‘സിറിയയെ മറക്കരുതേ’: ഒരു സന്യാസിനിയുടെ ഓർമ്മപ്പെടുത്തൽ

ഒരു പതിറ്റാണ്ടിലേറെയായി നടന്ന നീണ്ട പോരാട്ടത്തിനുശേഷം സിറിയയിലെ ജനങ്ങൾ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ കണ്ടെത്തിവരുമ്പോഴാണ് കോവിഡ് പകർച്ചവ്യാധി കടന്നുവന്നത്. അത് അവരെ കൂടുതൽ ദുരിതത്തിലാഴ്ത്തിയെന്ന് സിറിയയിലെ കാത്തോലിക്ക ചാരിറ്റി എയ്ഡ് ടു ചർച്ച് ഇൻ നീഡ് പ്രൊജക്റ്റ് പങ്കാളിയായ സി. ആനി ഡെമെർജിൻ പറഞ്ഞു.

“സിറിയ ഗുരുതരമായ ശസ്ത്രക്രിയ നടത്തിയ ആളെപ്പോലെയാണ്. അയാൾ സുഖപ്പെടേണ്ടതുണ്ട്. പക്ഷേ, പെട്ടന്ന് സുഖപ്പെടുവാൻ നിലവിലെ സാഹചര്യം അനുവദിക്കുന്നില്ല. ലോകം സിറിയയെ മറക്കുവാൻ തുടങ്ങി. അത് വേദനാജനകമാണ്” – സ്വന്തം ജീവൻ പോലും പണയപ്പെടുത്തി സിറിയയിലെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന സി. ആനി പറഞ്ഞു.

“സിറിയയിലെ ആഭ്യന്തരയുദ്ധത്തിൽ നിന്ന് ആളുകൾ മുക്തരാകുന്നതേയുള്ളൂ. അവശേഷിക്കുന്ന ക്രിസ്ത്യാനികൾ അവരുടെ സ്വന്തം കാലിൽ നില്‍ക്കാൻ തുടങ്ങിയ സമയത്താണ് കോവിഡ് വന്നതും വീണ്ടും ജനങ്ങളുടെ ജീവിതം താറുമാറാകുന്നതും. വൈദ്യുതിയും ഗ്യാസും ഇല്ലാത്ത ജീവിതം ദുഷ്കരമാണ്. ഉപരോധം കാരണം ഓരോ രണ്ടു മണിക്കൂർ മാത്രമേ ഞങ്ങൾക്ക് വൈദ്യുതി ലഭിക്കുന്നുള്ളൂ. വീട് ചൂടാക്കുവാൻ പോലും അത് പര്യാപ്തമല്ല. ഗ്യാസിന്റെ ലഭ്യതക്കുറവ് മൂലം ഭക്ഷണം പാകം ചെയ്യുവാനും സാധിക്കുന്നില്ല. പൂജ്യം ഡിഗ്രിയേക്കാൾ കുറഞ്ഞ താപനില ഉണ്ടാകുമ്പോൾ തൊഴിലില്ലായ്മയും ദാരിദ്ര്യവും ജീവിതത്തെ താറുമാറാക്കുന്നു. തങ്ങൾ പട്ടിണിയാണെന്നു പറഞ്ഞ് ഒരുപാട് ആളുകൾ സഹായത്തിനായി എസിഎൻ -നോട് അഭ്യർത്ഥിക്കുന്നുണ്ട്” – സിറിയയിലെ നേർക്കാഴ്ചകൾ സിസ്റ്റർ ആനി വിവരിക്കുകയാണ്.

എസിഎന്‍ -ന്റെ സഹായത്തോടെ കൊടുംതണുപ്പിൽ നിന്നും രക്ഷ നേടുവാൻ കുഞ്ഞുങ്ങൾക്കായി കമ്പിളി ഉടുപ്പുകൾ വിതരണം ചെയ്യുവാൻ സാധിച്ചു. കമ്പിളിക്കുപ്പായങ്ങൾ വിതരണം ചെയ്യുന്നതിനോടൊപ്പം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് സിസ്റ്റർ കൂട്ടിച്ചേർത്തു. എങ്കിലും ഈ കാലമത്രയും എസിഎന്‍ -നോടൊപ്പം നിന്ന് സഹായങ്ങൾ ചെയ്ത എല്ലാവരെയും നന്ദിയോടെ ഓർക്കുന്നുവെന്നും 270 കുടുംബങ്ങളുടെ ദൈനംദിന ചെലവ് വഹിക്കുന്നതിനും 87 വീടുകളുടെ വാടക നൽകുന്നതിനും ഇതുവരെയും സാധിച്ചുവെന്നും സിസ്റ്റർ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.