മാര്‍ തോമസ് തറയില്‍ അനുസ്മരണവും മിഷന്‍ സംഗമവും സംഘടിപ്പിച്ചു

ഏഷ്യയിലെ ഏറ്റവും വലിയ പ്രേഷിതസംഘടനയായ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ കേരളത്തിലെ ഉദ്ഘാടനം 1947 ഒക്‌ടോബര്‍ 3-ന് നിര്‍വ്വഹിച്ച അഭിവന്ദ്യ തോമസ് തറയില്‍ പിതാവിന്റെ ചരമദിനത്തില്‍, പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലിനോടനുബന്ധിച്ച് അനുസ്മരണ പ്രാര്‍ത്ഥനകളും മിഷന്‍ സംഗമവും സംഘടിപ്പിച്ച് മിഷന്‍ലീഗ് കോട്ടയം അതിരൂപതാ സമിതി.

കോട്ടയം അതിരൂപതയിലെ ഇടയ്ക്കാട് ഫൊറോനയുടെ ആതിഥേയത്വത്തില്‍ സംഘടിപ്പിച്ച സംഗമത്തിനു മുന്നോടിയായി അഭിവന്ദ്യ തോമസ് തറയില്‍ പിതാവിന്റെ കബറിടത്തിങ്കല്‍ നടത്തിയ അനുസ്മരണ പ്രാര്‍ത്ഥനയ്ക്ക് വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നേതൃത്വം നല്‍കി. തുടര്‍ന്ന് മിഷനറിമാരെ അനുസ്മരിച്ചു നടത്തപ്പെട്ട പ്രാര്‍ത്ഥനാകൂട്ടായ്മ ഇടയ്ക്കാട്ട് ഫൊറോനാ മിഷന്‍ ലീഗ് ഡയറക്ടര്‍ ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍ നയിച്ചു.

ഇടയ്ക്കാട്ട് ഫൊറോന മിഷന്‍ ലീഗ് പ്രസിഡന്റ് സച്ചു ബെന്നിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മാര്‍ തോമസ് തറയില്‍ അനുസ്മരണ പൊതുസമ്മേളനം അതിരൂപതാ വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപതാ മിഷന്‍ ലീഗ് ഡയറക്ടര്‍ ഫാ. റ്റിനേഷ് പിണര്‍ക്കയില്‍, വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ അനു ഒരപ്പാങ്കല്‍, സംസ്ഥാന മാനേജിംഗ് കമ്മിറ്റി അംഗം ജെയിസ് കൊച്ചുപറമ്പില്‍, ഇടയ്ക്കാട്ട് ഫൊറോനാ റീജിയണല്‍ ഓര്‍ഗനൈസര്‍ സജി പഴുമാലില്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇടയ്ക്കാട്ട് ഫൊറോനയിലെ വിവിധ ഇടവകളില്‍ നിന്നുള്ള മിഷന്‍ ലീഗ് പ്രവര്‍ത്തകരും ഡയറക്ടേഴ്‌സ്, വൈസ് ഡയറക്ടേഴ്‌സ് എന്നിവരും മിഷന്‍ ലീഗ് സംസ്ഥാന, അതിരൂപതാ, ഫൊറോന യൂണിറ്റ് ഭാരവാഹികളും സംഗമത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.