ജപമാല: ശ്രേഷ്ഠമായ വിശ്വാസ പ്രഖ്യാപനം

ജോസ് ക്ലമന്റ്

”നന്മ നിറഞ്ഞ മറിയം എന്ന പ്രാര്‍ത്ഥന പിശാചിനെ പലായനം ചെയ്യിക്കുന്ന ശത്രുവും അവനെ ഇടിച്ചുപൊടിക്കുന്ന കൂടവും ആത്മാവിന്റെ വിശുദ്ധിയും മാലാഖമാരുടെ സന്തോഷവും തിരഞ്ഞെടുക്കപ്പെട്ടവരുടെ കീര്‍ത്തനവും മറിയത്തിന്റെ ആനന്ദവും പരിശുദ്ധ ത്രിത്വത്തിന്റെ മഹത്വവുമാണ്.”വിശുദ്ധ ലൂയി ഡി മോണ്‍ഫോര്‍ട്ട്

ദൈവം മനുഷ്യനായി ഭൂമിയിലവതരിച്ചത് മറിയത്തിലൂടെയാണ്. മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കാമായിരുന്നിട്ടും അവിടുന്ന് തന്റെ മനുഷ്യാവതാരത്തിനായി ഒരു എളിയ കന്യകയെ തിരഞ്ഞെടുത്തു. അങ്ങനെ മനുഷ്യരക്ഷയില്‍ യേശുനാഥന്‍ പരിശുദ്ധ മറിയത്തെ സഹരക്ഷകയാക്കിത്തീര്‍ത്തു. അങ്ങനെയെങ്കില്‍ ഓരോരുത്തരുടെയും രക്ഷ സാധിക്കേണ്ടത് പരിശുദ്ധ കന്യകയിലൂടെയും അവിടുത്തെ മാധ്യസ്ഥ്യത്തിലൂടെയുമാണ്. ജപമാലയര്‍പ്പണത്തിലൂടെ ഈ മാധ്യസ്ഥ്യത്തിനുള്ള അവകാശികളായിത്തീരാന്‍ മനുഷ്യര്‍ക്കു കഴിയുന്നു. ജപമാല ഭക്തി ഒട്ടും അപ്രസക്തമല്ലെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ അസന്നിഗ്ധമായി പറഞ്ഞിട്ടുണ്ട്. ”മറിയം ഭൂമുഖത്ത് തീര്‍ത്ഥാടനം ചെയ്യുന്ന ദൈവജനത്തിനു സുനശ്ചിതമായ പ്രതീക്ഷയുടെയും സമാശ്വാസത്തിന്റെയും അടയാളമായി പ്രകാശിച്ചുകൊണ്ടിരിക്കും” എന്നാണ് കൗണ്‍സില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

ജപമാലയിലുടനീളം യേശുവിന്റെ സദ്വാര്‍ത്തയുടെ പ്രഖ്യാപനമാണുള്ളതെന്ന് തിരിച്ചറിയാനാകാതെ ജപമാലയെ പുച്ഛിച്ചുകൊണ്ട് സുവിശേഷ വായനയ്ക്ക് പ്രാധാന്യം കൊടുക്കുന്ന വ്യക്തികളും കുടുംബങ്ങളും ഇന്നേറെയുണ്ട്. വചനം വായിക്കണം, മനസിലാക്കണം, പഠിക്കണം, അതില്‍ ജീവിക്കണം. ഇത് ഏറ്റം മഹത്തായ കാര്യം തന്നെയാണ്. എന്നാല്‍ ജപമാലയെ തിരസ്‌ക്കരിച്ചുകൊണ്ട് ജപമാലയര്‍പ്പണത്തിനു പകരം വചന വായനയെന്ന രീതി ഭൂഷണമല്ല. ജപമാല പ്രാര്‍ത്ഥനയിലുടനീളം ഉള്‍ക്കൊണ്ടിരിക്കുന്നത് സുവിശേഷം മാത്രമാണെന്നുള്ളത് മനസ്സിലാക്കാന്‍ കഴിയാത്തവരാണ് ജപമാലയ്ക്കു പകരം സുവിശേഷപാരായണം നടത്തുന്നത്.

ത്യാഗത്തിന്റെ അത്യഗാധതയില്‍ മുങ്ങിത്തപ്പി സേവനത്തിന്റെ വെണ്‍മുത്തുകളുമായി ഉയര്‍ന്നുവരുന്ന കിതയ്ക്കുന്ന ജീവിതങ്ങള്‍ക്ക് അനുഗ്രഹാശിസ്സുകള്‍ നല്‍കുന്ന ദിവ്യനാഥയാണ് ജപമാല രാജ്ഞി. യുവത്വത്തിന്റെ നിലാവെളിച്ചത്തില്‍ മദോന്മത്തരായി നൃത്തമാടുന്ന ജീവിതങ്ങള്‍ക്ക് പവിത്രതയുടെ പ്രഭാകിരണങ്ങള്‍ വീശുന്ന വെള്ളിനക്ഷത്രമാണ് പരിശുദ്ധ മറിയം. സ്‌നേഹത്തിന്റെ വെണ്‍മുത്തുകള്‍ കോര്‍ത്ത ജപമാലയെന്ന സുകൃതഹാരം ഏറ്റവും ദിവ്യമായ ആയുധമായി ഈ അമ്മ മാനവകുലത്തിന് സമ്മാനിച്ചിരിക്കുന്നു. ജപമാലയര്‍പ്പണത്തിലൂടെ ശ്രേഷ്ഠമായ ഒരു വിശ്വാസ പ്രഖ്യാപനം കൂടെ നടത്തുകയാണ്. ജീവിത വീഥിയിലെ പ്രകാശം മങ്ങുമ്പോള്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന വെള്ളി വെളിച്ചമാണ് ജപമാല പ്രാര്‍ത്ഥന. കദനത്തിന്റെ കരകാണാക്കടലില്‍ പൊങ്ങിവരുന്ന അലമാലകളെ ഈ ജപമാല ദൂരെയകറ്റുന്നു.

കുടുംബത്തില്‍ കുടുംബനാഥനോ, നാഥയ്‌ക്കോ അര്‍പ്പിക്കാവുന്ന ദിവ്യബലിയാണ് ജപമാലയെന്നും അത് തികവുറ്റ ഒരു ബൈബിള്‍ ശുശ്രൂഷയുമാണെന്ന് പോള്‍ ആറാമന്‍ പാപ്പാ തന്റെ ‘ക്രിസ്റ്റി മാത്രി റൊസാരി’ (Christi Matri Rosri) എന്ന ചാക്രിക ലേഖനത്തില്‍ പ്രസ്താവിച്ചിട്ടുള്ളത് ജപമാല അനുഷ്ഠാനത്തിന്റെ പ്രസക്തിയെ ചൂണ്ടിക്കാട്ടുന്നു. ക്രിസ്ത്യാനികളുടെ സഹായമായ മാതാവ് തന്റെ മക്കള്‍ക്ക് ദിവ്യദാനമായി സമ്മാനിച്ചിട്ടുള്ള ജപമാല നമ്മുടെ കുടുംബാംഗങ്ങളെ തമ്മില്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു സുവര്‍ണ്ണ കണ്ണിയാണ്. ഇത് ക്രിസ്തീയ ജീവിതത്തിന്റെ രക്ഷാകവചമാണ്.

ജപമാല ദൈവീക രക്ഷാകരപദ്ധതികളുടെ സമ്പൂര്‍ണ്ണമായ വ്യാഖ്യാന ബോധ്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന അക്ഷയഖനിയാണ്. രക്ഷകനായ യേശുക്രിസ്തുവിന്റെ ജനനത്തിനു മുന്നോടിയായിട്ടുള്ള ദൈവീക സന്ദേശം ഗബ്രിയേല്‍ ദൈവദൂതന്‍ മുഖേനയാണ് കന്യകയായ മറിയത്തിന് ലഭിക്കുന്നത്. അതു മുതല്‍ യേശുവിന്റെ ജനന-ജീവിത-മരണ-ഉത്ഥാനവും തുടര്‍ന്നുള്ള ലോകത്തെ പരിശുദ്ധാത്മ സ്‌നാനത്താല്‍ നിറയ്ക്കാനുള്ള പുറപ്പാടിന്റെ ആദ്യപടിയായ ആത്മാഭിഷേകത്തിന്റെ അഗ്നിജ്വാലയില്‍ അപ്പസ്‌തോലന്മാരെ പരിപൂരിതമാക്കുന്നതും തുടര്‍ന്ന് സഭയുടെ വിശ്വാസ പാരമ്പര്യമനുസരിച്ച് കന്യാമാതാവിന്റെ സ്വര്‍ഗ്ഗാരോപണവും ത്രിലോകരാജ്ഞിയായിട്ടവരോധിക്കുന്നതും വരെയുള്ള ധന്യമുഹൂര്‍ത്തങ്ങളുടെ പൊരുളഴിയുന്നത് ജപമാല പ്രാര്‍ത്ഥനയിലൂടെയാണ്.

ഇന്ന് (ഒക്‌ടോബര്‍ 7) ആഗോളസഭ ജപമാലരാജ്ഞിയുടെ തിരുനാളാഘോഷിക്കുകയാണ്. ജപമാല രാജ്ഞിയുടെ സ്തുതിക്കായി ഒരു ദിനം തന്നെ മാറ്റിവയ്ക്കാന്‍ കാരണം ജപമാല പ്രാര്‍ത്ഥന ശ്രേഷ്ഠമായ ഒരു വിശ്വാസ പ്രഖ്യാപനമായതിനാലാണ്. ഇന്നേ ദിനത്തില്‍ പോളണ്ടിന്റെ രണ്ടായിരം മൈലുകളോളമുള്ള സമുദ്ര-കര അതിര്‍ത്തികളില്‍ കൂട്ട ജപമാലയജ്ഞം നടത്തുകയാണ്. ‘പാപത്തില്‍ നിന്നും ലോകത്തെ രക്ഷിക്കുക’ എന്നതാണ് ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനത്തിലെ ജപമാലയജ്ഞ നിയോഗം. 1877 ജൂണ്‍ 27 മുതല്‍ ഒമ്പത് തവണയാണ് പരിശുദ്ധ ജപമാല രാജ്ഞി പോളണ്ടില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. യുസ്തീന സഫ്രിന്‍സു, ബാര്‍ബര സമുളോസ്‌ക എന്നീ ബാലികമാര്‍ക്ക് പോളണ്ടിലെ ഗീറ്റ്‌റ്‌സ്‌വാള്‍ഡില്‍ വച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രഥമദിവ്യകാരുണ്യ ഒരുക്ക ക്ലാസ്സില്‍ നിന്നും കുട്ടികള്‍ മടങ്ങുമ്പോള്‍ വഴി മധ്യേയാണ് മാലാഖമാരുടെ അകമ്പടിയോടെ ഉണ്ണീശോയെ കരങ്ങളില്‍ വഹിച്ചുകൊണ്ട് പരിശുദ്ധ മറിയം കുട്ടികള്‍ക്ക് പ്രത്യക്ഷയായത്. അമ്മ ആരാണെന്ന ബാലികമാരുടെ ചോദ്യത്തിന് ”ഞാന്‍ അമലോത്ഭവയായ കന്യാമറിയ’മാണെന്നായിരുന്നു മാതാവിന്റെ മറുപടി. എന്താണ് ഞങ്ങള്‍ ചെയ്യേണ്ടതെന്ന കുട്ടികളുടെ അടുത്ത ചോദ്യത്തിന് ‘നിങ്ങള്‍ എല്ലാ ദിവസവും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക’ എന്നതായിരുന്നു മറുപടി.

പോളണ്ടിന്റെ അതിര്‍ത്തിയിലെ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ ഒരുമണിക്കൂര്‍ നീളുന്ന കൂട്ടജപമാലയ്ക്കാണ് വാഴ്‌സോ കേന്ദ്രമായുള്ള പോളണ്ടിലെ മെത്രാന്‍ സമിതി ആഹ്വാനം ചെയ്തിരിക്കുന്നത്. 10 ലക്ഷത്തോളം കത്തോലിക്കര്‍ ഇന്ന് പോളണ്ടിലെ ജപമാല യജ്ഞത്തില്‍ പങ്കെടുക്കുമെന്നാണ് നിരീക്ഷണം. ലെപാന്റോ നാവികയുദ്ധത്തില്‍ ഇസ്ലാമിക സൈന്യത്തില്‍ നിന്നും ക്രിസ്ത്യാനികള്‍ രക്ഷപ്പെട്ടത് ജപമാലയുടെ ശക്തിയിലാണ്. 1571 ഒക്‌ടോബറില്‍ ലെപാന്റോ കടലിടുക്കില്‍ നടന്ന യുദ്ധത്തില്‍ ഓസ്ട്രിയയിലെ ഡോം ജുവാന്‍ തുര്‍ക്കികളുടെ നാവികപടയുമായി ഏറ്റുമുട്ടിയപ്പോള്‍ വിശുദ്ധ പീയൂസ് അഞ്ചാമന്‍ പാപ്പായും ജനങ്ങളും ജപമാല ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍ ക്രിസ്ത്യന്‍ സൈന്യം വിജയിക്കുകയും ആയിരക്കണക്കിന് ക്രിസ്ത്യാനികളെ മോചിപ്പിക്കാനും സാധിച്ചു. അതിനാല്‍ ഈ വിജയം വിജയമാതാവിന്റെ തിരുനാളായി കൊണ്ടാടാന്‍ അവര്‍ തീരുമാനിച്ചു.

ജപമാലയുടെ ഫലദായകത്വം മനസ്സിലാക്കിയ പതിമൂന്നാം ഗ്രിഗോറിയസ് പാപ്പായാണ് പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ജപമാലയ്ക്കായി ഒരു തിരുനാള്‍ അംഗീകരിച്ചത്. അതോടെ ഒക്‌ടോബര്‍ ഏഴ് ജപമാല രാജ്ഞിയുടെ തിരുനാളായി കൊണ്ടാടാന്‍ തുടങ്ങി. ലെപാന്റോ യുദ്ധത്തിന്റെ വാര്‍ഷികാനുസ്മരണവും ഫാത്തിമായില്‍ പരിശുദ്ധ മറിയം പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാര്‍ഷികങ്ങളുടെ സമാപനവുമായിട്ടാണ് പോളണ്ടില്‍ ജപമാലയജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്.

പോളണ്ടിലെ 22 രൂപതകളിലെ 319-ല്‍പ്പരം ദേവാലയങ്ങളുടെ നേതൃത്വത്തിലാണ് ഇന്ന് ജപമാലയജ്ഞം നടത്തുന്നത്. മാതാവിന്റെ അമലോത്ഭവ ഹൃദയത്തിന് നേര്‍ക്ക് നടത്തിയിട്ടുള്ള എല്ലാ നിന്ദകള്‍ക്കും ക്ഷമ യാചിക്കാനും പോളണ്ടിന്റെയും ലോകം മുഴുവന്റെയും രക്ഷയ്ക്കായി മാതാവിന്റെ മാധ്യസ്ഥ്യം യാചിച്ചുകൊണ്ടുമാണ് ജപമാലയജ്ഞം നടത്തുന്നത്.

സഭാചരിത്രത്തില്‍ ഇന്നോളം ഉണ്ടായിട്ടുള്ളത് രണ്ടായിരത്തി അഞ്ഞൂറ് മരിയന്‍ ദര്‍ശനങ്ങളാണെന്നാണ് കരുതപ്പെടുന്നത്. അതില്‍ അഞ്ഞൂറ് ദര്‍ശനങ്ങളും ഇരുപതാം നൂറ്റാണ്ടില്‍ സംഭവിച്ചു എന്നതാണ് ശ്രദ്ധേയമായിട്ടുള്ളത്. മാതാവിന്റെ ദര്‍ശനങ്ങളോടും ജപമാല പ്രാര്‍ത്ഥനയോടും ലോകം വിമുഖത കാട്ടുന്നില്ല. അതിന്റെ തീഷ്ണത വര്‍ധിക്കുന്നതായിട്ടാണ് കാണാനാകുന്നത്. അത് ഈ പ്രാര്‍ത്ഥനയുടെ ശ്രേഷ്ഠത തന്നെയാണ് വെളിപ്പെടുത്തുന്നത്. ഫ്രാന്‍സിസ് പാപ്പാ ഫാത്തിമ മാതാവിന്റെ ദര്‍ശനക്കപ്പേളയില്‍ നിന്ന് ആറുലക്ഷം തീര്‍ത്ഥാടകരെ സാക്ഷിയാക്കി പ്രാര്‍ത്ഥിച്ചപ്പോഴും മാതാവിനെ സംബോധന ചെയ്തത് ‘ഫാത്തിമയിലെ ജപമാല രാജ്ഞിയേ’ എന്നാണ്. വിശ്വാസത്തിന്റെ വലിയ പ്രഖ്യാപനമാണ് ഈ സംബോധനയിലൂടെ ഉദ്‌ഘോഷിക്കുന്നത്. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ തന്റെ ശരീരത്തില്‍ തുളച്ചുകയറിയ വെടിയുണ്ടപോലും പരിശുദ്ധ മറിയത്തിന്റെ കിരീടത്തില്‍ ചാര്‍ത്തി. ഈ അമ്മയോടുള്ള ഭക്തിയും വിശ്വാസവുമാണ് ഇതിനൊക്കെ നിദാനം. അപേക്ഷിച്ചാല്‍ ഉപേക്ഷിക്കില്ലായെന്ന വചനം വെറും വാക്കല്ല. പക്ഷേ അതോടൊപ്പം കൂട്ടിവയ്‌ക്കേണ്ട ഒന്നുകൂടിയുണ്ട്. വിശ്വാസപൂര്‍വ്വം അപേക്ഷിച്ചാല്‍ ഈ അമ്മ ഒരുവനേയും ഉപേക്ഷിക്കില്ല. നന്മ നിറഞ്ഞ മറിയത്തിന്റെ ശക്തി ദൈവസമക്ഷം അത്രയ്‌ക്കേറെ സ്വാധീനമുള്ളതാണ്.

ജോസ് ക്ലമന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.