന്നതിന് അയയ്ക്കപ്പെട്ട 12 പേരിൽ ഒരാൾ. അവിടെ വളരെ ദൂരെ സ്ഥലങ്ങളിൽ, ക്രിസ്തുവിനെ അറിഞ്ഞിട്ടില്ലാത്തവരുടെ ഇടയിൽ ക്രിസ്തുവിനെ പകർന്ന് കൊടുക്കുവാൻ കിലോമീറ്ററുകൾ നടന്നിട്ടുണ്ട്. വിശുദ്ധ കുർബാന അർപ്പിക്കുവാൻ നടന്നും അതിനുവേണ്ട സാധനങ്ങൾ ചുമന്നും സ്ഥലത്തെത്തിക്കും. പിന്നീട് കുർബാന അർപ്പിക്കേണ്ട സ്ഥലം വൃത്തിയാക്കും. ഇങ്ങനെയാണ് തൻ്റെ കാലത്ത് മിഷൻ സ്ഥലങ്ങളിൽ ഗ്രാമപ്രദേശങ്ങളിൽ ബലി അർപ്പിച്ചിരുന്നതെന്ന് ഈ അമ്മ പറയുന്നു.

“അന്ന് ചികിത്സ സൗകര്യങ്ങൾ വളരെ കുറവാണ്. നഴ്‌സിംഗ് പഠിച്ചിട്ടില്ലെങ്കിലും പാവപ്പെട്ട ആളുകൾ വന്ന് സഹായം ചോദിക്കുമ്പോൾ നിരസിക്കാൻ തോന്നിയില്ല. വേണ്ടത്ര ഭക്ഷണവും പരിചരണവും ലഭിക്കാതെ ഒരുപാടുപേർ മരിച്ചിരുന്നു. അതിനാൽ ഞങ്ങളെ സമീപിക്കുന്നവരെ കഴിയുന്ന വിധം സഹായിക്കും. കുഷ്ഠരോഗികളും ക്ഷയരോഗികളും ആയിരുന്നു കൂടുതൽ. ഞങ്ങളുടെ മദർ പറയുമായിരുന്നു. ‘സൂക്ഷിക്കണം, ചെറുപ്പമാണ്. അസുഖം പിടിക്കരുത്.’ രക്തം ഛർദ്ദിക്കുന്നവരെയൊക്കെ എല്ലാം മറന്ന് ശുശ്രുഷിച്ചു. പകരമായി എനിക്കും കിട്ടി ക്ഷയരോഗമെന്ന സമ്മാനം. അതിനാൽ എനിക്ക് ബീഹാർ മിഷനിൽ പിന്നീട് തുടരാൻ സാധിച്ചില്ല. തിരിച്ചുപോന്നു” – ഒരു ചെറുപുഞ്ചിരിയോടെ അമ്മ പറഞ്ഞു.

ക്ഷയരോഗത്തിൽ തനിച്ചാക്കാതെ കൂടെ നിന്ന ക്രിസ്തു 

ബീഹാർ മിഷനിൽ നിന്ന് തിരിച്ചുവന്ന സിസ്റ്ററിന്റെ ആരോഗ്യ സ്ഥിതി ക്ഷയരോഗം ബാധിച്ച് കൂടുതൽ മോശമായി. സ്കൂളിൽ പഠിപ്പിച്ചുകൊണ്ടിരുന്ന സിസ്റ്റർ പഠിപ്പിക്കൽ നിർത്തി അവധി എടുത്തു. കാരണം, ക്ഷയരോഗം പകരും. വെറും 34 വയസ് അന്ന് ഈ അമ്മയ്ക്ക് ഉണ്ടായിരുന്നുള്ളു. കൂടുതൽ സമയവും മുറിയിൽ ചിലവഴിക്കും. ആരുമായും വലിയ സമ്പർക്കമൊന്നും ഇല്ല. “ആ നിശബ്തതയിലും ഏകാന്തതയിലും ക്രിസ്‌തു എൻ്റെ വലിയ കൂട്ടുകാരനായി. എന്നെ തനിയെ വിടുവാൻ അവൻ സമ്മതിച്ചില്ല” – സിസ്റ്റർ പറയുന്നു.

കൂടെയുള്ള സിസ്റ്റേഴ്സ് എന്നെ നന്നായി പരിചരിക്കുമായിരുന്നു. നല്ല ഭക്ഷണം എനിക്ക് മാത്രമായി തന്നു. ആരോഗ്യം വീണ്ടെടുക്കുവാൻ അവർ തങ്ങൾക്ക് ആവുന്ന വിധം പരിശ്രമിച്ചു. അമ്മ ഇന്നും തൻ്റെ സഹോദരിമാരെ നന്ദിയോടെ ഓർക്കുന്നു. എങ്കിലും ആരോഗ്യം ക്രമേണ ക്ഷയിച്ചുകൊണ്ടിരുന്നു. കൈകാലുകൾ നീരുവെച്ച് തുടങ്ങിയാൽ പിന്നെ മരിക്കാറായ ഒരു അവസ്ഥയിലേക്ക് ക്ഷയം ബാധിച്ച രോഗി അടുത്തു എന്നാണ് പറയുന്നത്. എന്റെ കൈകാലുകളും ഇതുപോലെ നീരുവെച്ച് തുടങ്ങി. എല്ലാവരും പ്രതീക്ഷ കൈവിട്ട സമയം ക്രിസ്തു എനിക്ക് സൗഖ്യം തന്നു. ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വന്നു. പരിശോധിച്ച ഡോക്ടർമാർ പോലും അതിശയിച്ചു പോയി, അദ്ഭുതകരമായ ഈ സൗഖ്യം കണ്ടിട്ട്.

വാർദ്ധ്യക്യത്തിലും വിശ്രമമില്ലാതെ

രാവിലെ മൂന്നരയോടെ ഈ അമ്മയുടെ ദിനചര്യ ആരംഭിക്കും. എല്ലാവരും എഴുന്നേല്കുന്നതിന് മുമ്പ് തന്നെ ഈ സിസ്റ്റർ കപ്പേളയിൽ എത്തും. ഒന്നര മണിക്കൂർ വ്യക്തിപരമായ പ്രാർത്ഥന. അതിനുശേഷം സമൂഹ പ്രാർത്ഥനയിലേക്ക് കടക്കും. ഏകാന്തതയിൽ ഈശോയുടെ ഒപ്പം ആയിരിക്കുക എന്നത് അമ്മയ്ക്ക് നിർബന്ധമാണ്. തനിയെ നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണിപ്പോൾ. എന്നിരുന്നാലും വിശ്രമമില്ലാതെ ജപമാല ഉണ്ടാക്കും. എൻ്റെ രണ്ട് കൈയ്യും മുൻപ് ഒടിഞ്ഞതാണ്. എങ്കിലും ജപമാല ഉണ്ടാക്കുമ്പോൾ ക്ഷീണമില്ല. ജപമാല ചൊല്ലി അനേകർ രക്ഷപെടണമെന്ന ആഗ്രഹമാണ് മനസു നിറയെ. മാതാവ് എനിക്ക് അതിനുവേണ്ട ശക്തി നൽകുന്നുണ്ട്.” സിസ്റ്റർ മേരി റൂഫിന പറഞ്ഞു.

ജപമാല കെട്ടുമ്പോൾ മുഴുവൻ ഈ സിസ്റ്റർ എല്ലാ മിഷനറിമാർക്ക് വേണ്ടി പ്രാർത്ഥിക്കും. ജപമാല ചൊല്ലുകയോ സുകൃതജപം ചൊല്ലുകയോ ചെയ്യും. “വിശ്രമമില്ലാതെ കൊന്ത കെട്ടുന്നതുകൊണ്ട് ഇപ്പോൾ മദർ ദിവസവും മൂന്ന് മണിക്കൂർ പകൽ വിശ്രമിക്കണമെന്ന് നിർബന്ധം പറഞ്ഞിരിക്കുകയാണ്. വേറൊരു ജോലിയും ചെയ്യാനുള്ള ആരോഗ്യം ഇല്ല. എന്നാലും എൻ്റെ മാതാവിനുവേണ്ടി ഞാൻ കൊന്ത കെട്ടും. ഇതുവഴി ഏതെങ്കിലും ഒരു ആത്മാവിനെ എങ്കിലും രക്ഷപെടുത്താൻ കഴിയുമെന്ന വിശ്വാസമുണ്ട്” അമ്മ സന്തോഷത്തോടെ പറയുന്നു.

പഴയകാലത്ത് വിശ്വാസികളുടെ ആയുധമായിരുന്നു ജപമാലയും ഉത്തരീയവും ധരിക്കുന്നത്. എന്നാൽ ഇന്ന് ഈ രീതിയ്ക്ക് ഒരുപാട് മാറ്റം സംഭവിച്ചിരിക്കുന്നു. കാലഹരണപ്പെടാതെ കാത്തുസൂക്ഷിക്കേണ്ട ചില ഓർമ്മപ്പെടുത്തലുകൾ റൂഫിനാമ്മ നമുക്ക് നൽകുന്നുണ്ട്. തൻ്റെ  മഠത്തിനുള്ളിൽ മാത്രം ജീവിച്ച്  അനേകം ആത്മാക്കളെ നേടാനാവുമെന്ന് ഇന്നത്തെ തലമുറയ്ക്ക് മുൻപിൽ നിശബ്‌ദം പറയുന്നുണ്ട്  ഈ അമ്മ.

സി. സൗമ്യ DSHJ