ഒരു ചിത്രത്തിനും കുറെ വാക്കുകൾക്കും ഒടുവിൽ ഒരു ക്രിസ്തുമസ്സ് ആശംസ 

ഫാ. ജസ്റ്റിൻ കാഞ്ഞൂത്തറ

‘കൊല്ലപ്പെട്ടവർ കൊല്ലപ്പെട്ടത് കൊല്ലപ്പെട്ട ചിലരെ കൊന്നതുകൊണ്ടാണെന്നും ആ ചില രാകട്ടെ കൊല്ലപ്പെട്ട വേറെ ചിലരെ കൊന്നതു കാെണ്ടാണെന്നും നാം നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടിയിരിക്കുന്നു’ ആമോസ് ഓസ്

പ്രതികാരം പ്രതികാരത്തെ ജനിപ്പിക്കുന്നു കൊലപാതകം കൊലപാതകത്തെയും. യുദ്ധവും കലയും തമ്മിൽ സാമ്യങ്ങൾ ഉണ്ടെങ്കിലും അവയുടെ അടിസ്ഥാന ഭാവങ്ങൾ അവയെ വ്യത്യസ്മാക്കുന്നു. യുദ്ധം സംഹാരത്തിനും കല സൃഷ്ടിക്കും കാരണമാകുന്നു. യുദ്ധം യുദ്ധത്തെയും വ സാഹിത്യം സഹിതമായവയെയും രൂപപ്പെടുത്തുന്നു. സൃഷ്ടിപരതയെ മുറുകെ പിടിക്കാൻ ഉത്തരവാദിത്വമുള്ള മതം യുദ്ധത്തെയും പ്രതികാരത്തെയും ഉപേക്ഷിച്ച് കലയും സംസ്കാരവും വളർത്തുക എന്നതായിരിക്കും ഉചിതം.

2016 ഡിസംബർ മാസം കേരള സാഹിത്യ സാംസ്കാരിക മേഖലകളിലും വിവാദങ്ങൾ പെരുകാൻ കാരണം ഇതാണ്. 1892 ൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു എന്ന് അവകാശപ്പെടുന്ന ‘ഭാഷാപോഷിണി’ കേരള ഭാഷയ്ക്കും സംസ്കാരത്തിനും നൽകിയിരിക്കുന്ന സംഭാവന വളരെ വലുത് തന്നെയാണ്. മലയാള ഭാഷയിൽ ഇന്നു നിലവിലുള്ള മറ്റേതൊരു സാഹിത്യ സാംസ്കാരിക മാസികയ്ക്കും സ്വപ്നം കാണാനാകുന്നതിലുമധികം സ്ഥാനം മലയാളിയുടെ അക്ഷരത്തറവാട്ടിൽ നിന്ന് പുറപ്പെടുന്ന ഈ താളുകൾക്ക് നൽകിയിട്ടുണ്ട്. എന്നാൽ മാനവികതയെ പരിപോഷിപ്പിക്കേണ്ട ഭാഷപോഷിണി കച്ചവടത്തിന്റെ മാനങ്ങൾ സ്വീകരിക്കരുതായിരുന്നു എന്നാണെന്റെ പക്ഷം. ആ ചിത്രത്തിൽ വസ്ത്രമുരിഞ്ഞു നിർത്തിയത് ഒരു മാതാഹാരി എന്ന മനുഷ്യ വ്യക്തിയെ ആയിരുന്നു.  ഒരു സ്ത്രീയുടെ ചിത്രം മാധ്യമക്കമ്പോളത്തിൽ കെട്ടിത്തൂക്കിയിട്ട്  വിലപേശുന്നത് തെറ്റു തന്നെയാണ്. രണ്ടാമതാണ് അതിലെ ക്രിസ്തുമത സ്വാധീനത്തിന്റെ സൂചനകളെ ഞാൻ ചിന്തിക്കുന്നത്.

രണ്ട് ആരോപണങ്ങളും ഗുരുതരമായി കരുതുന്നവരുണ്ടാകാം. എന്നാൽ പ്രതികരിക്കാനും പ്രതിഷേധിക്കാനും മാത്രമേ നമുക്ക് അർഹതയുള്ളു. ശിക്ഷയ്ക്കും വിധിയ്ക്കുമുള്ള അവകാശം കിസ്തു തന്റെ ശിഷ്യർക്ക് നൽകിയിട്ടില്ല. വിവാദമാകാവുന്ന അക്ഷരക്കൂട്ടങ്ങളും ചിത്രങ്ങളും ചുവരുകളിലും താളുകളിലും പ്രത്യക്ഷപ്പെട്ടു കൊണ്ടേയിരിക്കാം. കോളേജ് ചുവരിലെ കരിമഷിയിൽ മെനഞ്ഞെടുത്ത അക്ഷരങ്ങൾക്ക് മാസികയിലെ ചിത്രത്തെക്കാളും മുറിവ് സാധ്യത ഏറെ ആയിരുന്നു താനും.

എങ്കിലും നമ്മുടെ പ്രതികരണ രീതികളിൽ തെറ്റുകൾ വന്നോ എന്നു പരിശോധിക്കേണ്ടതുണ്ട്.

 1.  പ്രതികരണരീതി: ഒന്നിനെയും നശിപ്പിക്കാൻ നമുക്ക് അനുവാദമില്ല. ജീവന്റെ സുവിശേഷത്തെ പ്രഘോഷിക്കുന്ന ക്രിസ്ത്യാനിക്ക് കൊല യെ പിന്തുണയ്ക്കാനാകില്ല. ഒരു മാസികയെ സംബധിച്ച് അതിന്റെ വായനക്കാർ ഇല്ലാതാകുന്നതാണ് അതിന്റെ മരണം. ചിത്രകാരനെ സംബന്ധിച്ച് ചിത്രങ്ങൾ ഉപേക്ഷിക്കപ്പെടുന്നതും. അക്ഷരത്തെറ്റു കണ്ട് ഉപേക്ഷിച്ചു കളയുക എന്നത് ഗുരുധർമ്മം അല്ല. ഭാഷാപോഷിണിയും അതിലെ അണിയറക്കാരും ഒരു പിഴവു കൊണ്ട് അപമാനിക്കപ്പെട്ട് പുറന്തള്ളപ്പെടുന്ന അവസ്ഥ ഉണ്ടാകരുത്.

2. ഉദ്ദേശശുദ്ധി: അനേകം പേർ വാദമുഖങ്ങളുമായി മുന്നോട്ടുവന്നു. അവരിൽ എത്ര പേർ നല്ല ലക്ഷ്യത്തോടെ ആയിരുന്നു വന്നതെന്നറിയില്ല.  ഭാഷാപോഷിണിയുടെ കടലാസ് പ്രതലത്തിലുമധികം ഇലകേടാണിക് മാധ്യമങ്ങളുടെ മുഖങ്ങളിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. പ്രതികരണമായി രൂപപ്പെട്ട ഇവയിലെങ്ങും ചിത്രത്തിലെ സ്ത്രീയെ വസ്ത്രം ധരിപ്പിച്ചു കണ്ടില്ല. പ്രതികരിച്ചവരിൽ പലരുടെയും ഉദ്ദേശ്യശുദ്ധി ഇവിടെയാണ് സംശയകരമാകുന്നത്.

3. ധർമ്മം: ഒരു ചിത്രവും ചിലവാക്കുകളും നമ്മെ അസ്വസ്ഥരാക്കിയിട്ടുണ്ട് . എന്നാൽ ഇതിനെതിരെയുള്ള പ്രതികരണങ്ങൾ ഇതിന് കാരണമായവരുടെയോ അനുകൂലിച്ചവരുടെയോ കുടുംബാംഗങ്ങൾക്ക് നേരെയുള്ള അവഹേളനങ്ങൾ ആകരുത് .  അത് നീതികേടാണ്.

കല യുദ്ധത്തിന്റെ പുറംചട്ടയണിഞ്ഞപ്പോൾ നഷ്ടങ്ങൾ  ഏറെയുണ്ടായി. ഭാഷാപോഷിണിയുടെ പുറം താളിന്റെ  നിറപ്പകിട്ടിൽ മനം മയങ്ങിയല്ല ഞങ്ങൾ നിങ്ങളെ സ്വീകരിച്ചത്, മറിച്ച് അകത്താളുകളിൽ കുനുകുനാ എഴുതിയ അക്ഷരങ്ങളുടെ കനം കണ്ട് മനസ് നിറഞ്ഞതുകൊണ്ടാണ്. അക്ഷരത്തിന്റെ അനശ്വരതയെ കൂട്ടുപിടിച്ചാൽ ഞങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ട്.  ജനുവരി മുതൽ ഭാഷാപോഷിണിയുടെ ഒരു പതിപ്പ് എന്റെ കയ്യിലുണ്ടാകും. വീഴുമ്പോൾ കൈ പിടിച്ചെഴുന്നേൽപ്പിക്കുന്ന സഹതാപം കൊണ്ടല്ല, ദൈവത്തിൽ എനിക്ക് വിശ്വാസവും നിങ്ങളോട് ആദരവും ഉള്ളതുകൊണ്ടാണ് … എന്റെ വാക്കുകളെ നിർമ്മിച്ചെടുക്കാൻ സഹായിച്ചതിൽ നിങ്ങളോട് എനിക്ക് കടപ്പാടുമുണ്ട്.  നിങ്ങൾ വേദനിപ്പിച്ചു… അത്  മറക്കാൻ ഞാൻ തയ്യാറാണ്… കാരണം ഞാൻ ഒരു ക്രിസ്ത്യാനിയാണ്.

ടോം ജെ വട്ടക്കുഴി എന്ന ചിത്രകാരൻ ഇനിയും വരയ്ക്കണം. താങ്കൾ എളുപ്പത്തിൽ ഈ ചിത്രത്തിന്റെ രചനാകാലഘട്ടം അതിജീവിച്ചു എന്നെനിക്ക് തോന്നുന്നില്ല. മാതാഹാരി എന്നറിയപ്പെടുന്ന മാർഗ്ഗരീത്ത ചരിത്രത്തിന് തന്നെ ഒരു നൊമ്പരപ്പെടുത്തുന്ന ഓർമ്മയാണല്ലോ. ദൈവം കനിഞ്ഞു നൽകിയ വര എന്ന വരദാനം താങ്കൾക്കുണ്ട്.

പാഠ്യശാലകളുടെ ചുവരുകളിൽ യുവതലമുറയുടെ ദർശനങ്ങൾ എഴുതി വയ്ക്കപ്പെടണം. വെറുപ്പിൽ പുഴുങ്ങിയെടുത്ത വർഗീയതയല്ല സ്വപ്നങ്ങളിൽ നെയ്തെടുത്ത വാക്കുകളാകണം. കരിയുടെ തുണ്ടു കൊണ്ട് കരിപുരണ്ട മനുഷ്യ ജീവിതങ്ങളെക്കുറിച്ച് എഴുതണം. വിറയ്ക്കുന്ന കൈ കൊണ്ട് പാവപ്പെട്ടവന്റെ ചോരയെയും കണ്ണീരിനെയും കുറിച്ചു നിങ്ങൾ എഴുതണം. പടരുന്ന മഷി പോലെ വിയർപ്പും നോവും തിങ്ങുന്ന നമ്മുടെ മാതാപിതാക്കളുടെ മുഖങ്ങളെക്കുറിച്ച് എഴുതണം. എങ്കിൽ നാം സഹോദരരാണ്. നിങ്ങളുടെ അക്ഷരം എന്റെ നെഞ്ചിലെ കനലും.

മറക്കാനും ക്ഷമിക്കാനും ക്രിസ്ത്യാനിക്ക് ഇനിയൊരു കരുണയുടെ വർഷം വേണമെന്നെനിക്ക് തോന്നുന്നില്ല. നാം കരുണ കാണിക്കണം. മാത്രമല്ല നമ്മുടെ പ്രതികരണം നേരായിരുന്നു എന്ന് സ്ഥാപിക്കുകയും വേണം. തെറ്റായ കലയെ കുറ്റപ്പെടുത്തിയവർക്ക് അനശ്വരമായ കലാ സാഹിത്യ സംസ്ക്കാര നിർമ്മിതിക്ക് ഉത്തരവാദിത്വമുണ്ട്. ഒരു മാസികയുടെ കുറവിനെ കുറിച്ചു പറയുമ്പോൾ ഇത്തരം കുറവുകൾ നമ്മിലുണ്ടാകാതിരിക്കണം. ഒന്നിനെ ചെറുതാക്കി കാണിച്ച് നേട്ടം ഉണ്ടാക്കുന്ന കച്ചവടതന്ത്രം നമുക്കിടയിൽ രൂപപ്പെടാതിരിക്കുകയും വേണം.

ക്രിസ്തുമസ് സമാധാനത്തിന്റെ ആഘോഷമാണ്. മതരാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ ഐക്യം രൂപപ്പെടണം. ഒരു വര പല വരികളായപ്പോൾ അനേകം പേർക്ക് ആഴത്തിൽ മുറിവുകളേറ്റു… ചിത്രവും അത് സൃഷ്ടിച്ച വാക്കുകളും രൂപപ്പെടുത്തിയ മുറിവെല്ലാം ഉണങ്ങണം… ഈ കുറിപ്പ് ആരെയും ഉള്ളിൽ കരുതിയുള്ള ക്ഷമാപണമോ മറുപടിക്കത്തോ കുറ്റപ്പെടുത്തലോ ആയി കാണണമെന്ന് ഉദ്ദേശമില്ല… ഒരു ആഗ്രഹവും ആശംസയും മാത്രമായി കണ്ടാൽ മതി.

ഏവർക്കും ക്രിസ്തുമസ് ആശംസകൾ

justinmcbs@gmail.com

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.