വിശുദ്ധ കുര്‍ബാന സ്വീകരണ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിശുദ്ധ കുര്‍ബാന എന്ന കൂദാശയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ദിവ്യകാരുണ്യ സ്വീകരണം. ദൈവപുത്രനായ ഈശോ, അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തില്‍ എഴുന്നള്ളിവരുന്ന സമയം. നല്‍കാവുന്ന പരമാവധി ആദരവുകള്‍ നല്‍കികൊണ്ട് ഈശോയെ സ്വീകരിക്കേണ്ട സമയം. ആദ്യകുര്‍ബാന സ്വീകരണ നാളുകളില്‍ ഒരുപക്ഷേ നാം സര്‍വ്വ ആദരവുകളും നല്‍കി ഈശോയെ സ്വീകരിച്ചിട്ടുണ്ടാവും. എന്നാല്‍, പിന്നീട് കാലങ്ങള്‍ കഴിയുന്തോറും ദിവ്യകാരുണ്യത്തിനും അതില്‍ എഴുന്നള്ളിയിരിക്കുന്ന ഈശോയ്ക്കും വേണ്ട ആദരവുകള്‍ നാം നല്‍കുന്നുണ്ടോ.

ഇല്ല എന്നാണ് ഉത്തരമെങ്കില്‍ ആ തെറ്റ് തിരുത്താന്‍ എത്രയും വേഗം ശ്രമിക്കേണ്ടതാണ്. അതിന് ഉപകരിക്കുന്ന ചില നിര്‍ദ്ദേശങ്ങളാണ് താഴെ കൊടുക്കുന്നത്. അവയില്‍ ഏതെല്ലാം കാര്യത്തിലാണ് നമ്മള്‍ വീഴ്ച വരുത്തുന്നതെന്ന് ചിന്തിച്ച് വേണ്ട തിരുത്തലുകള്‍ വരുത്താം…

അരുതുകള്‍

1. ദിവ്യകാരുണ്യം സ്വീകരിക്കാന്‍ പോവുന്നത് കൈയ്യില്‍ അല്ലായെങ്കില്‍ കൈ നീട്ടിയോ വിടര്‍ത്തിയോ പിടിക്കരുത്. വൈദികനും സ്വീകരിക്കുന്ന വ്യക്തിക്കുമിടയില്‍ അത് ആശയക്കുഴപ്പം സൃഷ്ടിക്കുകയും ദിവ്യകാരുണ്യം നിലത്തുവീഴാന്‍ ഇടവരികയും ചെയ്യും.

2. ദിവ്യകാരുണ്യം സ്വീകരിക്കുന്നത് കയ്യിലാണെങ്കില്‍, കയ്യില്‍ നിന്ന് മറ്റ് വസ്തുക്കളെല്ലാം (തൂവാല, പഴ്‌സ്, പണം, താക്കോല്‍ പോലുള്ളവ) ഒഴിവാക്കുക.

3. നാവിലാണ് സ്വീകരിക്കുന്നതെങ്കില്‍ ചവയ്ക്കുകയോ കടിക്കുകയോ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക.

4. നാവിലാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ കുര്‍ബാനയ്ക്ക് എത്തുന്നതിനു മുമ്പുതന്നെ നാവ് വൃത്തിയാക്കി വയ്ക്കാന്‍ ശ്രദ്ധിക്കുക. കൈകളും അതുപോലെ തന്നെ.

5. വൈദികനില്‍ നിന്ന് പിടിച്ച് പറിക്കുന്ന രീതിയില്‍ ദിവ്യകാരുണ്യം സ്വീകരിക്കാതിരിക്കുക. വൈദികനും ഈശോയ്ക്കും ഏറ്റവും ആദരവ് നല്‍കുക.

ചെയ്യണ്ടേത്

1. ദിവ്യകാരുണ്യസ്വീകരണത്തിനായി വരിയില്‍ നില്‍ക്കുമ്പോള്‍ ചിന്തിക്കുക, ഞാന്‍ എന്തിനാണ് നില്‍ക്കുന്നത്, ആരെ സ്വീകരിക്കാനാണ് നില്‍ക്കുന്നത് എന്നൊക്കെ.

2. അച്ചടക്കത്തോടെയും ഭയഭക്തിബഹുമാനത്തോടെയും ദിവ്യകാരുണ്യം സ്വീകരിക്കുക.

3. ദിവ്യകാരുണ്യം സ്വീകരിച്ചശേഷം നില്‍ക്കുന്നിടത്തു തന്നെ ഏതാനും നിമിഷത്തേയ്‌ക്കെങ്കിലും ആയിരിക്കാന്‍ ശ്രദ്ധിക്കുക. ദൈവത്തിന് നന്ദി പറയുക.

4. കൃപയില്‍ നിറയുന്നതിനായി ആഗ്രഹിച്ച് പ്രാര്‍ത്ഥിക്കുക.

5. ദിവ്യകാരുണ്യം അത്ഭുതവും ദൈവത്തിന്റെ സമ്മാനവുമാണെന്നും ഒരു ബലിയില്‍ പങ്കുകൊള്ളാന്‍, ഒരു തവണയെങ്കിലും ദിവ്യകാരുണ്യം സ്വീകരിക്കാന്‍ കൊതിക്കുന്ന അനേകരുണ്ടെന്നും ഓര്‍ത്ത് ദൈവത്തിന് മുമ്പില്‍ കൃതജ്ഞത അര്‍പ്പിക്കുക.