മൊസാംബിക്കില്‍ മനുഷ്യക്കടത്തിനെതിരെ ജീവന്‍ പണയപ്പെടുത്തി പൊരുതുന്ന സമര്‍പ്പിതര്‍

ലോകം മുഴുവന്‍ കൊറോണ വൈറസ് പകര്‍ച്ചവ്യാധിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മൊസാംബിക്കില്‍ മനുഷ്യക്കടത്ത്തിന്റെ കെടുതികള്‍ മൂലം ദശലക്ഷക്കണക്കിന് ആളുകള്‍ ദുരിതമനുഭവിക്കുന്നു. ലോകമെമ്പാടുമുള്ള 24.9 ദശലക്ഷം ആളുകളെ അടിമകളാക്കുന്ന ഒരു വന്‍ ക്രിമിനല്‍ വ്യവസായമാണിത്. ഓരോ വര്‍ഷവും 150 ബില്യണ്‍ ഡോളര്‍ ആണ് മനുഷ്യക്കടത്ത് മാഫിയകൾ സമ്പാദിക്കുന്നത്.

വളരെ ദരിദ്രമായ ജീവിത പശ്ചാത്തലത്തില്‍ വളരുന്നവരാണ് മൊസാംബിക്കിലെ ഭൂരിഭാഗം ആളുകളും. അതിനാല്‍ തന്നെ ദാരിദ്ര്യത്തില്‍ നിന്നും കരകയറാനാണ് ചെറുപ്പത്തിലേ തന്നെ അവര്‍ ജോലിക്ക് പോയിത്തുടങ്ങുന്നത്. ദൂരെ സ്ഥലങ്ങളില്‍ പോലും ഇപ്രകാരം പോകുവാന്‍ അവര്‍ നിര്‍ബന്ധിതരായി തീരുന്നു. മെച്ചപ്പെട്ട ജീവിതം നയിക്കണം എന്ന അവരുടെ ആഗ്രഹത്തില്‍ നിന്നുള്ള തീരുമാനമാണത്.

ബാലവേല മുതല്‍ മനുഷ്യക്കടത്തില്‍ വരെ എത്തിനില്‍ക്കുന്ന വന്‍ ചൂഷണത്തിന്റെ കഥയാണ്‌ മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ ഗബ്രിയെല്ല ബൊട്ടാണിക്കു പറയാനുള്ളത്. ‘തലിത്താകും’ എന്ന പേരിലുള്ള അന്താരാഷ്ട്ര നെറ്റ് വര്‍ക്കിന്റെ കോഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുകയാണ് സിസ്റ്റര്‍.  തലിത്താകും എന്ന വാക്കിന്‍റെ അര്‍ത്ഥംപോലെ അനേകര്‍ക്ക് പ്രതീക്ഷയായും ഉയര്‍ത്തെഴുന്നേല്‍പ്പായും ഈ സമര്‍പ്പിത സഹോദരങ്ങള്‍ അവരുടെ കൂടെയുണ്ട്. “മനുഷ്യക്കടത്തില്‍ നിന്നും രക്ഷപെടുത്തുന്ന ഓരോരുത്തരിലും ഞങ്ങള്‍ കാണുന്നത് മുറിവേറ്റ ക്രിസ്തുവിനെ തന്നെയാണ്.” സിസ്റ്റര്‍ ബൊട്ടാണി പറയുന്നു.

മൊസാംബിക്കില്‍ നിന്നുള്ള പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനും അടിമത്വത്തിനും ഇരയാക്കി ചൂഷണം ചെയ്യുന്നതിനെതിരെയാണ് ഈ സിസ്റ്റര്‍മാരുടെ പ്രവര്‍ത്തനം. സൗത്ത് ആഫ്രിക്കയിലേക്കാണ് ഇവരെ അടിമകളായി കൊണ്ടുപോകുന്നത്. പലരും ജോലി അന്വേഷിച്ചു പോകുമ്പോള്‍ തെറ്റിദ്ധരിക്കപ്പെട്ടും വഞ്ചിക്കപ്പെട്ടുമാണ് ഈ കെണികളില്‍ പെടുന്നത്. കെണികളില്‍പ്പെട്ടുപോകാതെ ആളുകളെ ബോധവത്കരിക്കുക, മനുഷ്യക്കടത്ത് തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, അതിജീവിച്ചവരെ പുനരധിവസിപ്പിക്കാനുള്ള സംരംഭങ്ങള്‍ ഏകോപിപ്പിക്കുക എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് സിസ്റ്റര്‍ ഗബ്രിയെല്ല ബൊട്ടാണിയും പ്രവര്‍ത്തകരും.

സ്ത്രീകളാണ് പ്രധാനമായും ഇവരുടെ ഇര. പുരുഷന്മാരെയും ആണ്‍കുട്ടികളെയും നിര്‍ബന്ധിച്ച് ഖനികളിലും ഫാമുകളിലും ജോലിക്കായി അയക്കുന്നു. അങ്ങനെ സ്ത്രീകളും പെണ്‍കുട്ടികളും ലൈംഗിക ചൂഷണത്തിന് അടിമകളായി മാറുന്നു. അവയവങ്ങൾ വില്‍ക്കുന്നതിനോ മന്ത്രവാദത്തിനായി ശരീരഭാഗങ്ങള്‍ നീക്കം ചെയ്യുന്നതിനോ ആയി മനുഷ്യക്കടത്തിന് ഇരയായ ആൺകുട്ടികളും മൊസാംബിക്കിൽ ഉണ്ട്.

മനുഷ്യക്കടത്ത് ചൂഷണത്തിന് ഇരയായവരുടെ നിലവിളിക്കുമുമ്പില്‍ കണ്ണടയ്ക്കാന്‍  ഈ സമര്‍പ്പിത സഹോദരങ്ങള്‍ക്ക് ആവില്ല. മനുഷ്യന്റെ അന്തസ്സിനും സ്വാതന്ത്ര്യത്തിനുമായി നിലകൊള്ളാനും നിസ്സംഗതയെയും ഭയത്തേയും മറികടക്കാനുമുള്ള ക്ഷണമാണ് ഈ സംഘടനയിലൂടെ സിസ്റ്റേഴ്സ് നല്‍കുന്നത്. അനേകം ജീവിതങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ സ്വന്തം ജീവന്‍ പോലും പണയംവെച്ച് പ്രയത്നിക്കുന്ന അനേകം സമര്‍പ്പിത ജീവിതങ്ങളെ ഇത്തരുണത്തില്‍ നമുക്ക് വിസ്മരിക്കാതിരിക്കാം.