അസ്വസ്ഥതകളിലും സ്വസ്ഥതയുടെ തിരി തെളിയിച്ചവര്‍

ജിന്‍സി സന്തോഷ്‌

ഒത്തിരിയേറെ അസ്വസ്ഥതകൾക്കു നടുവിലേയ്ക്കായിരുന്നു യേശുവിന്റെ ജനനം. ഗബ്രിയേൽ മാലാഖയിൽ നിന്ന് മംഗളവാർത്ത ലഭിച്ചപ്പോൾ, ഈ അഭിവാദനത്തിന്റെ അർത്ഥമെന്തന്ന് ചിന്തിച്ച് മറിയം അസ്വസ്ഥയായി എന്ന് വചനം സാക്ഷ്യപ്പെടുത്തുന്നു. താനുമായി വിവാഹനിശ്ചയം കഴിഞ്ഞ മറിയത്തെ ഗർഭാവസ്ഥയിൽ, ആരുമറിയാതെ എങ്ങനെ അപമാനത്തിൽ നിന്നും രക്ഷപെടുത്താം എന്നു ചിന്തിച്ച് ജോസഫ് അസ്വസ്ഥനായി. തന്റെ സ്വപ്നങ്ങളെ ദൈവത്തിന്റെ സ്വപ്നങ്ങളോട് ചേർത്തുവച്ചാണ് ജോസഫ് തന്റെ അസ്വസ്ഥതയെ സ്വസ്ഥമാക്കിയത്.

നിറവയറോടെ നസ്രത്തിലെ പട്ടണവാതിലുകളെല്ലാം മുട്ടിയിട്ടും തുറക്കാതിരുന്ന വാതിലുകൾക്കു മുമ്പിൽ ജോസഫും പ്രസവാരിഷ്ടതകളാൽ മറിയവും അസ്വസ്ഥരായി. ഇത്രയേറെ അസ്വസ്ഥതകൾ ഉണ്ടായിട്ടും ഉദരത്തിലുള്ളത് ദൈവപുത്രനാണ് എന്നറിഞ്ഞിട്ടും ദൈവസന്നിധിയിൽ പരാതികളോ എതിർചിന്തയോ ഉന്നയിക്കാതെ ദൈവികപദ്ധതികളോട് അവർ പൂർണ്ണമായും സഹകരിച്ചു.

യേശുവിന്റെ ജനനവാർത്തയറിഞ്ഞ് ഹേറോദേസും അസ്വസ്ഥനായി. നിഷ്കളങ്കരായ കുഞ്ഞുങ്ങളെ കൊന്നൊടുക്കാൻ മാത്രം ക്രൂരമായി ആ അസ്വസ്ഥത വളർന്നു. അസ്വസ്ഥതകളെ ദൈവികപദ്ധതിയുടെ ഭാഗമായി കാണാൻ, സ്വസ്ഥതയുടെ തിരി തെളിക്കാൻ ഈ ക്രിസ്തുമസ് അസ്വസ്ഥതകളെക്കുറിച്ചുള്ള ധ്യാനം
നിന്നെ സഹായിക്കും.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.