300 വര്‍ഷത്തിനിടെ ആദ്യമായി ഈശോയുടെ കാല്പാദം പതിഞ്ഞ പടികള്‍ തീര്‍ത്ഥാടകര്‍ക്കായി തുറന്നു കൊടുത്തു

ഈശോയുടെ കാല്പാദം പതിഞ്ഞ വിശുദ്ധ പടവുകള്‍ തീര്‍ത്ഥാടകര്‍ക്ക് കാണുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനുമായി തുറന്നുകൊടുത്തു. 300 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരത്തില്‍ തീര്‍ത്ഥാടകര്‍ക്ക് നേരിട്ട് കാണുന്നതിനായി അവസരം ഒരുക്കുന്നത്. റോമിൽ നിന്ന് ഫാ. സാബുമണ്ണട എം.സി.ബി.എസ്‌.എഴുതുന്നു.

സാന്താ സ്കാല എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്; വിശുദ്ധ പടികൾ എന്നർത്ഥം. ഇന്നലെ തുറന്ന  സാന്താ സ്കാല പ്രധാനപൂർവം മുട്ടുകുത്തി കയറാൻ ആളുകളുടെ വലിയ തിരക്കാണ് ഇവിടെ ഉള്ളത്. വെളുത്ത നിറമുള്ളവരും കറുത്ത നിറമുള്ളവരും ഇരു നിറക്കാരും എല്ലാം ഉണ്ടിവിടെ.

ഞാൻ എത്തിയത് ഉച്ചയ്ക്ക് 11 മണിക്കാണ്. ചൂട് നന്നായിട്ടുണ്ട്. എങ്കിലും ആളുകളുടെ വരവിനും പ്രാത്ഥനയ്ക്കും ഒരു കുറവും ഇല്ല. ഈ നടകൾ മുട്ടുകുത്തി കയറിയാൽ എല്ലാ ആഗ്രഹങ്ങളും സാധിക്കും എന്നാണ് വിശ്വസിക്കുന്നത്.

റോമിലെ ലാറ്ററൻ ബസിലിക്കയോട് ചേർന്നാണ് സാന്താ സ്കാല. 28 പടികളാണ് ഇതിനുള്ളത്.

പ്രായമുള്ളവരും ചെറുപ്പക്കാരും എന്ന വേർതിരിവ് ഇവിടെ ഇല്ല. വിശുദ്ധവാരം തുടങ്ങാൻ പോകുന്നതുകൊണ്ട് തന്നെ എല്ലാവരും വലിയ ഉത്സാഹത്തിലാണ്. ഒരു കൈക്കുഞ്ഞുമായി മുട്ടുകുത്തി നട  കയറുന്ന ഒരു ഇറ്റാലിയൻ യുവതി അക്കൂട്ടത്തിൽ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. ആളുകളുടെ വിശ്വാസവും മത അനുഷ്ടാനങ്ങളും കുറയുന്നു എന്ന് ചിലർ വാദിക്കുമ്പോഴും ഇവിടെ ആളുകളുടെ എണ്ണം കൂടുകയാണ്.

1700 മുതല്‍ മരം കൊണ്ടുള്ള സംരക്ഷണകവചത്തിനുള്ളില്‍ പൊതിഞ്ഞ പടികള്‍ ഇന്നലെയാണ് തീര്‍ത്ഥാടകര്‍ക്ക് പ്രാര്‍ത്ഥിക്കുന്നതിനായി തുറന്നുകൊടുത്തത്. ഇതുവരെ തടികൊണ്ട് പൊതിഞ്ഞ നടകളിൽ കൂടിയായിരുന്നു തീർത്ഥാടകർ കയറിക്കൊണ്ടിരുന്നത്. ഒറിജിനൽ മാർബിൾ നടകളിൽകൂടി 1700 ശേഷം ഇതാദ്യമായാണ് തീർത്ഥാടകർക്ക് കയറാൻ സാധിക്കുന്നത്. പെന്തക്കുസ്താ തിരുനാള്‍ ദിനമായ ജൂണ്‍ ഒന്‍പതു വരെ ഈ വിശുദ്ധ പടവുകള്‍ കാണുവാനും അതിലൂടെ മുട്ടുകുത്തി കയറാനും ഉള്ള അവസരം ഉണ്ടായിരിക്കും. ഈശോയുടെ വിചാരണ നേരത്ത് പന്തിയോസ് പീലാത്തോസിന്റെ ഭവനത്തില്‍ ആയിരുന്ന ഈ പടവുകളിലൂടെയാണ് ഈശോയെ പ്രത്തോറിയത്തിലേയ്ക്ക് കൊണ്ടുപോയതെന്നു വിശ്വസിക്കപ്പെടുന്നു.

ഈ വിശുദ്ധ പടവുകള്‍ നാലാം നൂറ്റാണ്ടില്‍ വിശുദ്ധ ഹെലെന രാജ്ഞിയാണ് റോമിലേയ്ക്ക് കൊണ്ടുവന്നത്. സംരക്ഷണ കവചത്തിന്റെ നവീകരണത്തിനായാണ് ഇപ്പോള്‍ പടികള്‍ തുറന്നിരിക്കുക. ഈ സമയങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് പ്രാര്‍ത്ഥനയോടെ മുട്ടിന്മേല്‍ കയറാന്‍ കഴിയും. ഈശോയുടെ രക്താവൃതമായ പാദത്തിന്റെ പാടുകള്‍ പതിഞ്ഞ ഇടങ്ങളില്‍ പ്രത്യേകം ഗ്ലാസ് ഉപയോഗിച്ചു സംരക്ഷിച്ചിട്ടുണ്ട്.