ഹൈന്ദവ സ്ത്രീയെ കത്തോലിക്കയാക്കി മാറ്റിയ സംഭവം

ഒരുകാലത്ത് ക്രിസ്തുമതത്തെ എതിർത്ത ഒരു ഹിന്ദു സ്ത്രീ ഇപ്പോൾ ജപമാലയെ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും മാർഗ്ഗമായി ചേർത്തു പിടിക്കുകയാണ്. മാതാവിനോട് മാധ്യസ്ഥ്യം യാചിക്കുന്നതിനും അതിലൂടെ കത്തോലിക്കാ വിശ്വാസത്തിലേയ്ക്കും അവരെ നയിക്കുന്നതിന് ദൈവം ഉപകരണമാക്കിയത് തേനീച്ചകളെയും. ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിൽ നിന്നുള്ള സുനിത പത്രയുടെ വ്യത്യസ്തമായ വിശ്വാസാനുഭവം വായിക്കാം.

ഒരു സമയത് ക്രൈസ്തവരെയും ക്രൈസ്തവ വിശ്വാസത്തെയും തള്ളിപ്പറഞ്ഞ വ്യക്തിയായിരുന്നു സുനിത. എന്തോ ആ സമയത്ത് വിശ്വാസത്തോട് ഒരു വെറുപ്പ് അവളെ മൂടിയിരുന്നു. എന്നാൽ കാലക്രമേണ അതിൽ ചെറിയ മാറ്റങ്ങളൊക്കെ വന്നു. അതിനു ഒരു കാരണം സുനിത വിവാഹം കഴിച്ചിരുന്നത് ഒരു ക്രൈസ്തവനായ കത്തോലിക്കാ സ്‌കൂൾ അധ്യാപകനായ സുകാന്ത് നായക്കിനെ ആയിരുന്നു എന്നതാണ്. വിവാഹ ശേഷം ക്രമേണ ക്രൈസ്തവ മൂല്യങ്ങൾ പതുക്കെ പതുക്കെ തിരിച്ചറിഞ്ഞു തുടങ്ങി. കാണ്ഡമാലിലെ ഒരു പ്രധാന ഇടവകയായ റൈകിയയിലെ ഔർ ലേഡി ഓഫ് ചാരിറ്റി ദൈവാലയത്തിൽ പോകുവാനും ജപമാല ചൊല്ലി പ്രാർത്ഥിക്കുവാനും ആരംഭിച്ചു.

സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ തേനീച്ചകൾ ദൈവാലയത്തിനു സമീപത്തുള്ള മരത്തിൽ കൂടുകയും തേനീച്ചയുടെ കുത്തേറ്റ സംഭവങ്ങൾ നിരവധി ഉണ്ടാവുകയും ചെയ്തിരുന്നു. അങ്ങനെ ഇരിക്കെ ഒരിക്കൽ ദൈവാലയത്തിൽ ജപമാല ചൊല്ലി പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു സുകാന്ത് നായകും സുനിതയും. “പെട്ടന്ന് തേനീച്ചക്കൂട്ടം ഞങ്ങളെ വളഞ്ഞു. എങ്കിലും ഞങ്ങളെ അത് കുത്തുകയോ യാതൊരു വിധ ഉപദ്രവം അവമൂലം ഞങ്ങൾക്ക് ഉണ്ടാവുകയോ ചെയ്തില്ല. ദൈവീകമായ ഒരു സംരക്ഷണം ഞാൻ ആ സമയം അനുഭവിച്ചറിയുകയായിരുന്നു”- സുനിത വെളിപ്പെടുത്തുന്നു.

തുടർന്ന് ജപമാല ചൊല്ലുന്നത് തുടർന്നു. ആഴമായ ഭക്തി അവളെ ക്രൈസ്തവ വിശ്വാസത്തിലേയ്ക്ക് നയിച്ചു. ഇന്ന് ഈ പകർച്ച വ്യാധികളുടെ നടുവിലും ജപമാല ചൊല്ലി പ്രാർത്ഥിക്കുകയാണ് സുനിത. ഒപ്പം അവളുടെ ഭർത്താവ് സുകാന്ത് തന്റെ ഭാര്യ ഉത്തമ വിശ്വാസത്തിലേയ്ക്കു കടന്നു വന്നതിൽ അതിയായി സന്തോഷിക്കുകയും ചെയ്യുന്നു. ജപമാല ചൊല്ലി പ്രാർത്ഥിക്കുകയും ക്രൈസ്തവ വിശ്വാസത്തിലേയ്ക്ക് കടന്നു വരുകയും ചെയ്തതിനു ശേഷം അവളുടെ സ്വഭാവത്തിലും കാര്യമായ വ്യത്യാസങ്ങൾ പ്രകടമായി തുടങ്ങി. പരുഷമായ സ്വഭാവം മാറി ശാന്തയായും സ്നേഹവതിയായും അവർ കാണപ്പെട്ടു. കൂടാതെ ക്രൈസ്തവരോടുള്ള അവളുടെ വിദ്വേഷം മാറുകയും ചെയ്തു. സുനിതയുടെ ജീവിതം അവളുടെ ഹൈന്ദവരായ മാതാപിതാക്കളിലും മാറ്റങ്ങൾ സൃഷ്ടിച്ചു. അവളുടെ വീട്ടിലെ അംഗങ്ങളും ഇന്ന് ജപമാല പ്രാർത്ഥനയ്ക്കായി ഒത്തു ചേരുന്നു.

“കൊറോണ പകർച്ചവ്യാധി മൂലം ഇന്ന് ദൈവാലയത്തിൽ പോകാൻ കഴിയില്ല. എങ്കിലും വീട്ടിൽ കുടുംബമായി ഇരുന്നു പ്രാർത്ഥിക്കും. ഞങ്ങളുടെ ഹൃദയവും മനസ്സും ദൈവത്തിന്റെ കടന്നുവരവിനായി തുറന്നിട്ടിരിക്കുകയാണ്” -സുനിത പറയുന്നു. ഇന്ന് അവൾ തന്റെ ചുറ്റും താമസിക്കുന്ന ക്രൈസ്തവർക്കും അക്രൈസ്തവർക്കും ഇടയിൽ ഒരു മാതൃകയാണ്. കൂടാതെ ഇടവകയിലെ സജീവ അംഗമായി പ്രവർത്തിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.