ജിഹാദികളുടെ ആക്രമണത്തെ തുടർന്ന് കാണാതായ സന്യാസിനിമാർ സുരക്ഷിതർ

മൊസാംബിക്കിലെ തുറമുഖ പട്ടണത്തിൽ നടന്ന ജിഹാദികളുടെ ആക്രമണത്തെ തുടർന്ന് കാണാതായ സന്യാസിനികള്‍ സുരക്ഷിതരാണെന്ന് കണ്ടെത്തി. പെമ്പ രൂപതാ ബിഷപ്പ് ലൂയിസ് ഫെർണാഡോ ലിസ്ബോവയാണ് ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണം നൽകിയത്.

മൊക്കിംബോവ ഡ പ്രയായിൽ ഇടവകയിൽ ജോലി ചെയ്യുകയും 24 ദിവസമായി കാണാതാവുകയും ചെയ്ത രണ്ട് സഹോദരിമാര്‍, സി. ഇനെസും സി. എലിയാനും ഞങ്ങൾക്കൊപ്പം സുരക്ഷിതരാണ് എന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു എന്ന് ബിഷപ്പ് ലൂയിസ് ഫെർണാഡോ അറിയിച്ചു. എയ്ഡ് ടു ചർച്ച് ഇൻ നീഡ് എന്ന സംഘടനയുടെ ജർമ്മൻ ശാഖയുടെ പത്രക്കുറിപ്പിലാണ് ബിഷപ്പിന്റെ അഭിപ്രായം റിപ്പോർട്ട് ചെയ്തത്. ഓഗസ്റ്റ് 5 മുതൽ 11 വരെ നീണ്ടുനിന്ന യുദ്ധത്തിൽ ജിഹാദി ഗ്രൂപ്പ് നഗരം പിടിച്ചടക്കുകയായിരുന്നു. അതിനുശേഷമാണ് സന്യാസിനികളെ കാണാതായത്.

ബ്രസീലിൽ നിന്നുള്ള സന്യാസിനിമാർ മൊസാംബിക്കിൽ വയോധികർക്കായി ഒരു ഭവനം നടത്തുകയായിരുന്നു. സന്യാസിനിമാർക്കൊപ്പം അവരുടെ ഭവനത്തിൽ ഉണ്ടായിരുന്ന അറുപതോളം പേരും കാണാതായിരുന്നു. ഇവരിൽ പലരെയും ഇനി കണ്ടെത്താനുണ്ട്. ഇവർക്കായി പ്രാർത്ഥന തുടരണം എന്ന് ബിഷപ്പ് വിശ്വാസികളോട് അഭ്യർത്ഥിച്ചു.

തീവ്രവാദ അതിക്രമങ്ങൾ അനുഭവിക്കുന്ന ഒരു പ്രദേശത്താണ് പെമ്പ രൂപത സ്ഥിതിചെയ്യുന്നത്. ജിഹാദികൾ നിരവധി ദൈവാലയങ്ങൾ തീയിട്ടു നശിപ്പിക്കുകയും പെൺകുട്ടികളെ തട്ടിക്കൊണ്ട് പോവുകയും ചെയ്തു. 200,000 ൽ അധികം ആളുകൾ അടുത്തിടെ നടന്ന ആക്രമണത്തെ തുടർന്ന് പലായനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.