ജപമാല: ആവര്‍ത്തനവിരസമായ പ്രാര്‍ത്ഥനയോ?

ജോസ് ക്ലമന്റ്

”നന്മ നിറഞ്ഞ മറിയം സമരസഭയുടെ മുദ്രാവാക്യവും പോര്‍വിളിയുമാണ്. നന്മ നിറഞ്ഞ മറിയം നരകത്തെ ഞെട്ടിപ്പിക്കുകയും പിശാചുക്കളെ വെറുപ്പിക്കുകയും വിറപ്പിക്കുകയും ചെയ്യുന്നു.”                  – വിശുദ്ധ ബര്‍ണാര്‍ദ്

ആവര്‍ത്തനം കൊണ്ട് വിരസത അനുഭവപ്പെടുന്ന ഒരു പ്രാര്‍ത്ഥനാമഞ്ജരിക്ക് ഈ സൈബര്‍ യുഗത്തില്‍ എന്ത് പ്രസക്തിയാണുള്ളത്? സ്വയം ചോദിക്കുകയും മറ്റുള്ളവരോട് പറയുകയും ചെയ്യുന്ന ചോദ്യമാണിത്. ജപമാലയിലെ പഞ്ചദശകങ്ങളിലൂടെ എന്താണ് പ്രദാനം ചെയ്യുന്നത്? ആവര്‍ത്തിച്ചുള്ള ഒരു ഉരുവിടല്‍ മാത്രമാണോ അത്. അതോ ഏതാനും അര്‍ത്ഥനകളുടെ ആവര്‍ത്തനം മാത്രമാണോ? ചോദ്യങ്ങള്‍ ഒന്നിനു പിറകെ ഒന്നായി മനസില്‍ നുരഞ്ഞുയരുകയാണ്. പലര്‍ക്കും ജപമാലയില്‍ അന്തര്‍ലീനമായിരിക്കുന്ന ആത്മീയത വ്യക്തമല്ല. അതാണ് ആവര്‍ത്തന വിരസമായ ഒരു ഭക്തമുറയായി ഇതിനെ കാണുന്നത്.

‘നന്മ നിറഞ്ഞ മറിയമേ’ എന്ന പ്രാര്‍ത്ഥനയുടെ അമ്പത്തിമൂന്ന് ആവര്‍ത്തനം. അല്ലെങ്കില്‍ പഴയൊരു നടപടിക്രമം എന്നൊക്കെ ജപമാലയെ ആക്ഷേപിക്കുന്നവര്‍ ഇന്നുമുണ്ട്. തങ്ങളുടെ അറിവിന്റെയും ആത്മീയതയുടെയും ഇടുങ്ങിയ ചക്രവാളത്തില്‍ ചിറകൊടിഞ്ഞ പട്ടം പറത്തുന്ന ഇക്കൂട്ടര്‍ പുല്ലു തിന്നുകയോ തീറ്റിക്കുകയോ ചെയ്യുന്നില്ല എന്ന നയം സ്വീകരിച്ചിരിക്കുന്നവരാണ്. കുടുംബപ്രാര്‍ത്ഥനയോടും മറ്റു ഭക്തകൃത്യങ്ങളോടും വൈമുഖ്യം പ്രകടിപ്പിക്കുന്നവര്‍ക്ക് ഇത്തരക്കാരുടെ മാതൃക പ്രചോദനമായിത്തീരുന്നുണ്ടെന്നുള്ളത് ദൗര്‍ഭാഗ്യകരമായ വസ്തുതയാണ്.

ഭൂമിയില്‍ അവതരിച്ച വചനത്തിന് അഭയമരുളിയ അമല മനോഹരിയുടെ സാന്നിധ്യം സ്മരിക്കലാണ് ജപമാലയര്‍പ്പണത്തിലൂടെ നിര്‍വ്വഹിക്കുന്നത്. ഇതിലുമുപരിയായി എല്ലാം മനനം ചെയ്ത ഒരു വിനീത കന്യകയുടെ മാതൃക അനുകരിക്കാനുള്ള ക്രൈസ്തവ ദൗത്യം ജപമാലയിലെ ദിവ്യരഹസ്യങ്ങളുടെ വിചിന്തനത്തിലൂടെ പ്രായോഗികമാകുകയാണ്. ആ വിചിന്തനം എത്രമാത്രം അര്‍ത്ഥവത്താകുന്നുവോ അത്രയ്ക്കും അതിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ നമ്മുടെ ജീവിതത്തിലും നിഴലിക്കും. നിത്യനായ പിതാവുമായി സായൂജ്യം പ്രാപിച്ച ആ കന്യകയെ അനുകരിക്കുക എന്നത് ഒരു ക്രിസ്ത്യാനിയുടെ കര്‍ത്തവ്യവും അവകാശവുമാണ്.

മനുഷ്യന്റെ ബലഹീനമായ തെറ്റിദ്ധാരണകള്‍ മാത്രമാണ് ജപമാലയെ ആവര്‍ത്തനവിരസതയുളവാക്കുന്ന പ്രാര്‍ത്ഥനയാക്കി ചിത്രീകരിക്കുന്നത്. ഹൃദയത്തില്‍ സ്‌നേഹത്തിന്റെ നെയ്ത്തിരി എരിയുന്നില്ലായെങ്കില്‍ ഭക്താനുഷ്ഠാനങ്ങള്‍ മാത്രമല്ല ജീവിതത്തിലെ ഓരോ പ്രവര്‍ത്തനങ്ങളും വിരസമായിത്തോന്നും. അവിടെ ദൈവാനുഭൂതിക്ക് സ്ഥാനമുണ്ടാകില്ല. നമ്മുടെ പ്രവര്‍ത്തനങ്ങളെല്ലാം യാന്ത്രികതയായി തരം താഴും.

ആവര്‍ത്തന വിരസതയെന്ന മുടന്തന്‍ ന്യായത്തിന്റെ പേരില്‍ ജപമാലയെ വിസ്മൃതമാക്കി കളയുന്നവര്‍ക്ക് ആര്‍ച്ച്ബിഷപ് ഫുള്‍ട്ടണ്‍ ജെ. ഷീനിന്റെ വാക്കുകള്‍ മറുപടിയാണ്. ”കാമുകന്‍ തന്റെ പ്രേമഭാജനത്തോട് ‘ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’വെന്ന് ഒരായിരം പ്രാവശ്യം ആവര്‍ത്തിച്ചാലും അവിടെ വിരസത അനുഭവപ്പെടാറുണ്ടോ?” ആവര്‍ത്തനം സ്‌നേഹത്തെ വര്‍ധിപ്പിക്കുന്നതേയുള്ളൂ. മാതാവിനോട് സ്‌നേഹമുള്ളവര്‍ക്ക് ‘മംഗളവാര്‍ത്ത’ ആവര്‍ത്തിക്കുന്നത് ആനന്ദത്തിനേ ഇട നല്‍കുകയുള്ളൂ. അനുദിനമുള്ള ജപമാലയര്‍പ്പണം വഴി ”ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോടപേക്ഷിച്ചുകൊള്ളണമേ” എന്ന് പ്രതിവര്‍ഷം 18,345 (53 x 365) പ്രാവശ്യം ഉരുവിടുന്നവരെ കാരുണ്യവാരിധിയായ പരിശുദ്ധ മറിയം മരണസമയത്ത് ഒരിക്കലും അവരെ ഉപേക്ഷിക്കുകയില്ല. ഇത് നമ്മുടെ ചിന്തയ്ക്ക് വിഷയീഭവിപ്പിക്കേണ്ടതാണ്.

മാനസാന്തരം ഹൃദയത്തെ തുറക്കുകയും നാവിന്റെ കെട്ടഴിക്കുകയും ചെയ്യുന്നു. തുറന്ന ഹൃദയത്തോടും അഴിക്കപ്പെട്ട നാവോടും കൂടി ദീര്‍ഘനാള്‍ ആവര്‍ത്തിച്ചുരുവിട്ടതുവഴി കേരള ക്രൈസ്തവരുടെ രക്തത്തിലലിഞ്ഞുചേര്‍ന്ന പ്രാര്‍ത്ഥനയാണ് ജപമാല. നിരന്തരമായ ആവര്‍ത്തനത്തിലൂടെ ബോധമനസ്സിനെയും ഉപബോധമനസ്സിനെയും ദൈവീക രഹസ്യങ്ങള്‍ കൊണ്ട് പൂരിതമാക്കുന്നതോടൊപ്പം തന്നെ ദൈവത്തിന്റെയും ദൈവമാതാവിന്റെയും ശക്തമായ നാമം വിളിച്ചു നിരന്തരം പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികളെ സഹായിക്കുന്നു ജപമാല പ്രാര്‍ത്ഥന.

‘എന്നെന്നും വളരുന്ന തിന്മകള്‍ക്കുവേണ്ടി’ എന്നാരംഭിക്കുന്ന പതിനൊന്നാം പീയൂസ് പാപ്പായുടെ ചാക്രിക ലേഖനത്തില്‍ പ്രതിപാദിക്കുന്നു: ”സ്‌നേഹവും ഭക്തിയും ഒരേ വാചകത്തിലൂടെ വീണ്ടും വീണ്ടും ഏറ്റുപറയുമ്പോള്‍ അത് കേവലം ആവര്‍ത്തനമാകുന്നില്ല. ഓരോ പ്രാവശ്യവും നാം ആവര്‍ത്തിക്കുമ്പോള്‍ ഭക്തിയുടെ നൂതനമായ അനുഭൂതിയുടെ ബഹിര്‍സ്ഫുരണമാണിവിടെ നടക്കുക.” ഒരു കുഞ്ഞ് തന്റെ അമ്മയെ ‘അമ്മേ’ എന്ന് വിളിക്കുന്നത് എത്ര തവണ ആവര്‍ത്തിച്ചാലും കേള്‍ക്കാന്‍ കൊതിക്കാത്ത ഏത് മാതൃഹൃദയമാണുള്ളത്? കുഞ്ഞിന്റെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ തന്റെ ഏറ്റവും ചെറിയ ആവശ്യത്തിനുപോലും അവന്‍/അവള്‍ അമ്മയെ ആശ്രയിക്കും. ഈ ബലഹീനതയുടെ ഏറ്റുപറച്ചില്‍ കൂടിയാണ് ആവര്‍ത്തിച്ചുള്ള ‘നന്മ നിറഞ്ഞ മറിയമേ’ എന്ന പ്രാര്‍ത്ഥനയില്‍ പ്രതിഫലിക്കുക.

നിരന്തരമായി പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് യേശുനാഥന്‍ പറയുന്നുണ്ടല്ലോ – അര്‍ധരാത്രിയില്‍ സ്‌നേഹിതന്റെയടുത്തു ചെന്ന് അപ്പം ആവശ്യപ്പെട്ട് നിര്‍ബന്ധപൂര്‍വ്വം അപേക്ഷിക്കുന്നവന്റെയും, തന്റെ എതിരാളിക്കെതിരെ നീതി നടത്തിത്തരാന്‍ ന്യായാധിപന്റെയടുത്ത് നിരന്തരം അപേക്ഷയുമായി ചെല്ലുന്ന വിധവയുടെയും ഉപമകള്‍. ഇവിടെ ആവര്‍ത്തിച്ചാവശ്യപ്പെടുന്നതുകൊണ്ട് അഥവാ മുട്ടിപ്പായി യാചിക്കുന്നതുകൊണ്ട് ഉത്തരം ലഭിക്കുന്നു; അവരുടെ ആവശ്യം നിറവേറുന്നു. ഇത്തരത്തിലുള്ള ആവര്‍ത്തനത്തിന്റെ ഫലമായി ജപമാലയിലൂടെ സ്വന്തമാക്കിയിരിക്കുന്ന നന്മകള്‍ക്ക് എണ്ണമുണ്ടോ?

ജോസ് ക്ലമന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.