ജ്യേഷ്ഠസഹോദരനെ സന്ദര്‍ശിച്ച് പോപ്പ് എമരിറ്റസ് ബനഡിക്ട് പതിനാറാമന്‍

തൊണ്ണൂറ്റിയാറു വയസും പ്രായാധിക്യത്താല്‍ രോഗിയുമായ ജ്യേഷ്ഠസഹോദരന്‍ മോണ്‍. ജോര്‍ജ് റാറ്റ്‌സിംഗറെ ജര്‍മ്മനിയിലെത്തി കണ്ട്, പോപ്പ് എമരിറ്റസ് ബനഡിക്ട് 16-ാമന്‍. സഹോദരന്റെ ആരോഗ്യസ്ഥിതി അനുദിനം ക്ഷയിച്ചുവരുന്ന സാഹചര്യത്തിലാണ് 93 വയസുകാരനായ ബനഡിക്ട് പാപ്പാ, ഇരുവരുടെയും ജന്മദേശമായ ബവേറിയയില്‍ എത്തിയത്. 2013-ല്‍ പാപ്പാസ്ഥാനത്തു നിന്ന് രാജിവച്ച ശേഷം ആദ്യമായാണ് ബനഡിക്ട് 16-ാമന്‍ ഇറ്റലിക്കു പുറത്തേയ്ക്ക് യാത്രചെയ്യുന്നത്.

സെക്രട്ടറി ആര്‍ച്ച്ബിഷപ്പ് ജോര്‍ജ് ഗ്വാന്‍സ്വയ്‌നും ആരോഗ്യശുശ്രൂഷകര്‍ ഉള്‍പ്പെടുന്ന ഒരു ചെറുസംഘവും അദ്ദേഹത്തെ അനുഗമിച്ചിട്ടുണ്ടെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മറ്റിയോ ബ്യൂണി അറിയിച്ചു. റേഗന്‍സ്ബുര്‍ഗില്‍ സഹോദരനൊപ്പം ഏതാനും ദിവസം അദ്ദേഹം ചെലവഴിക്കുമെന്നും വത്തിക്കാന്റെ അറിയിപ്പില്‍ പറയുന്നു. രൂപതാ സെമിനാരിയിലാവും അദ്ദേഹത്തിന്റെ താമസമെന്നും സൂചനയുണ്ട്. സഹോദരങ്ങള്‍ തമ്മില്‍ ഈ ലോകത്തില്‍ വച്ച് നടത്തുന്ന അവസാന കൂടിക്കാഴ്ചയാകാം ഇതെന്നും മാധ്യമങ്ങള്‍ അവരുടെ കൂടിക്കാഴ്ചയ്ക്ക് ആവശ്യമായ സ്വകാര്യത നല്‍കണമെന്നും രൂപാതകേന്ദ്രം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.