പൗരോഹിത്യ സുവർണ്ണജൂബിലി നിറവിൽ റവ. ഡോ. ഗീവർഗ്ഗീസ്‌ ചേടിയത്ത് മല്പാൻ

സുമ മാത്യു

അഹറോനെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ല (ഹെബ്രാ. 5:4).

1945 മെയ് മാസം 29-ന് പത്തനംതിട്ട ജില്ലയിലെ അതിരുങ്കൽ എന്ന മലയോര ഗ്രാമത്തിൽ ചേടിയത്ത് കുടുംബത്തിൽ ദാനിയേൽ – സാറാമ്മ ദമ്പതികളുടെ അനുഗ്രഹവും സൗഭാഗ്യവുമായി അവരുടെ കടിഞ്ഞൂൽ പുത്രൻ ജനിച്ചു. മലയോര കർഷകർ ഏറ്റവും അധികം മാദ്ധ്യസ്ഥ്യം യാചിച്ചിരുന്ന വിശുദ്ധനായ ഗീവർഗ്ഗീസിൻ്റെ നാമമാണ് ആ മാതാപിതാക്കൾ അവനു നൽകിയത്.

അദ്ധ്വാനവും കഷ്ടപ്പാടും നിറഞ്ഞ ആ കാലഘട്ടത്തിലും ഗീവർഗ്ഗീസ്  ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർന്നുവന്നു. പഠനത്തിലും ആത്മീയകാര്യങ്ങളിലും ആ കുട്ടി മുൻപന്തിയിലായിരുന്നു. കൂടൽ ഗവൺമെന്റ് സ്ക്കൂളിൽ തൻ്റെ പഠനം പൂർത്തിയായപ്പോൾ ആ വത്സലപുത്രൻ പുരോഹിതനാകാനുള തൻ്റെ ആഗ്രഹം മാതാപിതാക്കളെ അറിയിച്ചു. ‘ഇസ്രായേലിലെ ആദ്യജാതന്മാര്‍ക്കു പകരം ലേവ്യരെ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു’ (സംഖ്യ 8:18) എന്ന വചനത്തിൽ വിശ്വസിച്ച് പൗരോഹിത്യത്തെ ഏറ്റവും ആദരവോടും സ്നേഹത്തോടും കണ്ടിരുന്ന ആ മാതാപിതാക്കൾ മകൻ്റെ ആഗ്രഹത്തെ പ്രാർത്ഥനയോടെ ഹൃദയത്തിൽ സ്വീകരിച്ചു.

മാർ ഈവാനിയോസ് പിതാവിന്റെ ആദർശങ്ങളെയും വ്യക്തിത്വത്തെയും പ്രാർത്ഥനാ ചൈതന്യത്തെയും പിഞ്ചെന്ന് ആ യുവാവ് തിരുവനന്തപുരം മൈനർ സെമിനാരിയിൽ തൻ്റെ വൈദീകപരിശീലനം ആരംഭിച്ചു. തുടർന്ന് വടവാതൂർ സെൻ്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ പരിശീലനം പൂർത്തിയാക്കി. 1969 ഡിസംബർ 20-ന് അഭി. ബനഡിക്ട് മാർ ഗ്രീഗോറിയോസ് പിതാവിൽ നിന്ന് വൈദീകപട്ടം സ്വീകരിച്ച് പ്രഥമ ദിവ്യബലി അർപ്പിച്ചു.

തുടർന്ന് ഗ്രീഗോറിയോസ് പിതാവിന്റെ സെക്രട്ടറിയായും മൈനർ സെമിനാരി വൈസ് റെക്ടറായും നിയമിതനായി. ചേടിയത്തച്ചൻ്റെ ജ്ഞാനതൃഷ്ണയും അക്കാഡമിക് വൈഭവവും തിരിച്ചറിഞ്ഞ അഭി. ബനഡിക്ട് മാർ ഗ്രീഗോറിയോസ് പിതാവ്, അച്ചനെ സഭാപിതാക്കന്മാരെക്കുറിച്ചുള്ള ഉപരിപഠനത്തിനായി റോമിലേയ്ക്ക് അയച്ചു. ‘ക്രിസ്റ്റോളജി ഓഫ് മാർ ബാബായി ദ ഗ്രേറ്റ്’ (Christology of Mar Babai the Great) എന്ന വിഷയത്തിൽ ഡോക്ടറൽ തീസീസ് സമർപ്പിച്ച അച്ചൻ, കേരള കത്തോലിക്കാ സഭയുടെ അഭിമാനമായി ഡോക്ടറേറ്റ് നേടി തിരിച്ചെത്തി.

തുടർന്നുള്ള ദീർഘമായ കാലഘട്ടത്തിൽ വടവാതൂർ സെൻ്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും, കോട്ടയം പൊന്തിഫിക്കൽ ഓറിയൻ്റൽ ഇൻസ്റ്റിറ്റ്യൂട്ടിലും, നാലാഞ്ചിറ മലങ്കര മേജർ സെമിനാരിയിലും, കോട്ടയം സെൻ്റ് എഫ്രേം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും (SEERI), കോട്ടയം മിഷനറി ഓറിയൻ്റേഷൻ സെൻ്ററിലും പ്രൊഫസറായി സേവനമനുഷ്ടിച്ചു.

സഭാപിതാക്കന്മാരെക്കുറിച്ചുള്ള പഠനശാഖയായ ‘പട്രോളജി’യിലെ അറിയപ്പെടുന്ന പണ്ഡിതനും, പ്രോ ഓറിയന്തെ സിറിയക്‌ കമ്മീഷനിലും, ഫോറം സിറിയക്കും ഓഫ് പ്രോ ഓറിയന്തെ ഫൗണ്ടേഷനിലും അംഗവുമാണ് ഈ വന്ദ്യ വൈദീകൻ. ഒപ്പംതന്നെ, അച്ചൻ കത്തോലിക്കാ – സുറിയാനി ഓർത്തഡോക്‌സ്, കത്തോലിക്കാ – മലങ്കര ഓർത്തഡോക്സ് സംവാദങ്ങളിലെ മലങ്കര കത്തോലിക്കാ പ്രതിനിധിയായി പങ്കെടുത്തിരുന്നു. സിനഡൽ കമ്മീഷൻ ഓഫ് തിയോളജിയുടേയും, സീറോ മലങ്കര കത്തോലിക്കാ സഭാ പ്രസിദ്ധീകരണങ്ങളുടെയും കൺസൾട്ടന്റ് ആയും അച്ചൻ പ്രവർത്തിക്കുന്നു.

ജി. ചേടിയത്ത് എന്ന പേരിൽ 118 പുസ്തകങ്ങൾ രചിച്ചിട്ടുള്ള ഈ വൈദീകൻ, കേരള കത്തോലിക്കാ സഭയലെ പല അഭിവന്ദ്യ പിതാക്കന്മാരുടെയും അനേകം വൈദീകരുടെയും ഗുരുഭൂതനാണ്. അച്ചൻ്റെ പുസ്തകങ്ങൾ ഫ്രഞ്ച്, ജർമ്മൻ തുടങ്ങിയ വിവിധ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അച്ചൻ്റെ പുസ്തകങ്ങളിൽ പലതും കേരളത്തിനകത്തും പുറത്തുമുള്ള വിവിധ സെമിനാരികളിൽ വൈദീക വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളാണ്.

‘പൈതൃക പ്രബോധനം’ ആണ് ആദ്യപുസ്തകം. ഒട്ടേറെ രാജ്യാന്തര സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും റിസോഴ്‌സ് പേഴ്സൺ ആവുകയും ചെയ്തിട്ടുള്ള അച്ചൻ, കേരള സഭയുടെ അഭിമാനമാണെന്നതിൽ സംശയമില്ല. അധികാരങ്ങളുടെയും അംഗീകാരങ്ങളുടെയും പ്രഭ തേടി പോകാതിരുന്നിട്ടും കെസിബിസി മീഡിയാ കമ്മീഷൻ്റെ ഗുരുപൂജാ പുരസ്ക്കാരവും മാർത്തോമാ പുരസ്ക്കാരവും മാർ ജോസഫ് കുണ്ടുകുളം അവാർഡും ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ അച്ചനെ തേടിയെത്തി. 2014-ൽ മലങ്കര സുറിയാനി കത്തോലിക്കാ സഭ ‘മല്പാൻ’ സ്ഥാനം നൽകി ആദരിച്ചു.

വി. പോൾ ആറാമൻ പാപ്പായെയും, വി. ജോൺപോൾ രണ്ടാമൻ പാപ്പായെയും, പോപ്പ് എമിരിത്തൂസ്, പരി. ബനഡിക്ട് പതിനാറാമൻ പാപ്പായെയും തിരുസഭയുടെ ഇന്നത്തെ ശബ്ദമായ പരി. ഫ്രാൻസിസ് പാപ്പായെയും വ്യക്തിപരമായി കാണുന്നതിനും സംസാരിക്കുന്നതിനും അച്ചന് ഭാഗ്യം ലഭിച്ചിട്ടുണ്ട്.

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ദ്വിതീയ ആർച്ച്ബിഷപ് അഭി. ബനഡിക്ട് മാർ ഗ്രീഗോറിയോസ് പിതാവിനും, അഭി. സിറിൽ ബസേലിയോസ് കാതോലിക്കാ ബാവായ്ക്കും, സഭയുടെ ഇപ്പോഴത്തെ തലവനും പിതാവുമായ അത്യഭിവന്ദ്യ ബസേലിയോസ് കർദ്ദിനാൾ ക്ളീമ്മീസ് കാതോലിക്കാ ബാവായ്ക്കും ഒപ്പം അച്ചൻ പ്രവർത്തിച്ചിട്ടുണ്ട്.

പത്തനംതിട്ട ഭദ്രാസനത്തിൻ്റെ പ്രഥമ മെത്രാപ്പോലീത്തായായ അഭി. യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്തായ്ക്കൊപ്പവും ഇപ്പോൾ അഭി. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പൊലീത്തായ്ക്കൊപ്പവും അച്ചൻ പ്രവർത്തിക്കുന്നു.

2010-ൽ പത്തനംതിട്ട ഭദ്രാസനം നിലവിൽ വന്നപ്പോൾ മുതൽ ഭദ്രാസനത്തിൻ്റെ ചാൻസലർ ആയി സേവനമനുഷ്ടിക്കുന്നു. ഒപ്പംതന്നെ, പത്തനംതിട്ട സെന്റ് തോമസ് മൈനർ സെമിനാരിയുടെ ആത്മീയ പിതാവായും ആറ്റരികം ഇടവക വികാരിയായും അച്ചൻ ഇപ്പോൾ കർമ്മനിരതനാണ്.

സേവനത്തിൻ്റെയും പ്രാർത്ഥനയുടേയും ലാളിത്യത്തിൻ്റെയും അനുഗ്രഹീതമായ അൻപത് വർഷങ്ങൾ പിന്നിടുമ്പോഴും കർമ്മവീഥിയിൽ യുവത്വം കാത്തുസൂക്ഷിച്ച് തൻ്റെ അടുത്ത പുസ്തകത്തിൻ്റെ പഠനങ്ങളിലും പണിപ്പുരയിലുമാണ് ഈ ആചാര്യൻ.

2004-ൽ അച്ചൻ്റെ വത്സലപിതാവ് സ്വർഗീയ സമ്മാനത്തിനായി വിളിക്കപ്പെട്ടു. 94 വയസിൻ്റെ നിറവിൽ വത്സലമാതാവ് തൻ്റെ എട്ട് മക്കൾക്കു വേണ്ടിയും പ്രാർത്ഥനയോടെ സാക്ഷ്യമായി ജീവിക്കുന്നു. ജേഷ്ഠൻ്റെ പാത പിന്തുടർന്ന സഹോദരൻ ഫാ. തോമസ് ചേടിയത്ത് ഓ.ഐ.സി. യും, സഹോദരീപുത്രൻ ഫാ. ദാനിയേൽ മണ്ണിൽ ഓ.ഐ.സി. യും മാർ ഈവാനിയോസ് പിതാവ് ആരംഭം കുറിച്ച ബഥനി സന്യാസ സമൂഹത്തിൽ അംഗങ്ങളാണ്.

ഈശോയുടെ തിരുഹൃദയത്തിന് യോജിച്ച ഈ പുരോഹിതൻ ഈശോയുടെ തിരുഹൃദയത്തിൻ്റെ സ്നേഹമാണ്. മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ ഏറ്റവും കൂടുതൽ വൈദീകരുള്ളത് അതിരുങ്കൽ ഇടവകയിലാണ്. ദൈവം ദാനമായി നൽകിയ സമൃദ്ധമായ ദൈവവിളികൾക്ക് വന്ദ്യ ചേടിയത്തച്ചൻ നൽകുന്ന മാതൃകയും ഒരു കാരണമാണ്. ക്രിസ്തുവിന്റെ ലാളിത്യത്തിൻ്റെ വഴിയിൽ നടക്കുന്ന വന്ദ്യ ഗീവർഗ്ഗീസ് ചേടിയത്ത് മല്പാനച്ചന് പൗരോഹിത്യ സുവർണ്ണ ജൂബിലിയുടെ പ്രാർത്ഥനാശംസകൾ.

സുമ മാത്യു ചേടിയത്ത്