സമര്‍പ്പിതര്‍ സത്രം സൂക്ഷിപ്പുകാരോ?

സി. ജിനു എം.എസ്. ജെ
സി. ജിനു എം.എസ്.ജെ

“ദൈവം നിങ്ങളെ സ്നേഹിക്കുന്നു” (God Loves You) എന്ന വിശ്രുതമായ ഗ്രന്ഥത്തില്‍, ഗ്രന്ഥകര്‍ത്താവു ബിഷപ് ഫുള്‍ട്ടന്‍ ജെ. ഷീന്‍ ഒരു സംഭവം വിവരിക്കുന്നുണ്ട്. ഒരിക്കല്‍ ഒരു ക്ലോയ്സ്റ്റഡ് കര്‍മ്മലീത്ത മഠം ഒരു ദിവസത്തേയ്ക്കു സന്ദര്‍ശകര്‍ക്കായ് തുറന്നു കൊടുക്കാന്‍ മേലദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ അനുവദിച്ചു. സാമാന്യജനങ്ങളുടെയിടയില്‍ മിണ്ടാമഠങ്ങളിലെ അന്തേവാസികളെ കുറിച്ചുള്ള സംശയങ്ങള്‍ക്കും ജിജ്ഞാസകള്‍ക്കും പ്രതിവിധിയെന്നോണവും ദൈവവിളി പ്രോത്സാഹനത്തിനും വേണ്ടിയായിരുന്നു പതിവിനും പാരമ്പര്യത്തിനും നിരക്കാത്ത ആ അനുവാദം.

പലരും സന്ദർശിച്ച കൂട്ടത്തില്‍ പണ്ഡിതനായൊരു വൈദികനും കടന്നുവന്നു. പ്രായംചെന്ന ഒരു കന്യാസ്ത്രി അദ്ദേഹത്തെ നയിച്ചു. അവര്‍ മഠത്തിന്റെ മട്ടുപ്പാവിലെത്തി. വൈദികന്‍ സാകൂതം ചുറ്റുപാടും വീക്ഷിച്ചു. മനോഹരമായ ദൃശ്യം. സുന്ദരമയൊരു താഴ്വര. കുസുമനിബിഡമായ മരങ്ങള്‍. അവയെല്ലാം നോക്കികണ്ടിട്ടെന്നമട്ടില്‍ ഒരു ചെറുമലയുടെ മുകളിൽ ബ്രഹ്മാണ്ടമായൊരു രമ്യഹര്‍മ്യം. എവിടെ നിന്ന് നോക്കിയാലും കാണാവുന്ന ആ മണിമന്ദിരം ഐഹിക സുഖസൗകര്യങ്ങളുടെയും ആനന്ദസൗഭാഗ്യങ്ങളുടെയും നിദ൪ശനമായി നിലകൊള്ളുന്നു.

മിണ്ടാമഠത്തിൽ തുളുമ്പിനിന്ന നിതാന്ത ദാരിദ്ര്യം, ആ മണിമന്ദിരത്തില്‍ തളം കെട്ടിയൊഴുകുന്ന സമൃദ്ധി, വൈദികന്‍ മന്ദിരം ചൂണ്ടിക്കാട്ടികൊണ്ടു ചോദിച്ചു. “സിസ്റ്റര്‍ നിങ്ങള്‍ ഈ കര്‍മ്മലമഠത്തിൽ പ്രവേശിക്കുന്നതിനു മുന്‍പ്, അതുപോലൊരു മണിമന്ദിരത്തിൽ താമസിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് സങ്കല്‍പ്പിക്കുക. വിശാലമായ ആ മലഞ്ചെരിവും മലയും മലമുകളിലെ മണിമന്ദിരവും അതിലെ എല്ലാ സുഖസൗകര്യാനന്ദങ്ങളും നിങ്ങള്‍ക്കു ലഭിക്കുമായിരുന്നുവെന്നും സങ്കല്‍പ്പിക്കുക…. എങ്കില്‍ നിങ്ങള്‍, ആ സമ്പത്സമൃദ്ധമായ സാഹചര്യം വിട്ടു, നിത്യദരിദ്രമായ ഈ മഠത്തിൽ ചേര്‍ന്നു നിര്‍ദ്ധനയായ ഒരു കന്യാസ്ത്രിയാകുമായിരുന്നോ? വൃദ്ധയായ ആ അമ്മ ആ വൈദികന്റെ മുഖേത്തെയ്ക്ക് മന്ദ സ്മിതത്തോടെ നോക്കികൊണ്ടു പറഞ്ഞു. “ഫാദര്‍ ആ കാണുന്നത് എന്റെ വീടാണ്.”

സുവിശേഷത്തിലെ മനോഹരമായ  ഒരു വചനമാണ് പത്രോസ് ഈശോയോടു ചോദിച്ചത്‌. “ഇതാ ഞങ്ങള്‍ സര്‍വ്വതും ഉപേക്ഷിച്ച് അങ്ങയെ അനുഗമിച്ചിരിക്കുന്നു. ഞങ്ങള്‍ക്ക് എന്താണ് ലഭിക്കുക?” ഈശോ അവനോടു അരുളിചെയ്തു “സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: പുനര്‍ജീവിതത്തില്‍  മനുഷ്യപുത്രന്‍ മഹത്ത്വപൂര്‍ണ്ണനായ് സിംഹാസനത്തില്‍ ഇരിക്കുമ്പോള്‍ എന്നെ അനുകരിച്ചവരായ നിങ്ങള്‍ പന്ത്രണ്ട് സിംഹാസനത്തിലിരുന്നു ഇസ്രയേലിന്റെ ഗോത്രങ്ങളെ വിധിക്കും. എന്റെ നാമം നിമിത്തം വീടിനേയോ സഹോദരന്മാരെയോ സഹോദരിമാരെയോ, പിതാവിനേയോ മാതാവിനേയോ, മക്കളേയോ നിലങ്ങളെയോ ഉപേക്ഷിക്കുന്നവന് നൂറുമടങ്ങ്‌ ലഭിക്കും. അവന്‍ നിത്യജീവന്‍ അവകാശപെടുകയുംചെയ്യും.” (മത്താ.19:28,29)

കലപ്പയില്‍ കൈവച്ചിട്ടു പുറകോട്ടു തിരിഞ്ഞു നോക്കുന്നവര്‍ ഇന്നു പലരുണ്ട്. വലിയ ജീവിതാവസ്ഥകളില്‍ നിന്ന് വലിയവനെ വഴിവക്കില്‍ കണ്ട് തിരിച്ചറിഞ്ഞ് അത് ക്രിസ്തുവാണന്നു വിളിച്ചു പറഞ്ഞ് വലിയ വലിയ മന്ദിരങ്ങളും, ബംഗ്ലാവുകളും, ചുറ്റുപാടുകളും ഉച്ഛിഷ്ടംപോലെ വലിച്ചെറിഞ്ഞ ഈശോയുടെ സമര്‍ത്ഥരായ സമര്‍പ്പിതരുടെ അസ്ഥികള്‍ ഇന്നുതിരുസഭയില്‍ വിശേഷപ്പെട്ട നിധികളായി സൂക്ഷിക്കപെടുന്നു.

സ്വന്തമെന്നു തോന്നുന്നതെല്ലാം സര്‍വ്വാത്മനാ ഉപേക്ഷിച്ചു സന്ന്യാസത്തിനു പോകുന്നവര്‍ ധാരാളമുണ്ടെങ്കിലും കൊട്ടാരത്തില്‍ നിന്ന് കുടിലിലേയ്ക്ക്‌, എന്നതിനേക്കാള്‍ കുടിലില്‍നിന്നു കൊട്ടാരത്തിലേക്ക് പ്രവേശിക്കുന്ന സമര്‍പ്പിതരുടെ എണ്ണം തുലോം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയല്ലേ എന്നു നാം സംശയിക്കേണ്ടിയിരിക്കുന്നു. സുഖസുഷുപ്തിയുടെ നാളുകളില്‍ തങ്ങളുടെ ഉദ്ദേശശുദ്ധിയെ ആത്മശോധനയ്ക്കു വിധേയമാക്കേണ്ടതു സന്യാസിയുടെ പ്രഥമ ഉത്തരവാദിത്വമായിരിക്കുന്നു.

തിരുവചനം നമ്മോടു ചോദിക്കുന്നു. “കര്‍ത്താവിന്‍റെ കൂടാരത്തില്‍ ശുശ്രൂഷ ചെയ്യാനും സമൂഹത്തിന്‍റെ മുന്‍പില്‍ നിന്ന് സേവനം അനുഷ്ഠിക്കാനും ഇസ്രായേലിന്റെ ദൈവം സമൂഹത്തില്‍ നിന്ന് നിങ്ങളെ വേര്‍തിരിച്ചതു നിസ്സാരകാര്യമാണോ?” (സംഖ്യ:16,9).

സമര്‍പ്പണത്തിന്‍റെ അപൂര്‍ണ്ണത വിശുദ്ധഗ്രന്ഥം എത്രമനോഹരമായിട്ടാണ് രേഖപെടുത്തിയിരിക്കുന്നതു! നാമും വിഭജിതഹൃദയത്തോടെ ശുശ്രൂഷ ചെയ്ത്‌ ചലനമറ്റ അനന്യാ സഫീറമാര്‍ ആകാതിരിക്കണമെങ്കില്‍ തുറന്നമനസ്സോടെയുള്ള സമര്‍പ്പണം അനിവാര്യമല്ലേ?

അക്ഷരാര്‍ത്ഥത്തില്‍ ഒരു സന്യാസി ഊരുംപേരും ഇല്ലാത്തവാനാണ്. അവന്‍ ക്രിസ്തുവിന്റെ അടയാളമായി സമസൃഷ്ടങ്ങളുടെ മദ്ധൃത്തില്‍ വയ്ക്കപെട്ടവനാണ്. അവന്റെ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നീ പ്രാഥമികാവശ്യങ്ങള്‍പോലും അവസാനത്തെ ആവശൃങ്ങളായി മാേറണ്ടതുമാണ്. എന്നാല്‍ ഈ ത്രിവിധ അടിസ്ഥാനാവശ്യങ്ങള്‍ക്ക്‌ അവന്‍ എത്രയോ അമിതമായ പ്രാധാന്യമാണ് ഇന്നു കല്പിച്ചു കൊണ്ടിരിക്കുന്നത്. ഒരു സാഹസികതയും വെല്ലുവിളിയുമായി തീരണ്ട സന്യാസം ഇന്നു നികൃഷ്ടവും ശോചനീയവും ആയിതീ൪ന്നിരിക്കുന്നു എന്നു പറയാതെ വയ്യ!!

മറ്റുള്ളവരെ സൗഖ്യമാക്കുകയും, ശാന്തമായി മരിക്കാന്‍ സഹായിക്കുകയും ലഹരിക്കടിമപെടുന്നവരുടെ അടുത്ത് സാന്നിധ്യമാവുകയും കുട്ടികളുടെയും, യുവ ജനങ്ങളുടെയും വിദ്യാഭ്യാസത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കുകയും വൃദ്ധജനങ്ങളെ പരിപാലിക്കുകയും മൂല്യങ്ങള്‍ പകര്‍ന്നുകൊടുത്ത് അപരിഷ്കൃതരെ അമൂല്യരാക്കുകയും ചെയ്ത സമര്‍പ്പിതമക്കള്‍ എത്ര അനുഗ്രഹിതരാണ്. ഇന്നും അത്തരം സന്യാസികള്‍ ജീവിക്കുന്നു എന്നത് അഭിമാനകരമാണ്.

അപരിഷ്കൃതവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമായ മതപീഡന വാര്‍ത്തകള്‍ മധ്യപൗരസ്ത്യ ദേശങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപെടുമ്പോള്‍, ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ തടവിലായിരിക്കുന്നവരെ ചുട്ടുകരിക്കുന്ന, കഴുത്തറത്ത് ചുടുനിണം കടലില്‍ചാലിച്ച് ആനന്ദ നൃത്തമാടുന്നവരുടെ മുന്‍പിലും പിടിച്ചുനില്‍ക്കാന്‍ ശക്തിപകരുന്ന സമര്‍പ്പിതരുടെ പ്രാര്‍ഥനയും മാതൃകയും എടുത്തുപറയേണ്ടതുതന്നെ.

സി.എം.ഐ,  സി.എം.സി കോൺഗ്രിഗേഷന്റെ സ്ഥാപകന്‍ വി. ചാവറയച്ചനെപറ്റി പറയുന്നത് ശ്രദ്ധാര്‍ഹമാണ്. ചാവറയച്ചന്റെ ധന്യജീവിതത്തിന്‍റെ രണ്ടു നെടും തൂണുകളായിരുന്നു ദിവ്യകാരുണ്യ കേന്ദ്രീകൃത ജീവിതവും, മരിയോന്മുഖ ജീവിതവും. ധ്യാനനിര്‍ലീനതയില്‍ ദൈവത്തെ മാത്രം ഉറ്റുനോക്കിയ അദ്ദേഹത്തിന്റെ മനസ്സ്‌ ഇടമുറിയാതെ ദൈവത്തിലേക്ക്‌ സ്‌നേഹപൂര്‍വ്വം ഒഴുകിച്ചേര്‍ന്നതിന്റെ പരിണിതഫലമായിരുന്നു അദ്ദേഹത്തിന്‍റെ വിശ്വസാഹോദര്യ ചൈതന്യം.

സന്യാസിയുടെ അനുസരണം അഹത്തില്‍നിന്നുള്ള അവളുടെ സ്വാതന്ത്ര്യവും, ദാരിദൃം ഇഹത്തില്‍നിന്നുള്ള മോചനവും, ബ്രഹ്മചര്യം ജഡത്തില്‍നിന്നുള്ള അകലവും ആണന്നുള്ളതു എത്രയോ വലിയ സത്യമാണ്. അനേകായിരങ്ങളുടെ ആനന്ദവിഷയ മാകേണ്ട യഥാര്‍ത്ഥൃമാണ് സന്യാസിയും സന്യാസാശ്രമവും എന്ന് നമുക്കു മറക്കാതിരിക്കാം.

സിസ്റ്റര്‍ ജിനു എം.എസ്‌.ജെ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.