അവിശ്വാസികളേക്കാള്‍ സന്തോഷം അനുഭവിക്കുന്നത് ദൈവവിശ്വാസികള്‍; അമേരിക്കന്‍ ഏജന്‍സിയുടെ സര്‍വ്വേ ഫലം

നിരീശ്വരവാദികളെക്കാള്‍ ദൈവവിശ്വാസികളായിരിക്കും സന്തോഷകരമായ ജീവിതം നയിക്കുകയെന്ന് അമേരിക്ക ആസ്ഥാനമായ പ്രശസ്ത ഗവേഷക ഏജന്‍സിയായ പ്യൂ റിസേര്‍ച്ചിന്റെ പഠനഫലം. 24 രാജ്യങ്ങളിലെ വിശ്വാസികളെയും, അവിശ്വാസികളെയും പഠനവിധേയമാക്കിയാണ് പ്യൂ റിസേര്‍ച്ച് റിപ്പോര്‍ട്ട് തയാറാക്കിയത്.

സര്‍വ്വേയില്‍ പങ്കെടുത്ത എഴുപത്തിയഞ്ച് ശതമാനത്തോളം ദൈവവിശ്വാസികള്‍, അവരുടെ ജീവിതത്തില്‍ സന്തോഷവാന്മാരും സംതൃപ്തരുമാണെന്നും പറഞ്ഞു. ഇത് നിരീശ്വരവാദികളെക്കാള്‍, ദൈവവിശ്വാസികള്‍ക്ക് ഉയര്‍ന്ന തോതില്‍ മാനസികമായ ആരോഗ്യം ഉണ്ടെന്ന് തെളിയിക്കുകയാണ്. ദൈവത്തിലുള്ള വിശ്വാസം മനുഷ്യരുടെ മുന്‍പില്‍ ഒരു ലക്ഷ്യം വയ്ക്കുകയും ആ ലക്ഷ്യം നിറവേറ്റി ജീവിതത്തില്‍ ആനന്ദം കണ്ടെത്താന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ഗവേഷണ ഫലം ചൂണ്ടിക്കാട്ടുന്നത്.

ദൈവവിശ്വാസം മനുഷ്യരുടെ ഏകാന്തതയും വിഷാദവും നിയന്ത്രിക്കുന്നുണ്ട്. മനുഷ്യരുമായി ബന്ധമില്ലെങ്കിലും, ദൈവവുമായി ബന്ധം രൂപപ്പെടുത്തിയെടുക്കുന്നത് ഒരുപാട് ആളുകളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ഉളവാക്കുന്നുണ്ട്. ഇതെല്ലാം മനുഷ്യരെ ആനന്ദത്തിലേയ്ക്ക് നയിക്കുന്ന ഘടകമാണെന്ന് പ്യൂ ഫലം വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് ദൈവവിശ്വാസികള്‍, നിരീശ്വരവാദികളെക്കാള്‍ ജീവിതത്തില്‍ മികച്ച തീരുമാനങ്ങളെടുക്കാന്‍ സാധ്യത കൂടുതലാണ്. പല സൈക്കോളജിസ്റ്റുകള്‍ പോലും, തങ്ങളുടെ രോഗികള്‍ക്ക് ആശ്വാസകരമായ ജീവിതം നയിക്കാന്‍ പ്രാര്‍ത്ഥനാപരമായ ജീവിതം തിരഞ്ഞെടുക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഗവേഷണ ഫലം ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.