തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ റവ. ഫാ. ആന്റണി തെക്കിനിയത്ത് അന്തരിച്ചു

കഠിനാദ്ധ്വാനിയായ അജപാലകൻ, കർമ്മനിരതനായ വികാരി, ആത്മീയഗുരു എന്നിങ്ങനെ സേവനമേഖലയിൽ പ്രശോഭിച്ച തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ റവ. ഫാ. ആന്റണി തെക്കിനിയത്ത് (90) 2022 ജനുവരി 27 -ാം തീയതി വൈകിട്ട് 5 മണിക്ക് അന്തരിച്ചു. മൃതസംസ്കാരം ജനുവരി 28, വെള്ളി ഉച്ച കഴിഞ്ഞ് 2.30 -ന് പുതുക്കാട് ഫൊറോന ദൈവാലയത്തിൽ വച്ച്  നടത്തപ്പെടും.

മൃതദേഹം 28-ാം തീയതി വെള്ളിയാഴ്ച രാവിലെ 6.30 -ന് തൃശൂർ സെന്റ് ജോസഫ് വൈദികമന്ദിരത്തിലെ വിശുദ്ധ ബലിക്കു ശേഷം 7.30 മുതൽ 8.30 വരെ തൃശൂർ സെന്റ് ജോസഫ് വൈദികമന്ദിരത്തിലെ പൊതുദർശനത്തിനു വയ്ക്കും. ശേഷം  പുതുക്കാടുളള (കാഞ്ഞൂപ്പാടം) ജ്യേഷ്ഠസഹോദരന്റെ മകൻ തെക്കിനിയത്ത് ലോനപ്പൻ ജോസിന്റെ വസതിയിൽ രാവിലെ 9.15 മുതൽ 10.30 വരെയും പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് 10.30 -ന് വീട്ടിൽ നിന്ന് മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതായിരിക്കും. രാവിലെ 11 മണി മുതൽ 2.30 വരെ പുതുക്കാട് ഫൊറോന പളളിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്.

തൃശൂർ അതിരൂപത പുതുക്കാട് ഇടവകയിലെ പരേതരായ കുഞ്ഞിപ്പാവു – കുഞ്ഞനം ദമ്പതികളുടെ മകനായി 1932 ജനുവരി 21 -ന് ജനിച്ചു. തൃശ്ശൂർ മൈനർ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി എന്നിവിടങ്ങളിലെ വൈദിക പരിശീലനം പൂർത്തിയാക്കിയ ശേഷം 1960 മാർച്ച് 13 -ന് മാർ ജോര്‍ജ് ആലപ്പാട്ട് പിതാവിൽ നിന്ന് തിരുപ്പട്ടം സ്വീകരിച്ചു.

ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ പങ്കുകാരനായി ദൈവജനത്തിനായി ലൂർദ്ദ് കത്തീഡ്രൽ ഇടവകയിൽ സഹവികാരിയായി അജപാലന ശുശ്രൂഷ ആരംഭിച്ച അദ്ദേഹം ഇരിഞ്ഞാലക്കുട, പരിയാരം എന്നീ ഇടവകകളിൽ സഹവികാരിയായും വെളളാറ്റഞ്ഞൂർ, തയ്യൂർ, തിരൂർ, വെളപ്പായ, തങ്ങാലൂർ, വല്ലച്ചിറ, പല്ലിശ്ശേരി, കുരിയച്ചിറ, എരുമപ്പെട്ടി, പാത്രമംഗലം, കടങ്ങോട്, വെളളറക്കാട്, തൃപ്രയാർ, അരണാട്ടുകര, ചെവ്വൂർ, പുത്തൻപീടിക, നെല്ലിക്കുന്ന് എന്നിവിടങ്ങളിൽ വികാരിയായും തൃശൂർ ബസിലിക്ക, പഴുവിൽ എന്നിവിടങ്ങളിൽ ഫൊറോന വികാരിയായും സെന്റ് മേരീസ് ഓർഫനേജ് പ്രസ്, സെന്റ് മേരീസ് ഐ.ടി.സി. ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്. പാസ്റ്ററൽ കൗൺസിൽ അംഗമായിരുന്ന അദ്ദേഹം പ്രസ്ബിറ്ററൽ കൗൺസിൽ അംഗം, സ്കൂള്‍ അഡ്വൈസറി അംഗം, സ്കൂള്‍ ഇന്റർവ്യൂ ബോർഡ് അംഗം, വിവിധ സ്കൂളുകളുടെ മാനേജർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സേവനം ചെയ്ത ഇടവകകളിൽ പല നിർമ്മാണപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിട്ടുള്ള ബഹു. അച്ചൻ 2008 ഫെബ്രുവരി 6 മുതൽ തൃശൂർ സെന്റ് ജോസഫ് വൈദികമന്ദിരത്തിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

പരേതരായ പൗലോസ്, ലോനപ്പൻ, കുഞ്ഞിലക്കുട്ടി, ഫാ. ജോസഫ് തെക്കിനിയത്ത്, റവ. സി. മലാക്കിയാസ് സി.എം.സി. എന്നിവർ സഹോദരങ്ങളാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.