തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ റവ. ഫാ. ജോർജ്ജ് ചിറമ്മേൽ അന്തരിച്ചു

ക്രിസ്തുവിനോടുള്ള തീക്ഷ്ണതയിൽ മിഷൻ രംഗത്ത് ദീർഘകാലം പ്രവർത്തിക്കുകയും അജപാലനരംഗത്തും വിദ്യാഭ്യാസമേഖലയിലും സ്തുത്യർഹമായ സംഭാവന നല്കി പ്രശോഭിക്കുകയും ചെയ്ത തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ റവ. ഫാ. ജോർജ്ജ് ചിറമ്മേൽ 2021 ഏപ്രിൽ 22 രാത്രി 8 മണിക്ക് അന്തരിച്ചു. മൃതസംസ്കാരം പിന്നീട്.

ഇരിങ്ങാലക്കുട രൂപത കൽപ്പറമ്പ് ഇടവകയിലെ പരേതരായ ആന്റണി + തെരേസ ദമ്പതികളുടെ മകനായി 1939 ആഗസ്റ്റ് 16 -ന് ജനിച്ചു. തൃശ്ശൂർ മൈനർ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, മദ്രാസിലെ പൂനമല്ലി സെമിനാരി എന്നിവിടങ്ങളിലെ വൈദികപരിശീലനം പൂർത്തിയാക്കിയശേഷം 1967 ഡിസംബർ 19 -ന് ആർച്ച്ബിഷപ്പ് അരുളപ്പയിൽ നിന്ന് പൂനമല്ലിയിൽ വച്ച് തിരുപ്പട്ടം സ്വീകരിച്ചു.

ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ പങ്കുകാരനായി ദൈവജനത്തിനായി ഗുഹാത്തി രൂപതയിലെ ഷിലോങ്ങ് മിഷനിലെ മാർബിസു ഇടവകയിൽ സഹവികാരിയായി അജപാലനശുശ്രൂഷ ആരംഭിച്ച അദ്ദേഹം ഷിലോങ്ങിലെ സെന്റ് പോൾ സ്‌കൂളിലെ പ്രൻസിപ്പാളായി പതിനൊന്നു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തുടർന്ന് തൃശൂർ രൂപതയിലെ ഒല്ലൂർ ഇടവകയിൽ അസി. വികാരിയായും പടവരാട്, ബ്രഹ്മകുളം എന്നിവടിങ്ങളിൽ ആക്ടിങ്ങ് വികാരിയായും പേരാമംഗലം, നന്ദിപുലം, നന്ദിപുലം നോർത്ത്, അരിമ്പൂർ, ആർത്താറ്റ്, ചെമ്മണൂർ, പാലയൂർ, മുല്ലശ്ശേരി, ഇടക്കളത്തൂർ എന്നിവിടങ്ങളിൽ വികാരിയായും മഡോണ തൊഴിലഭ്യസനപീഠം പ്രിൻസിപ്പൾ, മഡോണ റീട്രീറ്റ് സെന്റ്ർ ഡയറക്ടർ, കുരിയച്ചിറ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂൾ മാനേജറും പ്രിൻസിപ്പാളും ആർത്താറ്റ് സിബിഎസി സ്‌കൂൾ സ്ഥാപകനും പ്രഥമ പ്രിൻസിപ്പാളും ഒല്ലൂർ ഹോളി ഏയ്ഞ്ചൽസ് സ്‌കൂളിലെ അധ്യാപകൻ, പേരാമംഗലം വിജയമാത കോളേജ് പ്രിൻസിപ്പാൾ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാന‍ഡ‍യിലെ വാൻകൂവർ രൂപതയിൽ ഒരു വർഷം അജപാലന ശുശ്രൂഷ ചെയ്തിട്ടുണ്ട്. ഗുഹാത്തി യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രപഠനത്തിൽ അദ്ദേഹം മാസറ്റർ ബിരുദ്ദം നേടിയിട്ടുണ്ട്.

2013 ഫെബ്രുവരി 6 മുതൽ തൃശൂർ സെന്റ് ജോസഫ് വൈദികമന്ദിരത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. പൗലോസ് (പരേതൻ), ദേവസി (പരേതൻ), റോസ (പരേത), അന്നക്കുട്ടി (പരേത), കുഞ്ഞിലക്കുട്ടി (പരേത), സി. ബാപ്സ്റ്റിറ്റ (പരേത), മാത്തിരിക്കുട്ടി (പരേത) എന്നിവർ സഹോദരങ്ങളാണ്.

കർത്താവിന്റെ മുന്തിരിത്തോട്ടത്തിൽ അഹോരാത്രം അദ്ധ്വാനിച്ച ചിറമ്മേൽ  ബഹു. ജോർജ്ജ് അച്ചന് തൃശ്ശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ…

ഫാ. നൈസൺ ഏലന്താനത്ത്, തൃശൂർ അതിരൂപത പിആർഒ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.