അമലോത്ഭവ മാതാവിന്റെ തിരുനാൾ: അകലെ നിന്ന് ആശീർവാദം നൽകുവാൻ റോമിലെ ഫ്രാൻസിസ്കൻ വൈദികർ

അമലോത്ഭ മാതാവിന്റെ തിരുനാൾ ദിനത്തിൽ റോമാ നഗരത്തിന്റെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന മാതാവിന്റെ അത്ഭുത രൂപത്തിന് മുന്നിൽ പ്രാർത്ഥിക്കുന്നവർക്ക് ദൂരെ നിന്ന് ആശീർവാദം നൽകുവാൻ ഒരുങ്ങി റോമിലെ ഫ്രാൻസിസ്കൻ വൈദികർ. കോവിഡ് പകർച്ചവ്യാധി രണ്ടാം പ്രാവശ്യവും രൂക്ഷമായതിനെ തുടർന്നാണ് ഈ നടപടി.

കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും മാതാവിന്റെ രൂപത്തിന് താഴെ നിന്നുകൊണ്ട് ഫ്രാൻസിസ്കൻ വൈദികർ ആശീർവാദം നൽകും. ഈ സമയം അതുവഴി കടന്നു പോകുന്നവർക്കായി വൈദികർ പ്രാർത്ഥിക്കുകയും ആശീർവാദം നൽകുകയും ചെയ്യും. എന്നാൽ പകർച്ചവ്യാധി സാഹചര്യം കണക്കിലെടുത്ത് രൂപത്തിന് മുൻപിൽ ഒരുമിച്ചു കൂടി നിൽക്കുന്നത് ഒഴിവാക്കണം എന്ന് വൈദികർ അഭ്യർത്ഥിച്ചു.

റോമിന്റെ മധ്യഭാഗത്ത് പ്രസിദ്ധമായ സ്പാനിഷ് സ്റ്റെപ്പിനടുത്താണ് അമലോത്ഭവ മാതാവിന്റെ രൂപം സ്ഥിതി ചെയ്യുന്നത്. മുൻ വർഷങ്ങളിൽ പാപ്പാ ഈ രൂപത്തിന്റെ സമീപം വന്നു പ്രാർത്ഥിക്കുകയും വിശ്വാസികളെ ആശീർവദിക്കുകയും ചെയ്തിരുന്നു. കോവിഡിന്റെ സാഹചര്യത്തിൽ ഈ വര്‍ഷം ഫ്രാൻസിസ് പാപ്പാ ഇവിടെ വന്നു പ്രാർത്ഥിക്കുകയില്ല എന്ന് അറിയിച്ചിരുന്നു. ഇതോടെ 66 വര്‍ഷത്തെ പതിവാണ് ഭേദിക്കപ്പെട്ടിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.