ഇടയൻ പടിയിറങ്ങുമ്പോൾ…

ഫാ. ക്ലീറ്റസ് കാരക്കാടൻ

ഓർമ്മയുടെ മുഖത്ത്‌ മാറാല ചാർത്തുന്നത്‌ മറവിയാണ്‌. മറവിയില്ലാത്ത മനുഷ്യരില്ല. എന്നാൽ, ഒരാൾ ചെയ്ത നന്മ ഒരു ജീവിതകാലം മുഴുവൻ നമുക്ക്‌ അനുഗ്രഹമാകുമെങ്കിൽ ആ നന്മയേയും ആ ദാതാവിനേയും ഒരാളും ഒരു കാലത്തും മറക്കുകയില്ല. ആലപ്പുഴ രൂപതയ്ക്കും ലോകാന്ത്യം വരെ ഓർമ്മിക്കുവാൻ നന്മ ചെയ്ത ഒരു ദാതാവുണ്ട്‌. തന്റെ ജീവിതം മുഴുവനും ആലപ്പുഴ രൂപതയ്ക്കും കത്തോലിക്കാ തിരുസഭയ്ക്കും വേണ്ടി നിർലോഭം സമർപ്പിച്ച ഒരു വലിയ ഇടയൻ – അഭിവന്ദ്യനായ സ്റ്റീഫൻ പിതാവ്‌.

നീണ്ട പത്തൊൻപതു വർഷക്കാലം ആലപ്പുഴ രൂപതയുടെ പ്രധാന ശുശ്രൂഷകനായി വിശ്രമമില്ലാതെ പൗരോഹിത്യശുശ്രൂഷ നിർവ്വഹിച്ചതിനുശേഷം തന്റെ പിൻഗാമിയായി നിയുക്തനായ ജെയിംസ്‌ ആനാപറമ്പിൽ പിതാവിന്റെ പ്രധാനശുശ്രൂഷയ്ക്ക്‌ രൂപതയെ ഭരമേൽപ്പിച്ചിട്ട്‌ അഭിവന്ദ്യ സ്റ്റീഫൻ പിതാവ്‌ രൂപതാശുശ്രൂഷയുടെ അമരത്തു നിന്ന് പടിയിറങ്ങുകയാണ്‌..

നീണ്ട അമ്പതു കൊല്ലമാണ്‌ സ്റ്റീഫൻ പിതാവ്‌ പുരോഹിതവൃത്തിയിൽ ആലപ്പുഴ രൂപതയ്ക്കു വേണ്ടിയും കേരളസഭയ്ക്കും ആഗോള കത്തോലിക്കാ സഭയ്ക്ക് പൊതുവായും അജപാലകനായത്‌. ഇപ്പോൾ എഴുപത്തിയഞ്ചു വയസ് പൂർത്തിയായി. ഇടവക വികാരി, സെമിനാരി അധ്യാപകൻ, സാമൂഹ്യസേവന പ്രവർത്തകൻ, രൂപതാ മെത്രാൻ എന്നിങ്ങനെ വിവിധ മേഖലകളിലായിരുന്നു പൗരോഹിത്യശുശ്രൂഷ ചെയ്തത്‌. പിതാവിനെ അടുത്തറിയുന്ന എല്ലാവരും അദ്ദേഹത്തിന്റെ ലാളിത്യം നിറഞ്ഞ ജീവിതത്തെക്കുറിച്ച്‌ മനസ്സിലാക്കിയിട്ടുണ്ടാവും. ലോകത്തിന്റെ വശ്യമായ സുഖസൗകര്യങ്ങളെ എന്നും അദ്ദേഹം തന്റെ ജീവിതത്തിൽ നിന്നും വളരെ ദൂരത്തേയ്ക്ക്‌ മാറ്റിനിർത്തിയിരുന്നു. ഉടുക്കുന്ന വസ്ത്രം മുതൽ ഉണ്ണുന്ന ഭക്ഷണത്തിലും യാത്ര ചെയ്യുന്ന വാഹനത്തിലുമെല്ലാം ഈ ലാളിത്യം അദ്ദേഹം ബോധപൂർവ്വം പുലർത്തിയിരുന്നു. നലം തികഞ്ഞ ആത്മീയജീവിതവും വിശുദ്ധിയും സഹാനുഭൂതിയും നിറഞ്ഞ പെരുമാറ്റവും അദ്ദേഹത്തിന്റെ ജീവിതവഴികളിലെന്നും പൂത്തുനിന്നത്‌ നാനാവിഭാഗമാളുകൾക്കും പിതാവിനെ സമീപസ്ഥനാക്കി.

പിതാവിന്റെ ഉള്ളിലെന്നും, തീരവും തിരമാലകളോടു മത്സരിച്ചു ജീവിക്കുന്ന വലിയൊരു വിഭാഗം തീരദേശ നിവാസികൾക്കും ചെറുതല്ലാത്ത ഒരിടമുണ്ടായിരുന്നു. സുനാമി ദുരന്തത്തിനുശേഷം മത്സ്യത്തൊഴിലാളികളെ വാഗ്ദാനങ്ങൾ കൊടുത്ത് വഞ്ചിച്ച സർക്കാരിനെതിരെ മത്സ്യത്തൊഴിലാളികൾ നടത്തിയ ഐതിഹാസിക സമരത്തിനു നേതൃത്വം കൊടുത്തതു തന്നെയാണ്‌, തീരദേശത്തെ ജനങ്ങളെ അദ്ദേഹം എത്രമാത്രം ഹൃദയത്തിൽ കൊണ്ടുനടന്നുവെന്നതിന്റെ ഉത്തമ ഉദാഹരണം. ആത്മീയമേഖലയിലെന്നപോലെ ജനത്തിന്റെ ഭൗതീകവളർച്ചയും അനിവാര്യമാണെന്ന കാഴ്ചപ്പാട് പ്രവർത്തിപപദത്തിലെത്തിക്കാൻ സ്റ്റീഫൻ പിതാവ്‌ നിരന്തരം പരിശ്രമിച്ചിരുന്നു. അതുകൊണ്ട്‌ വിദ്യാഭ്യാസരംഗത്തും, പുനരധിവാസ പ്രവർത്തനരംഗത്തും, ആതുരാശുശ്രൂഷാ മേഖലയിലും അദ്ദേഹത്തിന്റെ സത്വരശ്രദ്ധ കടന്നുചെന്നതിന്റെ ഗുണം അനുഭവിക്കുന്നവർ അനേകരാണ്‌.

രൂപതയിലെ മുഴുവൻ കത്തോലിക്കാ വിശ്വാസികളുടെയും പ്രധാന ഇടയനായി അവരുടെ ആത്മീയവും ഭൗതീകവുമായ ഉന്നമനത്തിനു വേണ്ടി വിശ്രമമില്ലാതെ പ്രവർത്തിക്കുമ്പോഴും ആലപ്പുഴ ജില്ലയിലെ നാനാജാതി മതസ്തരായ മുഴുവൻ ജനത്തിന്റെയും വളർച്ചയ്ക്കുവേണ്ടി അദ്ദേഹം പ്രവർത്തിച്ചിരുന്നു. എല്ലാ കൊല്ലവും ഡിസംബർ മാസം ആലപ്പുഴയിലെ ജില്ലാ കളക്ടർമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവരെ ഒരു അത്താഴമേശയ്ക്കു ചുറ്റും വിളിച്ചുകൂട്ടി അവർ ചെയ്യുന്ന സേവനങ്ങൾക്ക്‌ ആലപ്പുഴ ജില്ലയിലെ സകല ജനങ്ങളുടേയും പേരിൽ നന്ദി പറയുകയും, ആലപ്പുഴ ജില്ലയിലാകമാനം നിരന്തരം യാത്ര ചെയ്യുമ്പോൾ അറിയാൻ കഴിഞ്ഞ ജനത്തിന്റെ ആകുലതകളും ആശങ്കകളും പിതാവ്‌ ആലപ്പുഴയിലെ സർക്കാർ സേവകരെ അറിയിക്കുകയും ചെയ്തിരുന്നു.

തന്റെ രൂപതാ ചുമതലകളുടെ തലപ്പത്തു നിന്ന് പടിയിറങ്ങുന്ന സ്റ്റീഫൻ പിതാവിന് തുടർന്നും തന്റെ പൗരോഹിത്യശുശ്രൂഷ അഭംഗുരം തുടരുവാൻ ആരോഗ്യവും ദീർഘായുസും നിത്യപുരോഹിതനായ ക്രിസ്തു നൽകട്ടെയെന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ഫാ. ക്ലീറ്റസ് കാരക്കാടന്‍