തൃശൂര്‍ അതിരൂപതയിലെ സീനിയര്‍ വൈദികനായ റവ. ഫാ. ഫ്രാന്‍സിസ് കരിപ്പേരി അന്തരിച്ചു

തൃശൂര്‍ അതിരൂപതയിലെ സീനിയര്‍ വൈദികനായ റവ. ഫാ. ഫ്രാന്‍സിസ് കരിപ്പേരി (83) അന്തരിച്ചു. ആത്മീയഗുരു, ഭൗതികശാസ്ത്ര മികവുള്ള അദ്ധ്യാപകന്‍, എഴുത്തുകാരന്‍, കര്‍മ്മനിരതനായ വികാരി എന്നിങ്ങനെ സേവനമേഖലകളില്‍ പ്രശോഭിച്ച അദ്ദേഹത്തിന്റെ അന്ത്യം 2021 ഫെബ്രുവരി 25-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് ആയിരുന്നു. മൃതസംസ്‌കാരം ഫെബ്രുവരി 26-ന് (വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് 2.30 -ന് പറപ്പൂക്കര ദൈവാലയത്തില്‍ വച്ച് നടത്തപ്പെടും.

മൃതദേഹം 26-ാം തീയതി വെള്ളിയാഴ്ച രാവിലെ 6.30 -ന് തൃശൂര്‍ സെന്റ് ജോസഫ് വൈദികമന്ദിരത്തിലെ വിശുദ്ധ ബലിക്കുശേഷം 7.30 മുതല്‍ 8.30 വരെ തൃശൂര്‍ സെന്റ് ജോസഫ് വൈദികമന്ദിരത്തിലും അതിനുശേഷം രാവിലെ 9.30 മുതല്‍ 10.30 വരെ മുളങ്ങ് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയിലും പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് 10.30 മുതല്‍ മുളങ്ങിലുള്ള ജ്യേഷ്ഠസഹോദരന്റെ മകന്‍ റാഫിയുടെ വസതിയിലേയ്ക്ക് കൊണ്ടുപോയി ഉച്ചകഴിഞ്ഞ് 1.45 വരെ പൊതുദര്‍ശനത്തിനു വയ്ക്കും. ഉച്ചകഴിഞ്ഞ് 1.45 -ന് വീട്ടില്‍ നിന്ന് മൃതസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും.

ഇരിങ്ങാലക്കുട രൂപത പറപ്പൂക്കര ഇടവകയിലെ പരേതരായ ഔസേപ്പ് – ഏല്യ ദമ്പതികളുടെ മകനായി 1938 മെയ് 1 -ന് ജനിച്ചു. തൃശ്ശൂര്‍ മൈനര്‍ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി എന്നിവിടങ്ങളിലെ വൈദികപരിശീലനം പൂര്‍ത്തിയാക്കിയശേഷം 1964 മാര്‍ച്ച് 11 -ന് മാര്‍ ജോര്‍ജ്ജ് ആലപ്പാട്ട് പിതാവില്‍ നിന്ന് തിരുപ്പട്ടം സ്വീകരിച്ചു.

ക്രിസ്തുവിന്റെ പൗരോഹിത്യത്തില്‍ പങ്കുകാരനായി ദൈവജനത്തിനായി പരിയാരം ഇടവകയില്‍ സഹവികാരിയായി അജപാലനശുശ്രൂഷ ആരംഭിച്ച അദ്ദേഹം പുലക്കാട്ടുകര ഇടവകയില്‍ നടത്തുവികാരിയായും കല്ലൂര്‍ പടിഞ്ഞാറ്, പാലക്കല്‍, അയ്യന്തോള്‍, അത്താണി, വെളപ്പായ, കണ്ണംകുളങ്ങര, നെടുപുഴ, ചെവ്വൂര്‍, പുറനാട്ടുകര, കൂനംമൂച്ചി, വരാക്കര, പൂത്തറക്കല്‍, പാലാഴി, ചാഴൂര്‍ എന്നിവിടങ്ങളില്‍ വികാരിയായും സെന്റ് തോമസ് കോളേജ് ഹോസ്റ്റല്‍ വാര്‍ഡനായും കരിസ്മാറ്റിക് പ്രസ്ഥാന ഡയറക്ടറായും പഴുവില്‍ സെന്റ് മേരീസ് ധ്യാനകേന്ദ്ര സഹായിയായും സേവനം ചെയ്തിട്ടുണ്ട്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ എം.എ.സി. ഭൗതികശാസ്ത്രത്തില്‍ റാങ്ക് കരസ്ഥമാക്കിയിട്ടുള്ള അദ്ദേഹം, സെന്റ് തോമസ് കോളേജ് പ്രൊഫസര്‍, വൈദികസമിതി സെക്രട്ടറി, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സേവനം ചെയ്ത ഇടവകകളില്‍ പല നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുള്ള ബഹു. അച്ചന്‍ മികച്ച എഴുത്തുകാരനും ഗാനരചയിതാവും കൂടിയാണ്. അതിനും പുറമേ ഭക്തിഗാന കാസറ്റും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. 2015 ഫെബ്രുവരി 4 മുതല്‍ തൃശൂര്‍ സെന്റ് ജോസഫ് വൈദികമന്ദിരത്തില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.

റപ്പായി (പരേതന്‍), ലാസര്‍ (പരേതന്‍), ത്രേസ്യ എന്നിവര്‍ സഹോദരങ്ങളാണ്.

ഫാ. നൈസണ്‍ ഏലന്താനത്ത്, തൃശൂര്‍ അതിരൂപത പിആര്‍ഒ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.