വ്യത്യസ്തതകളാൽ ശ്രദ്ധേയമായ ‘പന്ത്രണ്ട്’ – ഒരു ആസ്വാദനകുറിപ്പ്

സിനിമകൾ കാണുക ആസ്വദിക്കുക എന്നതിനപ്പുറത്തേക്ക് കണ്ട സിനിമകളെക്കുറിച്ച് കൂടുതൽ ഒന്നും എഴുതുന്ന ശീലമുള്ള ആളല്ല ഞാൻ എന്നാൽ കഴിഞ്ഞ ദിവസം ഇടപ്പള്ളി വനിതാ തീയറ്ററിൽ പന്ത്രണ്ടിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞിറങ്ങുമ്പോൾ മനസ്സ് പറയുന്നു ചില കാര്യങ്ങൾ കുറിക്കണമെന്ന്.

ശീതീകരിച്ച സിനിമ തിയേറ്ററിനുള്ളിലെ ഇരുണ്ട വെളിച്ചത്തിൽ സ്വയം മറന്ന് സംവിധായകൻ തെളിച്ച വഴിയിലൂടെ, നമ്മുടെ തന്നെ ജീവിതയാഥാർത്ഥ്യങ്ങളുടെ ഇന്നലെകളിലേക്ക് ഒരു യാത്ര നടത്തി തിരിച്ചെത്തിയ അവസ്ഥയാണ് എനിക്കാനുഭവപ്പെട്ടത്. വളരെ സുപരിചിതവും ഏറെ ചർച്ച ചെയ്യപ്പെട്ടതുമായ കഥാസന്ദർഭത്തെ വളരെ വ്യത്യസ്തമായ ആംഗിളിലൂടെ ഒട്ടും അതിശയോക്തി കലർത്താതെ അവതരിപ്പിക്കുന്നതിൽ സംവിധായകനും എഴുത്തുകാരനുമായ ലിയോ തദേവൂസ് വിജയിക്കുന്നു. ബിബ്ലിക്കൽ റഫറൻസുകൾക്കൊണ്ട് സമ്പന്നമാണ് ‘പന്ത്രണ്ടു’. വിനായകന്റെ അന്ത്രോയും ഷൈൻ ടോം ചാക്കോയുടെ പത്രോയും അവരുടെ പാരസ്പര്യവും സ്ക്രീനിൽ നിന്നും ഹൃദയത്തിലേക്ക് പറന്നിറങ്ങുന്നതാണ്.

മത്സ്യത്തൊഴിലാളികളുടെയും കടലിന്റെയും കഥ പറഞ്ഞ നിരവധി ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രമേൽ ദൃശ്യ ഭംഗിയാർന്ന ഒരു ചിത്രം ഈ അടുത്ത കാലത്തൊന്നും കണ്ടതോർമയില്ല. സാങ്കേതിക തികവാർന്ന ദൃശ്യങ്ങൾ നമ്മെ കഥാതന്തുവുമായി കൂടുതൽ ചേർത്തുനിർത്തും. മുക്കുവ കുടികളിലെ സ്ത്രീ ജീവിതങ്ങളുടെ നേർകാഴ്ചകൾ അനുവദിക്കപ്പെട്ട വളരെ പരിമിതമായ സ്ക്രീൻ ടൈമിൽ പ്രകടിപ്പിക്കാൻ സിസിലിയെ പോലുള്ള കഥാപാത്രങ്ങൾക്ക് കഴിയുന്നു.

ഇമ്മാനുവേൽ എന്ന കഥാപാത്രം സൃഷ്ടിക്കുന്ന പോസിറ്റീവ് വൈബ് പറഞ്ഞറിയിക്കാനാവാത്തതാണ്. കഥാപാത്രത്തിന്റെ സൂക്ഷ്മാംശങ്ങൾ ഉൾക്കൊണ്ടുകൊണ്ട് അഭിനയിച്ച ദേവ് മോഹൻ വലിയ പ്രതീക്ഷയുള്ള ഒരു നടനാണ് താനെന്ന് തെളിയിക്കുന്നു. ആരാണ് നായകൻ എന്നോ പ്രതിനായകൻ എന്നോ വേർതിരിച്ചു കാണാൻ പറ്റാത്ത രീതിയിൽ യാഥാസ്ഥിക നായക പ്രതിനായക സങ്കൽപങ്ങളെ ഒരർത്ഥത്തിൽ വെല്ലുവിളിക്കുക കൂടിയാണ് പന്ത്രണ്ട് ചെയ്യുന്നത്.

കൊമേഷ്യൽ സിനിമയ്ക്കു വേണ്ട എല്ലാ ചേരുവകളും ചേർത്തു വച്ച് കൃത്യമായി പാകപ്പെടുത്തിയ സിനിമ മറുവശത്തു ചിന്തിക്കുന്ന മനസ്സുകൾക്ക് മുന്നിൽ ഒരുപിടി കനൽ കാഴ്ചകൾ കോറിയിടുന്നതിൽ വിജയിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ സംഗീതസാന്ദ്രമായ നയന മനോഹരമായ ചിന്തോദ്ദീപകമായ ഒരു സുവിശേഷ സാക്ഷ്യമാണ് പന്ത്രണ്ട്.

ഡോ. സെമിച്ചൻ ജോസഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.