ഉയരുന്ന അപവാദങ്ങളും നീറുന്ന ഹൃദയങ്ങളും

സി. സോണിയ തെരേസ് ഡി. എസ്. ജെ

സി. സോണിയ തെരേസ് DSJ

സന്യാസത്തെ ആദരിക്കുന്ന വിദ്യാസമ്പന്നരായ കേരളജനതയ്ക്ക് അപമാനമായ ഏതാനും ചില വ്യക്തികളോടും ചില ഗ്രൂപ്പുകളോടും: “ആദ്യം നിങ്ങൾ ഞങ്ങളെ അമ്മമാരെന്നു വിളിച്ചു. പിന്നീട്‌ ഞങ്ങൾ പഠിപ്പിച്ച ഇംഗ്ലീഷിന്റെ പരിഷ്കാരം ആയപ്പോൾ പെങ്ങന്മാരെന്നും. ഇപ്പോൾ നിങ്ങൾ ഞങ്ങളെ കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ വിളിക്കുന്നു…”

“പിതാവേ, അവരോടു ക്ഷമിക്കണമേ; അവർ ചെയ്യുന്നതെന്തെന്ന്‌ അവർ  അറിയുന്നില്ല…” എന്ന ക്രൂശിതനായ ക്രിസ്തുവിൻ്റെ പ്രാർത്ഥന തന്നെ ഇന്ന് ഞങ്ങളും ആവർത്തിക്കുന്നു.

നിങ്ങളുടെ നിന്ദനങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളെയും മനസ്സിനെയും മുറിപ്പെടുത്തുമ്പോഴും, നിങ്ങളെ നിന്ദിക്കുവാനോ നിങ്ങളോട് വഴക്കടിക്കാനോ ഞങ്ങൾക്കു സമയമില്ല. കാരണം, ഞങ്ങളുടെ കരുതലും സ്നേഹവും ശുശ്രൂഷയും കാത്ത് അനേകായിരങ്ങൾ ഞങ്ങളുടെ ചുറ്റുമുണ്ട്. അതിൽ ഭൂരിഭാഗവും നിങ്ങളിൽ ചിലർ തെരുവിലേയ്ക്ക് വലിച്ചെറിഞ്ഞ നിങ്ങളുടെ പിഞ്ചുകുഞ്ഞുങ്ങളും മാതാപിതാക്കളും സഹോദരങ്ങളുമാണ്. അപരനെ ശുശ്രൂഷിക്കാനുള്ള തത്രപ്പാടിനിടയിൽ സമൂഹത്തിൽ ഞങ്ങൾക്കെതിരെ ഉയർന്നിരുന്ന ആരോപണങ്ങളും നിന്ദനങ്ങളും അധികമൊന്നും ഞങ്ങൾ അറിഞ്ഞിരുന്നില്ല. അല്ലെങ്കിൽ വേദനയോടെ അവയെ കണ്ടില്ലെന്നു നടിച്ചു. പക്ഷേ, ഇനിയും ഞങ്ങൾ മൗനം പാലിച്ചാൽ ഞങ്ങളുടെ പ്രിയപ്പെട്ടവരോടും ഞങ്ങളെ വിശ്വസിച്ച് ഞങ്ങളോടൊപ്പം നിൽക്കുന്നവരോടുമുള്ള ഒരു ക്രൂരതയായി അത് മാറും. ഞങ്ങളിൽ എല്ലാവരും പരിപൂർണ്ണരാണെന്നു ഞങ്ങൾ പറയുന്നില്ല. നിങ്ങളെപ്പോലെ തന്നെ ഞങ്ങളും കുറവുകളുള്ളവരാണ്. പക്ഷേ, നിങ്ങൾക്കുള്ളതുപോലെ തന്നെ ആത്മാഭിമാനം ഉള്ളവരാണ് ഞങ്ങളും. മനസ്സു കൊണ്ടും വാക്കു കൊണ്ടും കർമ്മം കൊണ്ടും സന്യാസത്തിൽ നിന്ന് അകലെയാകുകയും നിയമപരമായി പുറത്താക്കപ്പെടുകയും ചെയ്ത ഒരു വ്യക്തിയുടെ ശബ്ദമല്ല ഒരു ലക്ഷത്തോളം വരുന്ന ആത്മാഭിമാനമുള്ള ഞങ്ങളുടെ, കത്തോലിക്കാ സഭയിലെ സന്യസ്തരുടെ ശബ്ദം.

ഒരു കുടുംബത്തിൽ അപ്രതീക്ഷിതമായി പ്രിയപ്പെട്ട ഒരു വ്യക്തിയുടെ മരണം നടന്നാൽ ആ കുടുംബത്തെ ആശ്വസിപ്പിക്കുവാൻ സമയം കണ്ടെത്തുകയാണ് സാധാരണ ഒരു സമൂഹം ചെയ്യുക. എന്നാൽ, കഴിഞ്ഞ ദിവസം തിരുവല്ലയിൽ മരണമടഞ്ഞ, നോവീസസ് ദിവ്യയുടെ കുടുംബത്തെ ആശ്വസിപ്പിക്കുകയാണോ അതോ കൂടുതൽ മുറിപ്പെടുത്തുകയാണോ കേരളത്തിലെ ചില സംഘടനകളും ഗ്രൂപ്പുകളും ചെയ്യുന്നത്? മകളുടെ വേർപാടിൽ വേദനിച്ചിരിക്കുന്ന ഒരു അമ്മയും കുടുംബവും കഴിഞ്ഞ ദിവസം കേരളസമൂഹത്തോട് യാചിക്കുന്നുണ്ട് “ഞങ്ങളെ സമാധാനത്തിൽ വിടാൻ.” എന്നിട്ടും ഇത്രയ്ക്ക് അധ:പതിക്കുവാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു?

ആത്മഹത്യ ചെയ്യുന്നവരിൽ 90 ശതമാനവും, തങ്ങൾ ആത്മഹത്യ ചെയ്യും എന്ന് നേരത്തെ പദ്ധതികൾ തയ്യാറാക്കിയവർ അല്ല. ഒരു നിമിഷത്തെ മാനസികസംഘർഷമാണ് മിക്കവരെയും ആത്മഹത്യയിൽ കൊണ്ടെത്തിക്കുന്നത്. സന്യാസജീവിതം നയിക്കുന്നവരുടെ മാനസീകനില തെറ്റില്ല എന്ന് ചില തെറ്റിധാരണകൾ പലപ്പോഴും നമ്മുടെ സമൂഹത്തിനുണ്ട്. എന്നാൽ, നമ്മുടെയൊക്കെ ഭവനങ്ങളിൽ സംഭവിക്കുന്നതുപോലെ തന്നെ സന്യാസഭവനങ്ങളിലും ധാരാളം സന്യസ്തർ മാനസികരോഗത്തിനും ഡിപ്രഷനും അടിപ്പെടാറുണ്ട്.

മാനസീകരോഗത്തെക്കുറിച്ചുള്ള നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാട് അപക്വമാണ്. നാം മനസ്സിലാക്കേണ്ട ഒന്നുണ്ട് – മാനസികാരോഗ്യം എല്ലാവർക്കും ഒരുപോലെയല്ല. ചിലർക്ക് ഒരു ചെറിയ കാര്യം മതി മനസ്സ് തകരാൻ. എന്നാൽ, ചിലർ എന്തുവന്നാലും തളരില്ല.

വീണുപോയ ഒന്നു രണ്ട് വ്യക്തിത്വങ്ങളെ എടുത്തുകാട്ടിയോ 33 വർഷത്തിനിടയിൽ സംഭവിച്ച ചില മരണങ്ങൾ ചൂണ്ടിക്കാട്ടിയോ ഇന്ത്യയിൽ തന്നെയുള്ള ഒരു ലക്ഷത്തോളം വരുന്ന സന്യാസിനികളെ ഒരേ അളവുകോൽ കൊണ്ട് അളക്കാൻ ആരാണ് നിങ്ങളെ പഠിപ്പിച്ചത്? ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരിൽ കൂട്ടംകൂടി വിധി നടത്തുകയും പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുമ്പോൾ നീതി എവിടെയാണ്? ആർക്കു വേണ്ടിയാണ് നിങ്ങൾ ശബ്ദമുയർത്തുന്നത്? ഇങ്ങനെയാണോ നിങ്ങൾ സന്യാസിനികളുടെ നവോത്ഥാനം കെട്ടിപ്പടുക്കുന്നത്? യഥാർത്ഥത്തിൽ, കന്യാസ്ത്രീകളുടെ നവോത്ഥാനം എന്ന പേരിൽ ഒരു മതവിഭാഗത്തെ തകർക്കണം എന്ന നിഗൂഢമായ ലക്ഷ്യങ്ങളോടെ ഇറങ്ങിത്തിരിച്ചിരിക്കുന്ന ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കൾ അല്ലേ നിങ്ങൾ?

കത്തോലിക്കാ സഭയിലെ സന്യാസിനീ സമൂഹത്തിൽ നിയമ ബിരുദധാരികൾ ഒരുപാടുണ്ട്, എഴുത്തുകാരുണ്ട്, തത്വചിന്തകരുണ്ട്, ബിരുദധാരികളുണ്ട്, അഭിനയശേഷിയും കലാപ്രതിഭയുമുള്ളവർ ഉണ്ട്, സാമൂഹ്യപ്രവർത്തകരുണ്ട്, അധ്യാപകരുണ്ട്, ഐടി വിദഗ്ധരുണ്ട്, ആതുര സേവനരംഗത്ത് പ്രവർത്തിക്കുന്നവരുമുണ്ട്. എങ്കിലും ഇവരിൽ യഥാർത്ഥ സന്യാസികളായ ആരും ഒരു മതത്തെയോ വ്യക്തികളെയോ മോശമായി ചിത്രീകരിക്കാൻ തുനിയാറില്ല. സർവ്വ മേഖലയിലും പ്രഗത്ഭരും കഴിവുള്ളവരുമായ ഒരുപാടു പേരുള്ള ഒന്നാണ് കത്തോലിക്കാ സഭയിലെ സന്യാസിനീ സമൂഹങ്ങൾ. സമൂഹമാധ്യമങ്ങളിൽ കൂടി നിങ്ങളിൽ ചിലർ പറഞ്ഞുപരത്തുന്ന രീതിയിൽ തിരിച്ചറിവില്ലാത്ത ബോധ്യങ്ങളും ഉൾക്കാഴ്ചകളുമില്ലാത്ത വെറും ആൾക്കൂട്ടമല്ല ക്രൈസ്തവ സന്യാസം.

നിങ്ങൾക്ക് വിദ്യ പകർന്നുതന്ന, നിങ്ങൾ രോഗികളായിത്തീർന്നപ്പോൾ നിങ്ങളെ ശുശ്രൂഷിച്ച (അന്ന് നിങ്ങൾ ഞങ്ങളെ മാലഖമാർ എന്നു വിളിച്ചു), നിങ്ങളിൽ ചിലർ തെരുവിൽ വലിച്ചെറിഞ്ഞ കുഞ്ഞുങ്ങളെ സ്വന്തം അമ്മമാരെപ്പോലെ മാറോടു ചേർത്ത് കാത്തുപരിപാലിച്ച, നിങ്ങൾക്ക് ഭാരമായിത്തീർന്ന നിങ്ങളുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളെപ്പോലെ കണ്ടു ശുശ്രൂഷിച്ച ആ സന്യസ്തരെ തന്നെ നിങ്ങൾ ചെളിവാരിയെറിയുമ്പോൾ അതിശയിക്കാനൊന്നുമില്ല. കാരണം, ഈ ലോകം നൂറ്റാണ്ടുകളായി ഇങ്ങനെയാണ്.

ക്രൈസ്തവ സന്യാസ സമൂഹത്തിന്റെ നവീകരണത്തിനായി മുതലക്കണ്ണീർ ഒഴുക്കുന്നവരോട് എനിക്ക് പറയുവാനുള്ളത് ഇതു മാത്രം: “ആദ്യം നിങ്ങൾ നിങ്ങളുടെ ഭവനങ്ങളിലെയും സമൂഹത്തിലെയും അകത്തളങ്ങളിൽ നിന്ന് ഉയരുന്ന തേങ്ങലുകൾ പരിഹരിക്കുവാൻ വേണ്ടി ഒരു ചെറുവിരലെങ്കിലും അനക്കുവാൻ നോക്ക്. എന്നിട്ടു മതി കന്യാസ്ത്രീകളുടെ നവോത്ഥാനം.”

സി. സോണിയ തെരേസ് DSJ

2 COMMENTS

  1. ഒരു സമർപ്പിത എന്ന നിലയിൽ 100% അഭിമാനിക്കുന്ന വുക്തിയാണ് ഞാൻ. ഒരിക്കലും പ്രതികരിക്കാതെ ക്ഷമയാണ് നമ്മുടെ വഴിയെന്നു പറയുന്നതിൽ വലിയ അർത്ഥം തോന്നുന്നില്ല…പ്രതികരിക്കേണ്ടിടത്ത് ആധികാരികതയോടെ പ്രതികരിച്ചവനെയല്ലേ ഞാനും നിങ്ങളും പിൻതുടരുന്നത്? മനുഷ്യാവകാശ കമ്മീഷൻ എന്നുപറഞ്ഞ് സമർപ്പിതരുടെ മരണസമയത്ത് മാത്രം വിഷം വിളൻപാൻ എത്തുന്ന ഈ കൂട്ടർ സമർപ്പിതർക്ക് റേഷൻ നിഷേധിച്ചപ്പോൾ എന്തേ വന്നില്ല? എത്രയോ യുവതികളും അമ്മമാരും ഇന്ന് ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നുണ്ട്, അവിടെയൊന്നും ഇവർക്ക് സംശയങ്ങൾ ഇല്ലേ?സമർപ്പിതരായതിനാൽ മരിക്കാനും പാടില്ലെന്നുണ്ടോ?
    മനുഷ്യ വംശത്തെ മുഴുവൻ രക്ഷിക്കാൻ ജീവൻ ബലി നല്കിയ കർത്താവിനു ലഭിച്ചതും അപമാനം മാത്രമായിരുന്നു എന്ന കാര്യം സമർപ്പിതർക്ക് ശക്തി പകരട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.