മറിയത്തോടൊപ്പം മിശിഹായെ ധ്യാനിക്കലാണ് ജപമാല

നോബിള്‍ തോമസ് പാറക്കല്‍

ഫാ. നോബിൾ തോമസ് പാറക്കൽ

“സ്വര്‍ഗ്ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു, സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ, അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍, ശിരസ്സില്‍ പന്ത്രണ്ട് നക്ഷത്രങ്ങള്‍” (വെളി. 12:1).

വിശുദ്ധ ഗ്രന്ഥത്തിന്റെ കാവ്യഭാവനയില്‍ ചന്ദ്രനെ പാദപീഠമാക്കി, നക്ഷത്രങ്ങളെ ശിരസ്സിലണിഞ്ഞ് സൂര്യനെപ്പോലെ ശോഭിക്കുന്ന സുന്ദരിയായ കന്യക നമ്മുടെ കര്‍ത്താവിന്റെ മണവാട്ടിയായ തിരുസഭയാണ്. എങ്കിലും ഈ വിശുദ്ധ വചനങ്ങളുടെ ധ്യാനത്തില്‍ പരിശുദ്ധ മറിയത്തെയും നാം ഭാവന ചെയ്യാറുണ്ട്. ഏറ്റവും സുന്ദരമായ നക്ഷത്രത്തേക്കാള്‍ സുന്ദരിയായ കന്യകയെന്നാണ് ആംഗലേയ കവിയായ വില്യം വേഡ്സ്വര്‍ത്ത് പരിശുദ്ധ മറിയത്തെ വിശേഷിപ്പിക്കുന്നത്.

പരിശുദ്ധ അമ്മയുടെ ജപമാല മാസമാണ് ഒക്ടോബര്‍. “പരിശുദ്ധ ജപമാലയുടെ രാജ്ഞീ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ” എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് അമ്മയുടെ ചുറ്റും മക്കളായ നാം ഒരുമിച്ചുകൂടുന്ന സമയം. പരിശുദ്ധ ജപമാലയെക്കുറിച്ചുള്ള വിവിധങ്ങളായ ചിന്തകള്‍ ചിലപ്പോള്‍ ആക്ഷേപങ്ങളടക്കം നാം കേള്‍ക്കാറുണ്ട്. എന്താണ് ജപമാല പ്രാര്‍ത്ഥനയെന്നും ജപമാല പ്രാര്‍ത്ഥനയില്‍ സംഭവിക്കുന്നത് എന്താണെന്നും തിരിച്ചറിയാന്‍ സാധിക്കാത്തവര്‍ പരിശുദ്ധ അമ്മയെയും ജപമാല പ്രാര്‍ത്ഥനയെയും വില കുറച്ച് സംസാരിക്കാറുമുണ്ട്. അതുപോലെ തന്നെ ജപമാല പ്രാര്‍ത്ഥന ചൊല്ലുന്നവരും തങ്ങൾ എന്താണ് ചെയ്യുന്നതെന്ന ചിന്തയില്ലാതെ വെറും ഒരു ജപിക്കല്‍ മാത്രമായി ജപമാല പ്രാര്‍ത്ഥനയെ കണക്കാക്കാറുമുണ്ട്. ചൊല്ലിത്തീര്‍ക്കേണ്ട എന്തോ ഒന്നാണ് ജപമാല എന്ന് ചിന്തിക്കുന്നവരോട് ജപമാല ചൊല്ലാനുള്ളതല്ല, ധ്യാനിക്കാനുള്ളതാണ് എന്ന് സൂചിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്.

ജപമാല പ്രാര്‍ത്ഥന യഥാര്‍ത്ഥത്തില്‍ ഒരു ധ്യാനമാണ്. മറിയത്തോടൊപ്പം മിശിഹായെ ധ്യാനിക്കലാണ് ജപമാല പ്രാര്‍ത്ഥനയെന്ന് വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പഠിപ്പിക്കുന്നുണ്ട്. എന്തുകൊണ്ടാണ് മറിയത്തോടൊപ്പം മിശിഹായെ ധ്യാനിക്കുക എന്നത് സുപ്രധാനമായിരിക്കുന്നത്? കാരണം, വ്യത്യസ്തങ്ങളായ രീതിയില്‍ തന്റെ പുത്രന്റെ മുഖം മറിയത്തിന് സ്വന്തമാണ് എന്നതുതന്നെ.

– തന്റെ ഉദരത്തില്‍ മിശിഹാ രൂപം കൊണ്ട നിമിഷം മുതല്‍ മറിയത്തോളം വിശ്വസ്തമായി ആരും അവിടുത്തെ ധ്യാനിച്ചിട്ടില്ല

– ഗര്‍ഭകാലയളവില്‍ തന്റെ പ്രിയപുത്രന്റെ മുഖം അവളുടെ മനോമുകുരത്തില്‍ തെളിഞ്ഞുനിന്നിരുന്നു

– ബത്ലെഹെമില്‍ ശിശുവിന് ജന്മം നല്കി പിള്ളക്കച്ചയില്‍ പൊതിഞ്ഞ് പുൽക്കൂട്ടില്‍ കിടത്തുമ്പോള്‍ ആ തിരുമുഖത്ത് ഉറ്റുനോക്കിയിരുന്നവളാണ് മറിയം

– ആരാധനയും അത്ഭുതവും നിറഞ്ഞ കണ്ണുകളോടെ മറിയം ഈശോയെ വിടാതെ പിന്തുടര്‍ന്നിരുന്നത് നാം കാണുന്നുണ്ട്. ഏറ്റവുമൊടുവില്‍ കുരിശിന്റെ ചുവട്ടില്‍ പോലും.

ഇക്കാരണങ്ങളാലാണ് നാം മറിയത്തോടൊത്ത് മിശിഹായെ ജപമാലയിലൂടെ ധ്യാനിക്കുന്നത്. മറിയത്തോടൊപ്പം മിശിഹായെ ധ്യാനിക്കുമ്പോള്‍ നമുക്ക് അവിടുത്തെ തിരുമുഖം കൂടുതല്‍ വ്യക്തമാവുകയും ചെയ്യുന്നു. കുടുംബം ഒരുമിച്ചിരുന്നു ജപമാല ചൊല്ലുമ്പോള്‍ മിശിഹായുടെ തിരുമുഖം തെളിഞ്ഞുനില്‍ക്കുന്ന അന്തരീക്ഷം കുടുംബത്തിലുണ്ടാകുന്നു. ഓരോ കുടുംബാംഗവും മിശിഹായിലേക്ക് തങ്ങളുടെ കണ്ണുകള്‍ തിരിക്കുന്നതിലൂടെ പരസ്പരം മിഴികളിലേക്ക് നോക്കാനുള്ള കഴിവ് വീണ്ടെടുക്കപ്പെടുന്നു. അങ്ങനെ തിരുമുഖ ധ്യാനത്തിന്റെ കൃപയാല്‍ കുടുംബജീവിതം ധന്യമായിത്തീരും; നസ്രത്തിലെ തിരുക്കുടുംബത്തിന്റെ അന്തരീക്ഷം അവിടെ പുനസൃഷ്ടിക്കപ്പെടും. ഇടവകയിലും വ്യക്തിജീവിതത്തിലും വിസ്മരിക്കപ്പെടാത്ത മിശിഹായുടെ തിരുമുഖ സാന്നിദ്ധ്യം കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമായ ക്രൈസ്തവജീവിതത്തിന് നമ്മെ സഹായിക്കുകയും ചെയ്യും.

മിശിഹായെക്കുറിച്ച് മറിയത്തില്‍ നിന്ന് പഠിക്കാന്‍,
മറിയത്തോടൊപ്പം മിശിഹായില്‍ രൂപപ്പെടാന്‍,
മറിയത്തോടൊപ്പം മിശിഹായോട് പ്രാര്‍ത്ഥിക്കാന്‍,
മറിയത്തോടൊപ്പം മിശിഹായെ പ്രഘോഷിക്കാന്‍
ഓരോ ജപമാല ധ്യാനവും നമ്മെ സഹായിക്കട്ടെ.

ഫാ. നോബിള്‍ തോമസ് പാറക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.