ഫിലിപ്പീൻസിലെ മുൻ ആർച്ചുബിഷപ്പ് കോവിഡ് ബാധിച്ചു മരിച്ചു 

ഫിലിപ്പീന്‍സിലെ ലിംഗായൻ ഡാഗുപ്പാൻ അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഓസ്കാര്‍ വി ക്രൂസ് കോവിഡ് ബാധയെ തുടർന്നു  അന്തരിച്ചു. ഇന്നലെ മനിലയിലെ സാന്‍ ജുവാന്‍ നഗരത്തിലെ കര്‍ദ്ദിനാള്‍ സാന്റോസ് മെഡിക്കല്‍ സെന്റര്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു മരണം. 75 വയസായിരുന്നു.

റോമിലെ ലാറ്ററന്‍ സര്‍വ്വകലാശാലയില്‍ നിന്നും കാനോനിക നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ആര്‍ച്ച് ബിഷപ്പ് ക്രൂസ് അറിയപ്പെടുന്ന കാനോനിക നിയമജ്ഞരില്‍ ഒരാളായിരുന്നു. ഫിലിപ്പീന്‍സ് പ്രസിഡന്റ്മാരുടെ തെറ്റായ നടപടികളെ പരസ്യമായി വിമര്‍ശിച്ചിട്ടുള്ള വ്യക്തികൂടിയായിരുന്നു അദ്ദേഹം.

ദേശീയ മെത്രാന്‍ സമിതിയുടെ (സി.ബി.സി.പി) മുന്‍ പ്രസിഡന്റ്, ഏഷ്യന്‍ മെത്രാന്‍ സമിതി ഫെഡറേഷന്‍ (എഫ്.എ.ബി.സി) പ്രസിഡന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം 2009-ൽ വിരമിച്ചു. ‌ശേഷം സി.ബി.സി.പി നാഷ്ണല്‍ ട്രിബ്യൂണലിന്റെ ജഡീഷ്യല്‍ വികാരിയായി സേവനം ചെയ്തുവരികയായിരുന്നു അദ്ദേഹം. സി.ബി.സി.പി പ്രസിഡന്റായി രണ്ടുവട്ടം തെരഞ്ഞെടുക്കപ്പെട്ടതും, എഫ്.എ.ബി.സി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതും മെത്രാപ്പോലീത്ത ക്രൂസിന്റെ യോഗ്യതകള്‍ക്കുള്ള അംഗീകാരമാണെന്നു ബിഷപ്പ് അര്‍ട്ടുറോ ബാസ്റ്റെസ് ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.