കാനഡയെ പരിശുദ്ധ മറിയത്തിന് സമര്‍പ്പിക്കാന്‍ റോസറി ബൗള്‍

72 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും മറ്റൊരു മരിയന്‍ ഭക്തിപ്രകടനത്തിന് കാനഡ സാക്ഷ്യം വഹിക്കുന്നു. ആഗസ്റ്റ് 22-ാം തീയതി, കാനഡയെ പരിശുദ്ധ കന്യകാമറിയത്തിന് സമര്‍പ്പിച്ചുകൊണ്ട് ഒട്ടാവയിലെ ലാന്‍ഡ്‌സ്ഡൗണ്‍ പാര്‍ക്കില്‍ റോസറി ബൗള്‍ നടക്കും. മരിയന്‍ ഡിവോഷണല്‍ മൂവ്‌മെന്റിന്റെ തുടക്കക്കാരായ ഡെന്നീസ് ജിറാര്‍ഡും, ഭാര്യയായ ആഞ്ജലീന ജിറാര്‍ഡുമാണ് ജപമാല പ്രാര്‍ത്ഥനയുടെ സംഘാടകര്‍. ഒട്ടാവ ആര്‍ച്ച് ബിഷപ്പ് ടെറന്‍സ് പ്രെന്റ്റര്‍ഗാസ്റ്റ് വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. കാനഡയില്‍ നടക്കുന്ന ആദ്യത്തെ റോസറി ബൗളായിരിക്കും ഒട്ടാവയിലേത്. മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ റോസറി ബൗളില്‍ പങ്കെടുക്കാനെത്തുമെന്ന് കരുതപ്പെടുന്നു.

1947-ല്‍ മരിയന്‍ കോണ്‍ഗ്രസില്‍ ഇതേ വേദിയില്‍ വച്ചായിരുന്നു കാനഡയെ, മെത്രാന്മാര്‍ മാതാവിന്റെ അമലോത്ഭവ ഹൃദയത്തിന് സമര്‍പ്പിച്ചത്. പിന്നീട് 2017-ലും നോത്രദാം കത്തീഡ്രലില്‍ വച്ച് ഇത് ആവര്‍ത്തിച്ചിരുന്നു. ബ്ലാക്ക് മാസ് പോലുള്ള സാത്താനിക പ്രവര്‍ത്തികള്‍ പരസ്യമായി പോലും അനുഷ്ഠിക്കാന്‍ തയ്യാറായി ഒരുകൂട്ടം ആളുകള്‍ രംഗത്തുവരുന്ന സാഹചര്യത്തില്‍ വിശ്വാസികള്‍ക്ക് അവയെയെല്ലാം നേരിടാനുള്ള ആത്മീയശക്തി കൂടി പ്രദാനം ചെയ്യുന്നതാവും ഈ റോസറി ബൗളെന്നും വിലയിരുത്തപ്പെടുന്നു.