ശത്രുവിനെയും വ്യക്തിയായി മാനിക്കണം: ഫ്രാന്‍സിസ് പാപ്പാ

മനുഷ്യാന്തസ്സ് മാനിക്കുക എന്നത് എവിടെയും എപ്പോഴും പാലിക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്വമാണെന്നും, എതിരാളിയാണെങ്കിലും അവരും ഓരോ വ്യക്തിയാണ് എന്നും സൈനികരുടെ ശുശ്രൂഷകരായ വൈദികരെ ഓർമ്മിപ്പിച്ച്‌ ഫ്രാന്‍സിസ് പാപ്പാ. ഒക്ടോബര്‍ 31-ാം തീയതി വ്യാഴാഴ്ച രാവിലെ നടന്ന സൈനികരുടെ അജപാലന ശുശ്രൂഷയില്‍ വ്യാപൃതരായിരിക്കുന്നവരുടെ (Military chaplains) 5-ാമത് രാജ്യാന്തര സംഗമത്തെ, വത്തിക്കാനിലെ കൂടിക്കാഴ്ചയില്‍ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

കീറിമുറിക്കുന്ന യുദ്ധത്തിന്റെ തീവ്രമായ ചുറ്റുപാടുകളില്‍ എതിരാളികളായിട്ടാണ് വ്യക്തികള്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും അവരുടെ ജീവിതങ്ങള്‍ പവിത്രവും അന്തസ്സുള്ളതുമാണ്. അപരന്‍ ശത്രുവാണെങ്കിലും ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ടവനും അന്തസ്സുള്ള വ്യക്തിയുമാകയാല്‍ നശിപ്പിക്കപ്പെടേണ്ട വസ്തുവായി കാണരുത്. മറിച്ച്, ആദരിക്കേണ്ട ജീവനായി കാണണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

സായുധ പോരാട്ടത്തിന്‍റെ സംഘര്‍ഷ പൂര്‍ണ്ണമായ അന്തരീക്ഷത്തില്‍ ബന്ധികളാക്കപ്പെടുന്നവരുടെ പോലും വ്യക്തിസ്വാതന്ത്ര്യത്തിന് ഏറെ പ്രാധാന്യവും പ്രസക്തിയുമുണ്ടെന്നും, വ്രണിതമെങ്കിലും മാനിക്കപ്പെടേണ്ട വ്യക്തിസ്വാതന്ത്ര്യം അവര്‍ക്കുമുണ്ടെന്നും പാപ്പാ പ്രസ്താവിച്ചു. ശത്രുവെന്ന നിലയില്‍ അവര്‍ ബന്ധനസ്ഥരാണെങ്കിലും, വ്രണിതാക്കളായവരുടെ അടിസ്ഥാന അവകാശങ്ങള്‍ മാനിക്കാതെ പീഡനത്തിനും ചൂഷണത്തിനും വിധേയരാക്കപ്പെടുന്ന സംഭവങ്ങള്‍ അടിസ്ഥാന മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്രണിതാക്കളും ബന്ധികളുമാക്കപ്പെട്ടവരെ അമാനുഷികമായ സാഹചര്യങ്ങളില്‍ പാര്‍പ്പിക്കുകയും മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്നത് എല്ലാവിധത്തിലുമുള്ള മനുഷ്യാവകാശ നിയമങ്ങള്‍ക്കും വിരുദ്ധമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

യുദ്ധത്തി‍ന്‍റെയും സംഘര്‍ഷങ്ങളുടെയും ചുറ്റുപാടുകളില്‍ നിന്ന് സാധാരണ പൗരന്മാരെ തട്ടിക്കൊണ്ടു പോവുകയും ചൂഷണങ്ങള്‍ക്ക് ഇരകളാക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നുണ്ട്. ഇക്കൂട്ടത്തില്‍ നിര്‍ദ്ദോഷികളായ സന്യസ്തരും, സഭാപ്രവര്‍ത്തകരും, രാജ്യാന്തര മാധ്യമപ്രവര്‍ത്തകരുമുണ്ട്. സായുധപോരാട്ടങ്ങളുടെ ചുറ്റുപാടില്‍ മനുഷ്യാവകാശ നിയമങ്ങള്‍ കാര്‍ക്കശ്യത്തോടെ മാനിക്കപ്പെടേണ്ടതാണ്. കുറ്റവാളികളായി ബന്ധനത്തില്‍ കഴിയുന്നവരുടെ കാര്യത്തിലും മനുഷ്യാവകാശ നിയമങ്ങള്‍ ഒരുപോലെ ബാധകമാണ്.

“ഞാന്‍ കാരാഗൃഹത്തിലായിരുന്നപ്പോള്‍ നിങ്ങള്‍ എന്നെ സന്ദര്‍ശിക്കാന്‍ വന്നു” എന്ന സുവിശേഷ വചനം തന്റെ പ്രഭാഷണത്തില്‍ ഉദ്ധരിച്ചുകൊണ്ട്, സൈനികരെ അവരുടെ ഉത്തരവാദിത്വത്തിന്‍റെ മേഖലകളില്‍ മനുഷ്യാവകാശത്തിന്‍റെ പാഠങ്ങള്‍ പാലിക്കാന്‍ അനുസ്മരിപ്പിക്കാനുള്ള ധാര്‍മ്മിക ചുമതല മിലിട്ടറിയുടെ അജപാലന ശുശ്രൂഷകരുടേതാണെന്ന് ഫ്രാന്‍സിസ് പാപ്പാ ഓര്‍മ്മിപ്പിച്ചു. അജപാലകര്‍ മനുഷ്യരുടെയും അവരുടെ അവകാശങ്ങളുടെയും സംരക്ഷകരും അധ്യാപകരുമാണ്. അതിനാല്‍, അവര്‍ മനുഷ്യാവകാശ ലംഘനം തടയേണ്ടവരെന്നല്ല, മനുഷ്യാവകാശ നിയമങ്ങളെക്കുറിച്ചുള്ള അറിവ് എവിടെയും പ്രത്യേകിച്ച്, സംഘര്‍ഷപൂര്‍ണ്ണമായ സാഹചര്യങ്ങളില്‍ പ്രാവര്‍ത്തികമാക്കുവാനും, പഠിപ്പിക്കുവാനുമുള്ള വലിയ ഉത്തരവാദിത്ത്വം അവരുടെ സേനവത്തിന്‍റെ സ്വഭാവത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്നും അനുസ്മരിപ്പിച്ചുകൊണ്ടാണ് പാപ്പാ തന്റെ പ്രസംഗം ഉപസംഹരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.