സഭയ്ക്ക് പോസ്റ്റ് കോവിഡ് -19 തലമുറയെ രൂപീകരിക്കേണ്ടതുണ്ട്: റൊമാനിയൻ ആർച്ചുബിഷപ്പ്

കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് ആരാധനാലയങ്ങളിലെ വിശ്വാസികളുടെ സാന്നിധ്യം കുറയുന്നതായും ഇത് ഒരു വിശ്വാസ പ്രതിസന്ധിയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും റൊമാനിയൻ ആർച്ച് ബിഷപ്പ് ഓറൽ പെർസെ. അതിനാൽ കോവിഡിന് ശേഷമുള്ള ഒരു വിശ്വാസ സമൂഹത്തെ സഭയ്ക്ക് രൂപീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“കുട്ടികളുടെയും യുവജനങ്ങളുടെയും വിശ്വാസത്തെ ഊട്ടിയുറപ്പിക്കുകയും വളർത്തുകയും ചെയ്യേണ്ടത് വളരെ അനിവാര്യമാണ്. എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ ആധുനിക ആശയ വിനിമയ മാർഗ്ഗങ്ങൾ വളരെ ഉപയോഗ പ്രദമാണ്. പക്ഷെ, അവ ഒരിക്കലും ദൈവാലയങ്ങളിൽ സംബന്ധിക്കുന്ന വിശുദ്ധ ബലിയർപ്പണത്തിനു പകരമാകില്ല,” ആര്‍ച്ചുബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

കോവിഡ് വൈറസ് വ്യാപനത്തിന് തൊട്ടുമുൻപ് 2020  ജനുവരി 11 ആയിരുന്നു ഓറൽ പെർസെ, ബുക്കാറസ്റ്റിലെ ആർച്ച് ബിഷപ്പായി നിയമിതനായത്. അതിനാൽ തന്നെ തന്റെ അജപാലന ദൗത്യത്തിൽ വിശ്വാസികളുമായി നേരിട്ട് കൂടിക്കാഴ്ചകൾ നടത്തുവാനോ വിശ്വാസ സമൂഹത്തിനൊപ്പമുള്ള ഒരു ദിവ്യ ബലിയർപ്പണത്തിനോ തനിക്ക് സാധിച്ചിട്ടില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നിരുന്നാലും ബുക്കാറസ്റ്റിലെ സെന്റ് ജോസഫ് കത്തീഡ്രലിലെ തത്സമയ സംപ്രേഷണം വഴി ജനങ്ങളിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞതിലുള്ള സന്തോഷം അദ്ദേഹം വാക്കുകളിലൂടെ പ്രകടിപ്പിച്ചു.

ജ്വലിക്കുന്ന വിശ്വാസ തീക്ഷ്ണതയുള്ള കണ്ണുകളിലേക്ക് നോക്കുന്നതിനു പകരം ശൂന്യമായ ബെഞ്ചുകളെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നത് വേദനാജനകമാണ്. എങ്കിലും വരും കാലങ്ങളിൽ വിശ്വാസികള്‍ ആരാധനയ്‌ക്കും പ്രഘോഷണത്തിനും ദൈവാലയങ്ങളിലേക്ക് എത്തിച്ചേരുവാൻ സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.