ഫാ. കെൻസി  അന്ന് നടന്നത് 700 കിലോമീറ്ററുകൾ!

ട്രീസാ മാത്യു

തനിക്കുള്ളതെല്ലാം ഉപേക്ഷിച്ച്, ദൈവം കാണിച്ച വഴിയിലൂടെ ഇറങ്ങി തിരിച്ച അബ്രാഹത്തെ പോലെ തനിക്കുള്ളതെല്ലാം ഉപേഷിച്ച്  വൈദികൻ ആകുവാന്‍ ഇറങ്ങി തിരിച്ച ആളാണ്‌  ഫാ.കെൻസി. പ്രഥമ ദിവ്യബലി അർപ്പണത്തിന്റെ തിരക്കിനിടയിലും  ഒരു മടിയും കൂടാതെ  ലൈഫ്ഡേ – യോട്  അനുഭവങ്ങൾ പങ്കു വയ്ക്കുകയാണ്  അദ്ദേഹം. 35 ലക്ഷം രൂപ ശമ്പളം; ആരും മോഹിച്ച് പോകുന്ന ഇംഗ്ലണ്ടിലെ  ബാങ്കിങ് സ്ഥാപനത്തിലെ ജോലി – ഇതെല്ലാം ഉപേക്ഷിച്ച്  തനിക്ക് വലുത് ദൈവം ആണ് എന്ന് പറഞ്ഞ് വൈദികൻ ആകാൻ തീരുമാനം എടുത്ത ആളായ ഫാ. കെന്‍സി ജോസഫ് തന്റെ ജിവിതത്തിലെ ഏറ്റവും സുന്ദരമായ രണ്ടു സംഭവങ്ങള്‍ വിവരിക്കുകയാണ്. ഒന്ന്; അദ്ദേഹം നടത്തിയ വലിയ  തീർത്ഥാടനം. രണ്ട്;  ഫ്രാൻസിസ് സേവ്യറുടെ സ്വാധീനം.

അല്പം ചരിത്രം 

മുംബൈ ഐ ഐ ടി യിൽ നിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹം ഇംഗ്ലണ്ടിലെ പ്രമുഖ ബാങ്കിങ് സ്ഥാപനത്തിൽ ജോലി ചെയ്തു. അവിടെ ജോലി ചെയ്യുന്ന അവസരത്തിലാണ്  അദ്ദേഹത്തിന് ദൈവ വിളി ഉണ്ടാകുന്നത്.  അവിടെ വച്ച് അദ്ദേഹത്തിന് വേണ്ടി ഉള്ള  ദൈവത്തിന്റെ പദ്ധതി എന്താണ് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ദൈവത്തിന്റെ അജഗണങ്ങൾക്ക് സേവനം ചെയ്യുക എന്നതാണ്  തൻറെ വിളി എന്ന് അദ്ദേഹം മനസിലാക്കി. പിന്നീട് മറ്റ് വൈദികരോടും സന്യാസികളോടും  അദ്ദേഹഹം തന്റെ വിളിയെ കുറിച്ച സംസാരിക്കുകയും അവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയിതു.  അങ്ങനെ 2007 – ൽ ഈശോ സഭയിൽ അദ്ദേഹം വൈദീക പരിശീലനത്തിന് ചേർന്നു.

വീട്ടുകാരെ ഞെട്ടിച്ച തീരുമാനം 

ചെറുപ്പത്തിലോ, ജോലി ചെയ്യാൻ തുടങ്ങിയപ്പോഴോ,  ഒരു വൈദികൻ ആവണം എന്ന ആഗ്രഹമോ തീരുമാനമോ ഇല്ലാതിരുന്ന വ്യക്തിയാണ് കെൻസി അച്ചൻ. ഉന്നത ശമ്പളം ഉള്ള ജോലി ഉപേഷിച്ച് ഒരു പുരോഹിതൻ ആകാനുള്ള  തീരുമാനം അദ്ദേഹത്തിന്റെ കുടുംബത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന ഒന്നായിരുന്നു. എങ്കിലും ആ തീരുമാനത്തെ പൂർണ മനസോടെ അദ്ദേഹത്തിന്റെ കുടുംബം അംഗീകരിച്ചു. ഒരു വൈദികൻ ആകാൻ ഉള്ള പൂർണ പിന്തുണയും അദ്ദേഹത്തിന്റെ മാതാപിതാക്കൾ നൽകിയിരുന്നു. “നിന്റെ വഴി ഇതാണ് എന്ന് ശരിക്കും ഉറപ്പുവരുത്തുക; ഇതല്ല നിന്റെ വഴി എങ്കിൽ മടങ്ങിപ്പോരുക” എന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കൾ അദ്ദേഹത്തോട് പറഞ്ഞു.

മറ്റുള്ളവരുടെ കാരുണ്യത്തിൽ ചിലവഴിച്ച ഒന്നര മാസങ്ങൾ  

ജസ്യൂട് സെമിനാരിയിൽ ചേർന്ന ശേഷം അദ്ദേഹത്തിന് വ്യത്യസ്തങ്ങളായ അനുഭവങ്ങൾ ഉണ്ടായി. ആദ്യത്തെ രണ്ടു വർഷങ്ങൾ നൊവിഷ്യേറ്റ് കാലഘട്ടം ആയിരുന്നു. സഭയുടെ നിയമങ്ങളും ശൈലികളും കൂടുതലായി പഠിക്കുന്ന കാലഘട്ടം ആണത്. ജസ്യൂട് സഭയുടെ സ്ഥാപകൻ ആയ ഇഗ്‌നേഷ്യസ് ലെയോളയെക്കുറിച്ച് കുടുതല്‍ പഠിക്കുന്ന കാലം. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന കാലം. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ‘പിൽഗ്രിമജ് എക്സ്പീരിയൻസ്’ – തീർത്ഥാടനം – നടത്തുക എന്നതായിരുന്നു. ഏതെങ്കിലും ഒരു സ്ഥലത്തേക്ക് തീർത്ഥാടനത്തിന് പോവുക. പോകുമ്പോൾ പണം  കൈയിൽ കരുതാനോ നേരത്തെ സ്‌ഥലങ്ങൾ കണ്ടെത്തുവാനോ സാധിക്കുകയില്ല. പോകുന്ന വഴിയിലെ ജനങ്ങളുടെ കാരുണ്യത്തിൽ ജീവിക്കാന്‍ പഠിക്കുക എന്നതാണ് ഈ തീർത്ഥാടനം കൊണ്ട് ലക്‌ഷ്യം വയ്ക്കുന്നത്.

തന്റെ തീർത്ഥാടനത്തിനായി തിരഞ്ഞെടുത്തത് ഇംഗ്ലണ്ടും സ്‌കോട്‌ലൻഡും ആയിരുന്നു. അദ്ദേഹം 700 കിലോമീറ്ററുകൾ   കാൽനടയായി തീർത്ഥാടനം നടത്തി.  ഓരോ ദിവസവും യാത്ര തുടങ്ങുമ്പോളും എവിടെ വരെ എത്തും, താമസിക്കാൻ എവിടെ എങ്കിലും സ്ഥലം ലഭിക്കുമോ, ഭക്ഷണം ലഭിക്കുമോ എന്നൊന്നു മുൻകൂട്ടി അറിയാൻ സാധിക്കുകയില്ല. ദൈവത്തിൽ വിശ്വസിച്ച് യാത്ര തിരിക്കുകയായിരുന്നു. ഓരോ ദിവസവും യാത്ര ചെയ്ത് ഗ്രാമങ്ങളിൽ എത്തുമ്പോൾ അവിടുത്തെ ജനങ്ങൾ വളരെ സ്‌നേഹത്തോടെ സ്വീകരിക്കുകയും വീടുകളിൽ താമസ സൗകര്യങ്ങൾ നൽകുകയും ഭക്ഷണം നൽകുകയും ചെയ്തു. ആ യാത്ര വളരെ ഹൃദയ സ്പർശിയായ അനുഭവം അദ്ദേഹത്തിന് നൽകി. ഓരോ ദിവസവും ദൈവത്തിന്റെ സ്‌നേഹം അനുഭവിക്കാൻ കഴിഞ്ഞ ദിവസങ്ങൾ ആയിരുന്നു അത് എന്ന് അച്ചൻ ഓർത്തെടുക്കുന്നു.

ഫ്രാൻസിസ് സേവ്യറുടെ സ്വാധീനം 

ഒരു വൈദികൻ ആകുവാൻ അദ്ദേഹത്തെ നിരവധി ആളുകൾ സ്വാധീനിച്ചിട്ടുണ്ട്. ചെറുപ്പകാലം മുതൽ കണ്ടു വളർന്ന വൈദികർ, സിസ്റ്റർമാർ എല്ലാവരും അദ്ദേഹത്തെ സ്വാധീനിച്ചു. എന്നാൽ അദ്ദേഹത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് വിശുദ്ധരുടെ ജീവചരിത്രം ആയിരുന്നു. അതിൽ പ്രധാനപെട്ടത് ഫ്രാൻസിസ് സേവ്യറുടെ ജീവചരിത്രവും. ” വി. ഫ്രാൻസിസ് സേവ്യറുടെ ജീവിതമാണ് എന്റെ ജീവിതത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയത്” അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ സ്വാധീനിച്ച ഒരു  വൈദികൻ ആയിരുന്നു ചങ്ങനാശേരി അതിരൂപതയിലെ പുരോഹിതനും അദ്ദേഹത്തിന്റെ ബന്ധുവും കൂടി ആയ ഫാ. ഫ്രാൻസിസ്  വടക്കേറ്റം. ചെറുപ്പ കാലം തൊട്ടേ അദ്ദേഹത്തിന്റെ ഒരു സ്വാധീനം അച്ചനില്‍ ഉണ്ടായിരുന്നു.

ഇംഗ്ലണ്ടിലെ ദൈവജനത്തിന് ഇടയാനാവുക 

ഇനി ഇംഗ്ലണ്ടിലെയും സ്കോട്ലൻഡിലെയും ദൈവജനത്തിന് ഇടയൻ ആകുവാൻ ആണ് കെൻസി അച്ചൻ ആഗ്രഹം. ഈ ആഗസ്റ് മുതല്‍ സ്‌കോട്‌ലന്റിലെ സ്കൂളിൽ ആത്മീയ പുരോഹിതൻ  ആയിട്ടും അധ്യാപകൻ ആയിട്ടും  ആണ് അദ്ദേഹത്തിന്റെ ആദ്യ നിയമനം.

പരോഹിത്യത്തിലേക്കുള്ള വഴി 

2007 ജോലി ഉപേഷിച്ച് അദ്ദേഹം  ഈശോ സഭയിലെ  ബ്രിട്ടീഷ് പ്രൊവിൻസില്‍ അംഗമായി. പൂനയില്‍ തത്വശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം റീജന്‍സിയും ലണ്ടന്‍, മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റികളില്‍ ഉപരിപഠനവും നടത്തി ജൂണ്‍ 30 ന്  ലണ്ടനിലെ സെന്‍റ് ഇഗ്നേഷ്യസ് ദേവാലയത്തില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ഓക്സിലറി ബിഷപ്പ് വിന്‍സന്‍റ് ഹഡ്സനിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.

ജോസഫ് തങ്കച്ചന്റെയും കുഞ്ഞമ്മ തങ്കച്ചന്റെയും മൂത്ത മകനായി ഫാ. കെന്‍സി ജനിച്ചു. ജനനവും പന്ത്രണ്ടാം ക്ലാസ് വരെയുള്ള പഠനവും കുവൈറ്റില്‍ തന്നെയായിരിന്നു. ഇടക്ക് രണ്ട് വർഷം ഗൾഫ് യുദ്ധത്തിന്റെ സമയത് നാട്ടിൽ പഠിക്കുകയും ചെയ്തു. പ്ലസ് ടുവിന് ശേഷം മുംബൈ ഐഐടിയില്‍   കംപ്യൂട്ടര്‍ സയന്‍സില്‍ എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കി. യുകെയിലെ നോട്ടിംഗാമില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ ബാങ്കിംഗ് കമ്പനിയായ കാപിറ്റല്‍ വണ്ണിന്റെ യൂറോപ്യന്‍ ഡിവിഷണില്‍ ക്രെഡിറ്റ് റിസ്‌ക് അനലിസ്റ്റായി നാലു വര്‍ഷം ജോലി ചെയ്തു. ഫാ. കെൻസിയുടെ ഏക സഹോദരൻ ഡോ. കെവിൻ ജോസഫ് മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലെ ഫിസിഷൻ ആണ്.

ഫാ. കെന്‍സിയുടെ പ്രഥമ ദിവ്യബലിയര്‍പ്പണം ഞായറാഴ്ച പാലാരിവട്ടം സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് പള്ളിയില്‍ നടക്കും.  സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് പള്ളിയിലെ ഇടവക വികാരി ഡോ ഫാ. ജോർജ്  നെല്ലിശ്ശേരി, അസിസ്റ്റന്റ് വികാരി ഫാ. ഡിബിൻ മീമ്പന്തനോം എന്നിവർ അദ്ദേഹത്തിന്റെ പ്രഥമ ദിവ്യ ബലി അർപ്പണത്തിനുള്ള എല്ലാ സഹായവും നൽകുന്നുണ്ട് എന്ന് ഫാ. കെൻസി  പറഞ്ഞു.കൂടാതെ എറണാകുളം കലൂരിലെ ജെസ്യൂട് ആശ്രമത്തിലെ അംഗങ്ങളും അദ്ദേഹത്തിന്റെ സഹായത്തിനായി ഉണ്ട്.

നിരവധി സംഘർഷങ്ങളും പ്രതിസന്ധികളും നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ ദൈവജനത്തിന് ശുശ്രുഷ ചെയുവാൻ സർവശക്തൻ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ. പ്രഥമ ദിവ്യബലി അർപ്പിക്കുന്ന അദ്ദേഹത്തിന് എല്ലാ പ്രാർത്ഥന ആശംസകളും നേരുന്നു.

ട്രീസാ മാത്യു 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.