ഉത്ഥാനം മനുഷ്യചരിത്രത്തിലെ ഏറ്റവും അത്ഭുതകരമായ സംഭവമെന്ന് ഫ്രാന്‍സിസ് പാപ്പാ

ക്രിസ്തുവിന്റെ പുനരുത്ഥാനം മാനവചരിത്രത്തിലെ ഏറ്റവും അത്ഭുതകരവും ഞെട്ടലുളവാക്കിയതുമായ സംഭവമാണെന്ന് ഫ്രാന്‍സിസ് പാപ്പ. തിങ്കളാഴ്ച, സെന്റ്. പീറ്റേഴ്‌സ് സ്‌ക്വയറില്‍ കൂടിയ വിശ്വാസികള്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം വ്യക്തമാക്കിയത്.

മനുഷ്യന് ചിന്തിക്കുവാന്‍ കഴിയാത്ത കാര്യമാണ് സംഭവിച്ചത്. എന്റെ പ്രത്യാശയായ ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റു. അവനിലൂടെ നാമും മരണത്തില്‍ നിന്ന് ജീവനിലേയ്ക്കും അടിമത്വത്തില്‍ നിന്ന് സ്‌നേഹത്തിന്റെ സ്വതന്ത്ര്യത്തിലേയ്ക്കും ഉയര്‍ത്തെഴുന്നേറ്റു. ഉത്ഥിതനായ ഈശോ നമുക്ക് പിന്നിലൂടെ നടക്കുന്നുണ്ട്. പ്രാര്‍ത്ഥനയിലൂടെയും ആഴമായ വിശ്വാസത്തിലൂടെയും നന്ദിപ്രകടനത്തിലൂടെയും, തന്നെ സ്‌നേഹിക്കുകയും വിളിക്കുകയും ചെയ്യുന്നവരെ അവന്‍ സ്‌നേഹിക്കുന്നു. പാപ്പാ പറഞ്ഞു.

ഉത്ഥാനം ചെയ്ത ഈശോയെക്കുറിച്ച് ശിഷ്യന്മാരെ അറിയിച്ച സ്ത്രീകളെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ സ്ത്രീകളുടെ പ്രാധാന്യം വ്യക്തമാക്കി. ഉത്ഥിതനെ ആദ്യം കണ്ടതും അവന്‍ ജീവിച്ചിരിക്കുന്നു എന്ന സദ്വാര്‍ത്ത ആദ്യം അറിയിച്ചതും സ്ത്രീകളായിരുന്നു. ഉത്ഥിതന്‍ അന്ന് പകര്‍ന്ന സന്ദേശം ഇന്നും സമൂഹത്തില്‍ പകരുവാനുള്ള കടമ ഓരോ സ്ത്രീക്കും ഉണ്ട്. അതിന് ഭയപ്പെടേണ്ട. ധൈര്യത്തോടെ പോയി പ്രഘോഷിക്കുക. ഉത്ഥിതന്‍ പകര്‍ന്ന സന്ദേശം അതിന്റെ പൂര്‍ണ്ണതയില്‍ സ്വീകരിക്കുവാന്‍ മറിയത്തിന്റെ മാദ്ധ്യസ്ഥം തേടാം. പാപ്പാ സ്ത്രീകളോട് ആഹ്വാനം ചെയ്തു.