ആസന്നമരണരുടെയും രോഗം മൂലം ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെയും പരിചരണം സംബന്ധിച്ച് ഔദ്യോഗിക ലിഖിതം പുറത്തിറക്കി വത്തിക്കാന്‍

1. വിശ്വാസ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ പ്രബോധനം

ലത്തീന്‍ ഭാഷയില്‍ Samaritanus Bonus, ‘നല്ല സമരിയക്കാരന്‍’ എന്ന് ശീര്‍ഷകം ചെയ്തിരിക്കുന്ന ലിഖിതം, ആസന്നമരണരെയും രോഗം മൂലം ഗുരുതരാവസ്ഥയില്‍ കഴിയുന്നവരെയും ജീവിതാന്ത്യത്തില്‍ മറ്റുള്ളവര്‍ എങ്ങനെ അവരുടെ കൂടെയായിരിക്കണമെന്നതിന് സഹായകമാകുന്ന സഭയുടെ കാഴ്ചപ്പാട് വ്യക്തമായി രേഖീകരിക്കുന്നുണ്ട്. വിശ്വാസ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘമാണ് (Congregation for the Doctrine of Faith) സഭയുടെ ഈ പ്രബോധനം പാപ്പായുടെ നിര്‍ദ്ദേശപ്രകാരവും അംഗീകാരത്തോടെയും 2020 സെപ്തംബര്‍ 22-ന് പ്രബോധിപ്പിച്ചത്. പ്രകാശനവേദിയായ വത്തിക്കാന്റെ പ്രസ്സ് ഓഫിസില്‍ വച്ച് ലിഖിതത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് സംഘത്തിന്റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ലൂയി ലദാരിയ വെളിപ്പെടിത്തിയ കാര്യങ്ങള്‍ താഴെ ചേര്‍ക്കുന്നു.

2. ജീവിതാന്ത്യത്തില്‍ എത്തിയവരുടെ പരിചരണം

വാര്‍ദ്ധക്യത്താലും രോഗങ്ങളാലും ജീവിതാന്ത്യത്തില്‍ എത്തിയവരെ പരിചരിക്കുന്നതില്‍ ദൈവശാസ്ത്രപരമായും മാനുഷികമായും വൈദ്യശാസ്ത്രപരമായും ആശുപത്രി പരിചരണരീതികള്‍ക്ക് അനുസൃതമായും പാലിക്കേണ്ട വ്യക്തമായ ധാര്‍മ്മികനിലപാടുകളാണ് ഈ ലിഖിതത്തിലൂടെ സഭ ഉദ്‌ബോധിപ്പിക്കുന്നത്. ഗുരുതരമായ രോഗാവസ്ഥയിലും മരണത്തോടു മല്ലടിച്ചു കഴിയുന്നവരുടെ ചികിത്സ സംബന്ധിച്ച് ബോധപൂര്‍വ്വം ഒഴിവാക്കേണ്ട കാര്യങ്ങളും അവരെ എപ്രകാരം അജപാലനപരമായി ജീവിതാന്ത്യംവരെ പിന്തുണയ്ക്കണമെന്നും പ്രബോധനം വ്യക്തമാക്കുന്നു.

3. സഹനത്തിന്റെ രക്ഷാകരമൂല്യം

രോഗിയുടെ അവസ്ഥ സമൂഹത്തിനും കുടുംബത്തിനും ക്ലേശകരമാകുന്ന ഘട്ടമെത്തുമ്പോഴും രോഗി പറയുന്നത് കേള്‍ക്കുന്നതിലുമുപരിയായി, വ്യക്തിയുടെ ഏകാന്തതയുടെയും പരിത്യക്തതയുടെയും മരണത്തിന്റെ മുന്നില്‍പ്പോലും അഭിമുഖീകരിക്കേണ്ടിവന്നേക്കാവുന്ന മനോവ്യഥയും ശാരീരികക്ലേശങ്ങളും സമൂഹവും കുടുംബവും പരിചരിക്കുന്നവരും മനസ്സിലാക്കുകയാണ് പ്രധാനമെന്ന് പ്രബോധനം വ്യക്തമാക്കുന്നു. അതിനാല്‍ പ്രത്യാശ പകരുന്നതും സ്‌നേഹപൂര്‍വ്വകവുമായ രോഗീപരിചാരകരുടെ ശുശ്രൂഷയെപ്പറ്റിയുമാണ് ഈ പ്രബോധനം വ്യക്തമായ ധാരണകള്‍ നല്‍കുന്നത്.

അതിനു മാതൃകയായി നല്‍കുന്നത് സുവിശേഷത്തില്‍ ക്രിസ്തു വരച്ചുകാട്ടുന്ന ‘നല്ല സമറിയക്കാരനെ’യാണ്. കഠോരമായ ശാരീരികപീഡകള്‍ക്കു മുന്നിലും കുരിശിലെ ഏകാന്തതയിലും പരിത്യക്തതയിലുമെല്ലാം പിതാവിന്റെ കരങ്ങളില്‍ സമര്‍പ്പിച്ച സഹനദാസനായ ക്രിസ്തുവിന്റെ രൂപവും സഹനത്തിന്റെ രക്ഷാകരമൂല്യവും ഈ പ്രബോധനം വരച്ചുകാട്ടുന്നുണ്ട്.

4. വ്യക്തിയുടെ അമൂല്യമായ അന്തസ്സ്

ഓരോ വ്യക്തിയുടെയും പകര്‍പ്പില്ലാത്തതും അന്യൂനവുമായ മൂല്യം മനസ്സിലാക്കി അവസാന നിമിഷം വരെ അയാളെ പരിചരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമ്പോഴാണ് ഇന്നത്തെ സമൂഹം ഏറെ വിശ്വാസമര്‍പ്പിക്കുന്ന മരണാസന്നരുടെ സാന്ത്വനപരിചരണം പോലും (Palliative Care) സാര്‍ത്ഥകമാകുന്നതെന്ന സഭയുടെ കാലികമായ നിലപാട് ഈ പ്രബോധനം വെളിപ്പെടുത്തുന്നു.

വ്യക്തിമാഹാത്മ്യവാദം കൊട്ടിഘോഷിക്കുന്ന ഇക്കാലഘട്ടത്തില്‍ ഒരാളുടെ യാതനകള്‍ക്കു മുന്നില്‍ മറ്റുള്ളവര്‍ സാക്ഷികളാണെന്ന സത്യം പ്രബോധനം അനുസ്മരിപ്പിക്കുകയും സമര്‍ത്ഥിക്കുകയും ചെയ്യുന്നു. അതിനാല്‍, ക്രിസ്തുവിന്റെ കുരിശിന്‍ചുവട്ടില്‍ എന്നപോലെ നിസംഗതയോടെയോ, വെറുപ്പോടെയോ, പുച്ഛത്തോടെയോ, ശത്രുതായോടെയോ ആണോ മറ്റുള്ളവര്‍ നില്‍ക്കുന്നത്. അതോ സഹാനുഭാവത്തോടും വാത്സല്യത്തോടും വേദനയോടും കൂടെ മരണാസന്നനെയും രോഗിയെയും അനുഗമിക്കുകയാണോ ചെയ്യുന്നതെന്ന് വിവേചനപൂര്‍വ്വം മനസ്സിലാക്കേണ്ടതാണെന്ന് സഭ ഈ ലിഖിതത്തിലൂടെ പ്രബോധിപ്പിക്കുന്നു.

5. രോഗീപരിചരണം ഒരു സ്‌നേഹശുശ്രൂഷ

‘ഇനി രക്ഷയില്ല’ എന്ന അവസ്ഥയിലെത്തിയ മരണാസന്നരായ രോഗികളെ കൂലിക്കാരെ (mercenaries) നോട്ടത്തിന് ഏല്പിച്ചിരുന്ന പതിവ് 16-ാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ഉണ്ടായിരുന്നത്രെ. അതിനെതിരെയാണ് വി. കമീലോ കൂലിക്കല്ല, സ്‌നേഹത്തോടെയും നിര്‍ലോഭമായും മരണാസന്നരെ പരിചരിക്കുവാനും ദൈവസ്‌നേഹത്തെപ്രതി രോഗികളായ സഹോദരങ്ങളെ ശുശ്രൂഷിക്കുവാനും സന്മനസ്സും സമര്‍പ്പവും സ്‌നേഹവുമുള്ളവരുടെ സമൂഹം രൂപീകരിച്ചത്.

ഈ ചരിത്രഭാഗം പ്രബോധനം ഉദ്ധരിക്കുന്നുണ്ട്. ആധുനികലോകവും ചില ഡോക്ടര്‍മാരും സര്‍ക്കാരുകളും മരണാസന്നരായ രോഗികള്‍ക്ക് ചിലപ്പോള്‍ നിര്‍ദ്ദേശിക്കുന്നതും കല്പിക്കുന്നതുമായ കാരുണ്യവധത്തെയും (Euthansia) കൂട്ടുകെട്ടുള്ള അല്ലെങ്കില്‍ പരസഹായത്തോടെയുള്ള ആത്മഹത്യയെയും (assisted suicide) വിശുദ്ധനായ ജോണ്‍പോള്‍ 2- ാമന്‍ പാപ്പാ പ്രബോധിപ്പിച്ച ജീവന്റെ സുവിശേഷം (Evangelium Vitae) നിഷേധിച്ചിട്ടുള്ളത്, ‘നല്ല സമരിയക്കാരന്‍’ എന്ന നവമായ പ്രബോധനവും ആവര്‍ത്തിക്കുന്നുണ്ട്.

6. ജീവനോട് കാണിക്കേണ്ട അണയാത്ത പ്രത്യാശ

രോഗികളെ ചികിത്സിച്ച് സൗഖ്യപ്പെടുത്തുകയാണ് വൈദ്യശാസ്ത്രത്തിന്റെ ധര്‍മ്മം. രോഗം സുഖപ്പെടാതിരിക്കുമ്പോഴും വൈദ്യശാസ്ത്രത്തിന് അസാധ്യമെന്നു തോന്നുമ്പോഴും മരണം വരെ രോഗിക്കു നല്‍കേണ്ട സാന്ത്വനപരിചരണവും മനഃശ്ശാസ്ത്രപരവും ആത്മീയവുമായ പിന്തുണയും സഭ പ്രബോധിപ്പിക്കുന്ന ഒഴിച്ചുകൂടാനാവത്ത ഉത്തരവാദിത്വവും ദൈവം തന്ന ജീവനോടുള്ള കടപ്പാടുമാണ്. അതിനാല്‍ രോഗീപരിചരണം ഒരു കലയാണെന്നും സഭയുടെ നവമായ ഈ പ്രബോധനം ചൂണ്ടിക്കാണിക്കുന്നു.

ഉപയോഗമില്ലാത്തത്, അത് ജീവനാണെങ്കില്‍പ്പോലും വലിച്ചെറിഞ്ഞു കളയുക, എന്ന ‘പാഴാക്കല്‍ സംസ്‌കാരം’ അല്ലെങ്കില്‍ ഒരു ‘വലിച്ചെറിയല്‍ സംസ്‌കാരം’ ഉയര്‍ന്നുവന്നിരിക്കുന്ന ഈ കാലഘട്ടത്തില്‍ പ്രത്യാശയോടെ അവസാനം വരെ ജീവനെ ആദരിക്കുന്നതും പരിചരിക്കുന്നതുമാണ് ക്രൈസ്തവ സാക്ഷ്യമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്‌ബോധിപ്പിക്കുന്നത് അവസാനമായി ഉദ്ധരിച്ചുകൊണ്ടാണ് ‘നല്ല സമരിയക്കാരന്‍’ (Samaritanus Bonus) എന്ന സഭയുടെ കാലികമായ ഈ ധാര്‍മ്മിക പ്രബോധനം ഉപസംഹരിക്കുന്നത്.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.