വിടവാങ്ങിയ അൾത്താരയുടെ  വിശ്വസ്ത സേവകൻ

ക്ലിന്റൺ എൻ സി ഡാമിയൻ

ക്ലിന്റൺ എൻ. സി. ഡാമിയൻ

തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ ഏറ്റവും വലിയ ഇടവകയാണ് വിഴിഞ്ഞം പരിശുദ്ധ സിന്ധുയാത്ര മാതാ ദേവാലയം. ഏകദ്ദേശം നാലായിരത്തിലഞ്ഞൂറിലേറെ കുടുംബങ്ങൾ അംഗങ്ങളായിട്ടുള്ള  വിശ്വാസ സമൂഹം തിങ്ങി പാർക്കുന്ന ഇടവകയാണ്. ഇടവകാംഗങ്ങളിൽ ഭൂരിപക്ഷവും മത്സ്യത്തൊഴിലാളികളാണ്. ഒരു ഇടവക വികാരിയും മൂന്ന് സഹവികാരികളും ചേർന്നു നയിക്കുന്നു. ഫാ. ജസ്റ്റിൻ ജൂഡിനാണ് ഇപ്പോഴത്തെ ഇടവക വികാരി. ഞായർ കുർബ്ബാനക്കിടെ (നോമ്പ് കാലം ഒഴിച്ച് ) വിവാഹങ്ങൾ വിളിച്ചു ചൊല്ലുന്നതിന്റെ എണ്ണമെടുക്കുമ്പോൾ തന്നെ എന്റെ ഇടവകയുടെ അജപാലന തിരക്കിനെപ്പറ്റി ചെറു ചിത്രം ലഭിച്ചേക്കാം.

അത്രയേറെ വലിയൊരു ഇടവകയുടെ അജപാലനത്തിൽ വൈദീകർക്കു താങ്ങായി നിന്ന ഒരു മനുഷ്യൻ വിടവാങ്ങിയിരിക്കുന്നു. ശ്രീ ആൻസലാം മൊറൈസ് – ഒരു ജനതയുടെ മുൻപിൽ വിശ്വാസജീവിതത്തിന്റെ മികച്ച ഉദാഹരണമായി നിലകൊണ്ട അൽമായൻ. ഞാനിവിടെ സ്മരിക്കുന്നു ആ ജീവിതത്തെ.

ഞങ്ങളുടെ ഇടവകയ്ക്ക് രണ്ട് ദേവാലയങ്ങളുണ്ട്. പോർച്ചുഗീസുകാർ 1800 കളിൽ വിഴിഞ്ഞം ഹാർബറിന് അഭിമുഖമായി  നിർമ്മിച്ച പഴയപള്ളിയും, പീന്നീട് വിശ്വാസ സമൂഹത്തിന്റെ ജനസാന്ദ്രത കൊണ്ട് കോട്ടപ്പുറം പണിത പുതിയ പള്ളിയും. ഞാറായ്ച്ച പുതിയ പള്ളിയിലെ കുർബ്ബാനയ്ക്ക് പോകുമ്പോൾ പഴയ പള്ളിയിലെ കുർബ്ബാന കഴിഞ്ഞ് അൾത്താര ബാലൻമാരെയും കൂട്ടി നടന്നു വരുന്ന ആ മനുഷ്യനെ കാണുന്നതു തന്നെ ഒരു നല്ല കാഴ്ചയായിരുന്നു. മാമോദീസായ്ക്കും, വിവാഹങ്ങൾക്കും മരണ കുർബ്ബാനയ്ക്കും അൾത്താരയിലേയ്ക്ക് നോക്കുമ്പോൾ അതിന്റെ ഒരു വശത്ത് നിശബ്ദനായി കൈകൂപ്പി നിൽക്കുമായിരുന്നു. സാധാരണ ദിനങ്ങളിലെ അതിരാവിലെയുള്ള  കുർബ്ബാനയ്ക്കും പള്ളി പെരുന്നാളിലെ പൊന്തിഫിക്കൽ കുർബ്ബാനയക്കും ഒരേ ഭാവമായിരുന്നു ആ മുഖത്ത് കണ്ടിരുന്നത്.

നല്ല വിദ്യാഭ്യാസമുള്ള ആ മനുഷ്യൻ പള്ളികേന്ദ്രീകൃത ജീവിതം തിരെഞ്ഞടുത്തത് തന്റെ അപ്പനിൽ നിന്നായിരുന്നു. പള്ളിയുടെ വരവും ചിലവും കൈകാര്യം ചെയ്യുന്ന പ്രക്രിയ തൊട്ട് വി. കുർബ്ബാനയുടെ ഒരുക്കവും അന്നത്തെ വൈദീകരെ വിശ്വാസ കാര്യങ്ങളിൽ സഹായിക്കുന്ന കണക്കുപിള്ള മുതൽ കൈക്കാരൻ വരെ ചെയ്യേണ്ട ജോലികൾ ചെയ്തിരുന്ന ഒറ്റയാളുടെ മൾട്ടി ടാക്സ്കർ കുപ്പായമായിരുന്നു അത്. കാലാന്തരത്തിൽ പള്ളിക്കമ്മിറ്റിയും ബിസിസിയും പ്രബലമായപ്പോൾ അൾത്താര കേന്ദ്രീകൃതമായ ജീവിതമായി തീർന്നു. മിക്ക ദിവസങ്ങളിലും രാവിലെത്തെ കുർബ്ബാനയ്ക്കു ശേഷം അന്നു തന്നെ വിവാഹ കുർബ്ബാനകൾക്കും മൃതസംസ്ക്കാര കുർബ്ബാനകൾക്കും ഓർമകുർബ്ബാനകൾക്കും അദ്ദേഹം അൾത്താരയിൽ ഉണ്ടാകുമായിരുന്നു. അൾത്താരബാലൻമാരുടെ അഭാവത്തിൽ ദിവ്യബലിയിൽ സഹായിയായി നിൽക്കുമായിരുന്നു.

തന്റെ സ്വകാര്യ ജീവിതത്തെക്കാൾ ഒരു പക്ഷേ അധികമായി വിശ്വാസ ജീവിതം നയിച്ച ഒരു മനുഷ്യനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. കടന്നു പോയ വൈദികരുടെ മുഖങ്ങളെക്കാൾ വിഴിഞ്ഞത്തിന്റെ  മനസ്സിൽ നിറഞ്ഞു നിൽക്കുന്ന മുഖം. ഒത്തിരിയേറെ വൈദികരെയും മെത്രാൻമാരെയും അടുത്തറിഞ്ഞ ജീവിതം. ശാരീരിക അവശതകളിലും വിരമിക്കലിന്റെ അവസാന നാളുകളിൽ അൾത്താരയിൽ അതേ ഊർജ്ജത്തിൽ അൾത്താരയിൽ നിറസാന്നിധ്യമായിരുന്നു. കഴിഞ്ഞ പള്ളി പെരുന്നാളിന്റെ തിരുനാൾ  പൊന്തിഫിക്കൽ കുർബ്ബാനയുടെ അവസാനം തിരുവനന്തപുരം ലത്തീൻ അതിരൂപതാ മെത്രാപ്പോലീത്താ അഭിവന്ദ്യ സൂസപാക്യം തിരുമേനി ഇടവകയുടെ ആദരം നൽകുന്നതിനായി ഇന്നലെകളിൽ താൻ നിന്നിരുന്ന അൾത്താരയുടെ മദ്ധ്യത്തിലേയ്ക്ക് ആനയിക്കപ്പെട്ടപ്പോഴും നിശബ്ദനായി തല കുനിച്ച് എന്നുമുള്ള ഭാവം തന്നെ പുലർത്തിയ ആ മുഖം ഇന്നും മായാതെ മനസ്സിൽ നിൽക്കുന്നുണ്ട്. അന്ന് ആദരം ഏറ്റുവാങ്ങിയ വേളയിൽ ഇടവക മുഴുവൻ തോരാത്ത  കൈയ്യടി സമ്മാനിച്ചു.

സമകാലീകരായവർ ഉയരങ്ങളും സമ്പത്തും തേടിപ്പോയപ്പോൾ തന്റെ ജനത്തിനിടയിൽ ക്രിസ്തുവിനു വേണ്ടി മുറിയപ്പെടാൻ വിളിക്കപ്പെട്ട നല്ല അൽമായൻ. ആൻസലാം മൊറൈസ് എന്ന അൾത്താരയുടെ സേവകൻ വിടവാങ്ങിയെന്നു കേട്ടപ്പോൾ ഓർമ്മയിൽ മിന്നായം പോലെ വന്നത് പൗലോസ് അപ്പോസ്തലന്റെ വാക്കുകളാണ്. വിശുദ്ധ പൗലോസ് അപ്പോസ്തലൻ തിമോത്തേയോഴുതിയ രണ്ടാം ലേഖനത്തിന്റെ നാലാം അധ്യായത്തിൽ ആറു മുതൽ ഏഴു വരെയുള്ള വാക്യങ്ങൾ ഇപ്രകാരം പറയുന്നു. “ഞാൻ ബലിയായി അർപ്പിക്കപ്പെടേണ്ട സമയം ആസന്നമായിരിക്കുന്നു. എന്റെ വേർപാടിന്റെ സമയം സമാഗതമായി. ഞാൻ നന്നായി പൊരുതി; എന്റെ ഓട്ടം പൂർത്തിയാക്കി; വിശ്വാസം കാത്തു. എനിക്കായി നീതിയുടെ കീരിടം ഒരുക്കിയിരിക്കുന്നു”.

സമ്പത്തിന്റെയും സുഖലോലിപതയുടെയും ലോകത്ത് വിശ്വാസത്തെ കുറച്ചിലായി കാണുന്നവർക്കു മുൻപിൽ ആൻസലാം മൊറൈസ് വിശുദ്ധിയുടെ മാതൃകയാണ്. ഒരു ജനതയുടെ വിശ്വാസ ജീവിതത്തിൽ ക്രിസ്തുവിന്റെ പ്രതിപുരുഷൻമാരായ വൈദീകരോടൊപ്പം അജപാലന ശ്രുശ്രൂഷയിൽ നിർണ്ണായക പങ്കു വഹിച്ച അദ്ദേഹം തന്റെ സ്വർഗ്ഗീയ നിക്ഷേപം തേടി കടന്നു ചെന്നു. വലിയ ആർഭാടങ്ങളും സമ്പാദ്യങ്ങളുമില്ലാതെ  അൾത്താരയുടെ വിശ്വസ്ത സേവകനായിരുന്ന ആ ജീവിതം വിഴിഞ്ഞം ഇടവകയെ വിട്ട് പിരിഞ്ഞപ്പോൾ വരും തലമുറകൾക്കു  ഞങ്ങൾ പറഞ്ഞീടും ഞങ്ങൾ സാക്ഷിയായി തീർന്നൊരു വിശുദ്ധ ജീവിതത്തെപ്പറ്റി.

ക്ലിന്റൺ എൻ സി ഡാമിയൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.