മുന്‍കോപം ഒഴിവാക്കാന്‍ പരിശ്രമിക്കുകയാണോ?  ഇതാ ഒരു വഴി

ചിലരുടെയൊക്കെ ജീവിതത്തിലെ വലിയ പോരായ്മയും അസ്വസ്ഥയ്ക്ക് കാരണവുമായ ഒന്നാണ് മുന്‍കോപം. പറഞ്ഞതിനും പറയാത്തതിനും പറഞ്ഞ് തീരുന്നതിനു മുമ്പേ ദേഷ്യം പിടിക്കുക, പിന്നീട് ചെയ്യുന്നതിനെക്കുറിച്ച് യാതൊരു ബോധ്യവും ഇല്ലാതെയിരിക്കുക എന്നിവയൊക്കെയാണ് മുന്‍കോപത്തിന്റെ ലക്ഷണങ്ങള്‍. മുന്‍കോപക്കാരുടെ മറ്റൊരു പ്രത്യേകതയാണ് അവര്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്നതും ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നതും ഇതേ മുന്‍കോപത്തെയാണെന്നത്.

മുന്‍കോപമെന്ന തെറ്റിനെ ഒഴിവാക്കാന്‍ പരിശ്രമിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സ്വാര്‍ത്ഥചിന്തകളും പ്രവര്‍ത്തികളും ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. കാരണം, സ്വാര്‍ത്ഥതാമനോഭാവത്തില്‍ നിന്നാണ് മുന്‍കോപം പിറവിയെടുക്കുന്നത്. സ്വാര്‍ത്ഥത മാറ്റിവയ്ക്കാന്‍ തയ്യാറായാല്‍ തന്നെ മുന്‍കോപം നല്ല രീതിയില്‍ കുറയ്ക്കാന്‍ സാധിക്കും. മാത്രമല്ല ടെന്‍ഷനും സമ്മര്‍ദവും അതുവഴി കുറഞ്ഞുകിട്ടും.

രണ്ടാമതായി കോപമോ അസ്വസ്ഥതയോ ഉണ്ടാവുന്ന സമയം ഒന്നു മാറിച്ചിന്തിക്കാന്‍ തയ്യാറാവണം. ആ അസ്വസ്ഥത പ്രകടിപ്പിക്കുന്ന സമയത്ത് നമുക്ക് എന്തൊക്കെ ചെയ്യാന്‍ സാധിക്കും… പ്രാര്‍ത്ഥിക്കാം, പ്രിയപ്പെട്ടവരിലേയ്ക്ക് ശ്രദ്ധ തിരിക്കാം, ഒരു ഡ്രൈവിന് പോകാം, അപൂര്‍വ്വമായി കിട്ടുന്ന എന്തെങ്കിലും സന്തോഷത്തിലേയ്ക്ക് തിരിയാം അങ്ങനെ പലതും.

മുന്‍കോപത്തെ അകറ്റാന്‍ ഇതിനേക്കാളെല്ലാം പ്രായോഗികമായ മറ്റൊരു മാര്‍ഗ്ഗം കൂടിയുണ്ട്. ദേഷ്യമോ സമര്‍ദ്ദമോ ഉടലെടുക്കുന്ന സമയത്ത് രണ്ട് ചോദ്യങ്ങള്‍ സ്വയം ചോദിക്കാം… ഇപ്പോഴത്തെ ഈ അവസ്ഥ മാറ്റാന്‍ എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? ഇല്ല, എന്നാണ് ഉത്തരമെങ്കില്‍ അടുത്ത ചോദ്യം ചോദിക്കാം. ആകുലപ്പെട്ടതു കൊണ്ടോ ദേഷ്യപ്പെട്ടതു കൊണ്ടോ ഈ അവസ്ഥയ്ക്ക് എന്തെങ്കിലും മാറ്റമുണ്ടാകുമോ?

ഈ രണ്ട് ചോദ്യങ്ങള്‍ ചോദിച്ചുകഴിയുമ്പോള്‍ നമ്മുടെയുള്ളില്‍ യാഥാര്‍ത്ഥ്യബോധം വന്നുനിറയും. ‘ആകുലരാകുന്നതു കൊണ്ട് ആയുസിന്റെ ദൈര്‍ഘ്യം ഒരു മുഴമെങ്കിലും കൂട്ടാന്‍ കഴിയുമോ’ എന്ന വചനം നല്‍കുന്ന സന്ദേശവും ഈ സമയം നമ്മുടെ മനസില്‍ നിറയും. അതുവഴി മനസിനെ ശാന്തമാക്കാനും സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.