ഇന്ന് റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുനാള്‍

റോസ മിസ്റ്റിക്ക അഥവാ ‘നിഗൂഢതയുടെ റോസാപുഷ്പം’ എന്ന പേരില്‍ അമ്മയുടെ തിരുനാള്‍ കൊണ്ടാടണമെന്ന് അമ്മ നേരിട്ട് നിര്‍ദ്ദേശം നല്‍കിയത് 1947 ജൂലൈ 13 -നാണ്. അന്ന് അമ്മ ‘റോസ് മിസ്റ്റിക്ക’ എന്നാലെന്ത് എന്നതിലേയ്ക്ക് സൂചനയും നല്‍കി. അമ്മ പറഞ്ഞു: “ഞാന്‍ യേശുവിന്റെ മൗതീകശരീരത്തിന്റെ അമ്മയാണ്. അതായത് സഭയുടെ അമ്മയാണ്.”

ഇന്ന് ജൂലൈ 13ാം തീയതി റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുനാളാണ്. 1947 മുതല്‍ 1966 വരെയാണ് മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ ഇറ്റലിയില്‍ ഉണ്ടായത്. 1947 -ല്‍ മാത്രം ഏഴു തവണ മാതാവ് പ്രത്യക്ഷപ്പെട്ടു.

മോന്‍സിചിയാലി വടക്കന്‍ ഇറ്റലിയിലെ ഒരു പ്രദേശമാണ്. അവിടെയാണ് പിയെറിനാ ഗില്ലി ജനിച്ചത്. അവിടെയുള്ള ഒരു ആശുപത്രിയില്‍ നഴ്സായി അവര്‍ സേവനം ചെയ്തു. 1947 -ലെ വസന്തകാലത്ത് പരിശുദ്ധ മാതാവ് ആശുപത്രിയിലെ ഒരു മുറിയില്‍ വച്ച് പിയെറിനായ്ക്ക് പ്രത്യക്ഷയായി. വയലറ്റ് വസ്ത്രം ധരിച്ച മാതാവിന്റെ ശിരോവസ്ത്രത്തിന് വെള്ളനിറമായിരുന്നു. മാതാവ് ദുഃഖിതയായി കാണപ്പെട്ടു. മൂന്ന് വാളുകള്‍ അമ്മയുടെ നെഞ്ച് പിളര്‍ന്നിരുന്നു. പ്രാര്‍ത്ഥിക്കുക, പ്രായശ്ചിത്തം ചെയ്യുക, പരിഹാരം ചെയ്യുക എന്ന് മാതാവ് ആഹ്വാനം ചെയ്തു.

1947 ജൂണ്‍ 13 -ന് രണ്ടാമത്തെ പ്രത്യക്ഷീകരണം നടന്നു. അതൊരു ഞായറാഴ്ച ആയിരുന്നു. ഇത്തവണ മൂന്നു വാളുകള്‍ക്കു പകരം നെഞ്ചില്‍ മൂന്ന് റോസാപ്പൂക്കളുമായാണ് അമ്മ പ്രത്യക്ഷപ്പെട്ടത്. വെള്ള, ചുവപ്പ്, സ്വർണ്ണം എന്നിങ്ങനെ മൂന്ന് റോസപ്പൂക്കള്‍. അങ്ങ് ആരാണ് എന്ന് പെയെറിന ചോദിച്ചപ്പോള്‍, മാതാവ് പറഞ്ഞത്: “ഞാന്‍ യേശുവിന്റെയും നിങ്ങളുടെ എല്ലാവരുടെയും അമ്മ” എന്നായിരുന്നു. അതേ വര്‍ഷം തന്നെ ഒക്ടോബര്‍ 22 -നും നവംബര്‍ 16 -നും 22 -നും ഡിസംബര്‍ 7 -നും 8 -നും മാതാവ് വീണ്ടും പ്രത്യക്ഷപ്പെട്ടു.

മാതാവിന്റെ പ്രത്യക്ഷീകരണവേളയില്‍ പല അത്ഭുതങ്ങളും സംഭവിച്ചു. അന്നേ ദിവസത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ജൂലൈ 13 -ന് റോസാ മിസ്റ്റിക്ക തിരുനാളായി ആചരിച്ചു തുടങ്ങിയത്. ലോകം മുഴുവനുമുള്ള വൈദികര്‍ക്കും സന്യാസിനീ സന്യാസികള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അന്ന് മാതാവ് ആവശ്യപ്പെട്ടിരുന്നു.

ഈ തിരുനാള്‍ ദിനത്തില്‍ നമുക്ക് പരിചയമുള്ളതും അല്ലാത്തതുമായ എല്ലാ വൈദികരെയും സന്യസ്തരേയും ഓര്‍മ്മിച്ചുകൊണ്ട് അവര്‍ക്കായി പ്രാര്‍ത്ഥിക്കാം. മാതാവിന്റെ വിമലഹൃദയത്തിലേക്ക് അവരെ ചേര്‍ത്തുനിര്‍ത്തുകയും ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.