റോഡ് സുരക്ഷ: മീഡിയാ വില്ലേജ് ഹൃസ്വചിത്രം പൃഥ്വിരാജ് പ്രകാശനം ചെയ്തു  

ചങ്ങനാശേരി മീഡിയ വില്ലേജ്ജും കേരള മോട്ടോർ വാഹന വകുപ്പും ചേർന്ന് റോഡ് സുരക്ഷാ ബോധവത്ക്കരണത്തിനായ് തയ്യാറാക്കിക ഹൃസ്വ ചിത്രം പ്രശസ്ത സിനിമ താരം ശ്രീ. പ്രിത്വിരാജ് സുകുമാരൻ ജോയിന്റ് ട്രാൻസ്‌പോർട് കമ്മിഷണർ ശ്രീ.  രാജീവ്‌ പുത്തലത്തിനു കൈമാറി പ്രകാശനം ചെയ്തു. ഇന്ന് രാവിലെ 11:30  നു എഫ്എസിറ്റി ഉദ്യോഗ് മണ്ഡൽ സ്കൂളിൽ വെച്ച് നടന്ന പ്രകാശന ചടങ്ങിൽ സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്റെയും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെയും പ്രതിനിധികൾ പങ്കെടുത്തു.

എന്ത് കാരണമുണ്ടെങ്കിലും  മദ്യപിച്ച ശേഷം വാഹനം ഓടിക്കരുത് എന്ന സന്ദേശം നല്കുന്നതാണീ ചിത്രം. തെന്നിന്ത്യൻ സൂപ്പർ സ്റ്റാറും തമിഴ് സിനിമ നടൻ സൂര്യയുടെ സഹോദരനുമായ ശ്രീ. കാർത്തി ആണ്  ഈ ചിത്രത്തിൽ അഭിനയിച്ച സുരക്ഷാ സന്ദേശം നൽകിയിരിക്കുന്നത്.

ഉത്തരവാദിത്വം മറന്നു ജീവിതം ആഘോഷിക്കുന്നതിന്റെ പരിണിത ഫലം കുടുംബത്തെ ബാധിക്കുന്നത് എങ്ങനെ എന്ന് നമ്മെ ചിന്തിപ്പിക്കുന്ന ഈ ചിത്രത്തിൽ  കാർത്തിയോടൊപ്പം വടക്കേ ഇന്ത്യൻ ബാലതാരം തയിബ നൂർ,  ആകാശ് സിംഗ് രാജ്പുത്,  സുരഭി തിവാരി എന്നിവർ അഭിനയിക്കുകയും ചെയ്തിരിക്കുന്നു.   ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ശ്രീ.  രാജു എബ്രഹാം നിർവഹിച്ചിരിക്കുന്നു. ഹൃസ്വ ചിത്രത്തിന്റെ ആശയം രാജു എബ്രഹാം,  എൽവിസ് വാചാ,  ആദിത് കെ സതീഷ്, ഛായാഗ്രഹണം സ്വരൂപ്‌ ഫിലിപ്പ്,  കിഷോർ മാണി,  എഡിറ്റിംഗ്  തനൂജ്, അരുൺ അശോക്, സംഗീതം അനിൽ ജോൺസൻ,  ശബ്ദ മിശ്രണം ബിനിൽ സി ആമക്കാട്,  പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്‌,  പ്രൊഡക്ഷൻ കോഓർഡിനേറ്റർ എബിൻ ഫിലിപ്പ്,  കല സുനിൽ ജോർജ്,  വസ്ത്രാലങ്കാരം സുനിത പ്രശാന്ത്, ലൈൻ പ്രൊഡ്യൂസർ  ജിതിൻ തരകൻ,  ചീഫ് അസ്സോസിയേറ്റ് ക്യാമറ ജെറിൻ ജിയോ,  ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ഐറിഷ് ഐസക്,  ജിജോ ജോസഫ്,  നിശ്ചല ഛായാഗ്രഹണം ഫ്രഡി ജിയോ എന്നിവരും നിർവഹിച്ചിരിക്കുന്നു.

സർവകലാശാല അംഗീകൃതമായ  ദക്ഷിണ ഇന്ത്യയിലെ പ്രഥമ മാധ്യമ കലാലയമായ ചങ്ങനാശ്ശേരിയിലെ സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനും പ്രൊഡക്ഷൻ ഹൗസ്  ആയ മീഡിയ വില്ലജ് സ്റ്റുഡിയോസും ചേർന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ സാമ്പത്തിക സഹകരണത്തോടെ നിർമ്മിക്കുന്ന ഹൃസ്വചിത്ര പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണിത്.  കേരളത്തിന്‌ പുറമെ തമിഴ് നാട്,  കർണാടക,  ആന്ധ്ര,  തെലുങ്കാന എന്നീ സംസ്ഥാനങ്ങളുടെ മോട്ടോർ വാഹന വകുപ്പുകളുമായി ചേർന്ന് അതാത് ഭാഷകളിൽ  ഈ ചിത്രം മൊഴി മാറ്റി പ്രകാശനം ചെയ്യുന്നതാണ്.  ഈ പരമ്പരയിലെ ആദ്യ ചിത്രത്തിൽ  ഹെൽമെറ്റ്‌ ഉപയോഗിച്ച് സുരക്ഷിതമായി യാത്ര ചെയ്യുവാൻ ബൈക്ക് യാത്രക്കാരെ പ്രചോദിപ്പിച്ചതു ശ്രീ.  ദുൽകർ സൽമാനും,  രണ്ടാം ചിത്രത്തിൽ  രാത്രി യാത്രയിൽ ഡിം ലൈറ്റ് ഉപയോഗിക്കുവാൻ ആഹ്വാനം നൽകിയത് ശ്രീ.  ഉണ്ണി മുകുന്ദനുമായിരുന്നു.  കോടിക്കണക്കിനു പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ച ഈ ചിത്രങ്ങൾ നൽകിയ പ്രചോദനം ഉൾകൊണ്ടുകൊണ്ടാണ് ഈ ചിത്രം ദക്ഷിണ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആകെ റിലീസ് ചെയ്യുന്നത്.

പൃഥിവിരാജ് പ്രൊഡക്ഷന്സിന്റെയും മാജിക്‌ ഫ്രെയിംസിന്റെയും ബാനറിൽ ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണ്  ഡ്രൈവിംഗ് ലൈസൻസ്.  കേരളത്തിലെ തീയേറ്ററുകൾ, മൾട്ടിപ്ലക്സുകൾ, ചാനലുകൾ,  സോഷ്യൽ മീഡിയ എന്നീ മാധ്യമങ്ങളിലൂടെ വകുപ്പ് ഈ ബോധവത്ക്കരണ ചിത്രം ജനങ്ങളിലേക്ക് എത്തിക്കും.