
ക്രിസ്ത്യാനികൾ ഏറ്റവും കൂടുതൽ അടിച്ചമർത്തലുകൾ നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ തുടർച്ചയായി ഇരുപതാം വർഷവും ഉത്തര കൊറിയ ഒന്നാമത് എത്തി. ലോകത്തിലെ ക്രൈസ്തവ പീഡനങ്ങളെ നിരീക്ഷിക്കുന്ന ഓപ്പൺ ഡോർസ് സംഘടന പുറത്തു വിട്ട റിപ്പോർട്ടിലാണ് ഈ വിവരം രേഖപ്പെടുത്തിയിരിക്കുന്നത്. ക്രിസ്തീയ പീഡനങ്ങൾ കൂടുതല് നടക്കുന്ന ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയിൽ നൈജീരിയയും ഉൾപ്പെടുന്നു.
ലോകമെമ്പാടുമുള്ള 340 ദശലക്ഷം ക്രിസ്ത്യാനികൾ പീഡനത്തെ അഭിമുഖീകരിക്കുന്നു എന്ന് വെളിപ്പെടുത്തിയ സംഘടന മുൻ വർഷങ്ങളിലേതിനേക്കാൾ പീഡനങ്ങൾ നേരിടുന്ന ക്രൈസ്തവരുടെ എണ്ണം വർധിച്ചു എന്നും വ്യക്തമാക്കുന്നു. ഏകദേശം 30 ദശലക്ഷം ആളുകളിലേക്ക് കൂടി ക്രൈസ്തവ പീഡനങ്ങളുടെ കറുത്ത അദ്ധ്യായം വ്യാപിച്ചതായി സംഘടന കണ്ടെത്തി. ഏറ്റവും മോശം രാജ്യമായ ഉത്തര കൊറിയയിൽ മതസ്വാതന്ത്ര്യമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവിടെ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്ന വ്യക്തിക്ക് വധശിക്ഷയാണ് വിധിക്കുന്നത്.
ഉത്തര കൊറിയയിലെ 4,00,000 ക്രിസ്ത്യാനികളിൽ 50,000-75,000 പേർ ലേബർ ക്യാമ്പുകളിൽ തടവിലാക്കപ്പെടുന്നു. അവിടുത്തെ അവസ്ഥ അതിഭീകരമാണ്. 2019 നവംബർ ഒന്ന് മുതൽ 2020 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ ലോകത്തിൽ നടന്ന ക്രൈസ്തവ പീഡനങ്ങളെ ആസ്പദമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ക്രൈസ്തവർക്ക് താമസിക്കുവാൻ കഴിയാത്ത രാജ്യങ്ങളുടെ ലിസ്റ്റിൽ അഫ്ഗാനിസ്ഥാനും സൊമാലിയയും ഉത്തര കൊറിയയ്ക്ക് തൊട്ടു പിന്നിലായി സ്ഥാനം പിടിച്ചിരിക്കുന്നു. ഈ ലിസ്റ്റിൽ നിന്നും സുഡാൻ നീക്കം ചെയ്യപ്പെടുകയും പകരം നൈജീരിയയെ ചേർക്കുകയും ചെയ്തുകൊണ്ടാണ് പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.