“ഞാന്‍ എല്ലാ ദിവസവും മൂന്ന് മണിക്ക് എഴുന്നേറ്റ് പ്രാര്‍ത്ഥിക്കുമായിരുന്നു” – ഒളിമ്പിക്സ് സ്വര്‍ണ്ണമെഡല്‍ താരത്തിന്റെ വെളിപ്പെടുത്തൽ

ടോക്കിയോ ഒളിമ്പിക്സിലെ സര്‍ഫിംഗ് സ്വർണ്ണമെഡൽ ജേതാവായ ബ്രസീലിയന്‍ താരം ഇറ്റാലോ ഫെരേര ഒളിമ്പിക്സിൽ മാത്രമല്ല, പ്രാർത്ഥനയിലും ഒന്നാമനാണ്. എല്ലാ ദിവസവും രാവിലെ മൂന്ന് മണിക്ക് എഴുന്നേറ്റ് അദ്ദേഹം പ്രാർത്ഥിക്കും. ടോക്കിയോ ഒളിമ്പിക് ഗെയിംസിൽ അരങ്ങേറ്റം കുറിച്ച ഈ താരം കായികമായി മാത്രമല്ല, ആത്മീയമായും മികച്ചുനിൽക്കുന്നു. അദ്ദേഹത്തിന്റെ ജീവിതം വായിച്ചറിയാം…

ഈ ഒളിമ്പിക്സിൽ ബ്രസീലിനായി സ്വർണ്ണമെഡൽ നേടുന്ന ആദ്യ കായികതാരം ഇറ്റാലോ ആണ്. ഈ വിജയത്തിന്റെ പിന്നിലെ രഹസ്യം ഇപ്രകാരമാണ്: “ഞാൻ അവസാനം വരെ വിശ്വസിച്ചു. കഴിഞ്ഞ മാസങ്ങളിൽ ഞാൻ കഠിനമായി പരിശീലനം നേടി. ഞാൻ ആദ്യം ദൈവത്തോട് നന്ദി പറയണം. ദൈവം എന്റെ സ്വപ്നം സാക്ഷാത്കരിച്ചു.”

27 വയസ്സുള്ള ഇറ്റാലോ ഉത്തമ വിശ്വാസജീവിതം നയിക്കുന്ന ഒരു വ്യക്തിയാണ്. “എല്ലാ ദിവസവും ഞാൻ പുലർച്ചെ മൂന്ന് മണിക്ക് എഴുന്നേറ്റ് പ്രാർത്ഥിക്കും. എന്റെ സ്വപ്നം സാക്ഷാത്കരിക്കണമേയെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. ഇന്ന് സർഫിംഗിന്റെ ചരിത്രത്തിൽ എന്റെ പേര് എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു” – അദ്ദേഹം വെളിപ്പെടുത്തുന്നു.

ബ്രസീലിന്റെ വടക്കുകിഴക്കൻ തീരത്തുള്ള ബനാ ഫോർമോസ എന്ന ചെറിയ പട്ടണത്തിലാണ് ഇറ്റാലോ ഫെരേര ജനിച്ചത്. മത്സ്യത്തൊഴിലാളിയായ ലൂയിസിൻഹോയുടെയും സത്രം സൂക്ഷിപ്പുകാരിയായ കത്യാനയുടെയും മകനാണ്. അദ്ദേഹം തന്റെ കരിയറിന്റെ തുടക്കത്തിൽ, ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കാൻ മാതാപിതാക്കൾ ജോലി ചെയ്യുന്ന സ്ഥലത്തു നിന്നും ആളുകളിൽ നിന്നുമൊക്കെ കടം വാങ്ങി ആ തുകയ്ക്കാണ് മത്സരിച്ചിരുന്നത്.

സർഫിംഗ് ബോർഡ് വാങ്ങിക്കാൻ പണമില്ലാത്തതിനാൽ ആദ്യമൊക്കെ വില കുറഞ്ഞ സ്റ്റൈറോഫോം ബോർഡ് ഉപയോഗിച്ചാണ് പരിശീലനം നടത്തിയിരുന്നത്. പിന്നീട്, രാജ്യാന്തര പുരസ്കാരങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ഈ താരത്തെ തേടിയെത്തി. ആ പണമൊക്കെ അവൻ സൂക്ഷിച്ചുവച്ചിരുന്നു. എന്തിനാണെന്നോ? തന്റെ മാതാപിതാക്കൾക്ക് ഒരു നല്ല വീട് വാങ്ങുന്നതിനായി. അത് അവൻ സാധ്യമാക്കുകയും ചെയ്തു.

ഇല്ലായ്മകളിൽ നിന്നും ദൈവത്തിൽ മാത്രം ആശ്രയിച്ചാണ് ഈ താരം വളർന്നുവന്നത്. ഇന്ന് ഉയർച്ചയുടെ പാതയിലും ഇറ്റാലോ ഫെരേര താൻ കടന്നുവന്ന വഴികൾ മറന്നിട്ടില്ല.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.