ഈ ലോകത്തിനപ്പുറത്തേക്കുള്ള ചൂണ്ടുപലകകളാണ് സന്യാസികൾ

ഫാ. നോബിൾ തോമസ് പാറക്കൽ

അസ്തമയശേഷമുള്ള അവസാനിക്കാത്ത പകലിനെക്കുറിച്ചുള്ള ചിന്തയാണ് സന്ന്യാസം.

പൗരോഹിത്യം സന്ന്യാസമല്ല, എന്നാൽ ‍സന്ന്യാസജീവിതശൈലിയോട് അനുരൂപപ്പെട്ടിരിക്കുന്ന ആത്മീയത അതിനാവശ്യമുണ്ട്. രാജകീയ പുരോഹിതഗണമായ തിരുസ്സഭക്ക് ശുശ്രൂഷ നല്കാനുള്ള സവിശേഷദൗത്യം ഏറ്റെടുക്കുന്നവരാണ് ശുശ്രൂഷാപൗരോഹിത്യം സ്വീകരിക്കുന്ന വൈദികർ. അവര്‍ സന്ന്യാസജീവിതത്തിന്റെ അടിസ്ഥാനമായ വ്രതത്രയങ്ങൾ (ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം) എന്നിവ സാഘോഷം പ്രഖ്യാപിക്കുന്നില്ല. അതേസമയം സഭാനിയമമനുസരിച്ച് ബ്രഹ്മചാരികളായി അതാതു സ്ഥലങ്ങളിലെ മെത്രാന്മാർ‍ക്ക് വിധേയപ്പെട്ട് എല്ലാ ക്രൈസ്തവരെയും പോലെ ലളിതജീവിതം നയിക്കുന്നു. പുരോഹിതരുടെ അധികാരം എന്നത് ശുശ്രൂഷക്കുള്ള അധികാരമാണ്, ഭരിക്കാനുള്ള അധികാരമല്ല. നയിക്കാനുള്ള അധികാരമാണ്, നശിപ്പിക്കാനുള്ളതല്ല. ഇവിടെ പൗരോഹിത്യത്തിന്റെ സവിശേഷ ജീവിതരീതിയെ അധികാരപ്രയോഗമായി വ്യാഖ്യാനിക്കുന്ന ശൈലി (ചിലപ്പോഴെങ്കിലും വൈദികർ‍ അപ്രകാരം പ്രവർ‍ത്തിക്കാറുണ്ട് എന്നതും സത്യം) വളരെ പ്രകടമായ രീതിയിൽ വർ‍ദ്ധിച്ചുവരുന്നു.

സന്ന്യസ്തജീവിതം രാജകീയപൗരോഹിത്യം സ്വീകരിച്ച ക്രൈസ്തവർ സവിശേഷമായ രീതിയില്‍ തങ്ങളുടെ ക്രൈസ്തവവിശ്വാസം ജീവിക്കുന്നതിനു വേണ്ടി തിരഞ്ഞെടുക്കുന്ന ഒരു ജീവിത ശൈലിയാണ്. പുരുഷന്മാരും സ്ത്രീകളും ഈ ജീവിതശൈലി സ്വീകരിക്കാറുണ്ട്. അവര്‍ ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നിവ വ്രതങ്ങളായി സ്വീകരിക്കുന്നു. പുരുഷന്മാരുടെ പല സന്ന്യാസസമൂഹങ്ങളും വ്രതസ്വീകരണത്തിലൂടെ സന്ന്യാസത്തില്‍ പ്രവേശിച്ചതിന് ശേഷം പൗരോഹിത്യവും സ്വീകരിക്കാറുണ്ട്. അവര്‍ തുടര്‍ന്നും വ്രതബദ്ധജീവിതം അവരുടെ സന്ന്യാസസമൂഹത്തില്‍ നയിക്കുകയും ചെയ്യുന്നു. ഓരോ സന്ന്യാസസമൂഹത്തിന്റെയും നിയമങ്ങള്‍ വ്യത്യസ്തങ്ങളാണ്. അവരവരുടെ അംഗങ്ങളുടെ കാര്യത്തില്‍ തീരുമാനങ്ങളെടുക്കുന്നത് അതാത് സന്ന്യാസസമൂഹങ്ങളുടെ നിയമങ്ങളുടെ അടിസ്ഥാനത്തിലുമാണ്. ഇങ്ങനെ വ്രതബദ്ധജീവിതം നയിക്കുന്ന അനേകം സന്ന്യാസസമൂഹങ്ങളും മറ്റ് വൈദികരും അത്മായരും ചേരുന്നതാണ് കത്തോലിക്കാ തിരുസ്സഭ.

കഴിഞ്ഞ ദിവസം ഒരു സഭാവിരുദ്ധ ചാനലില്‍ പുത്തന്‍പുരയിലച്ചനോട് വാര്‍ത്താവതാരകന്‍ സന്ന്യാസജീവിതത്തെക്കുറിച്ച് ചോദിക്കുന്ന ചോദ്യത്തില്‍ പ്രസ്തുത ജീവിതാന്തസ്സിനെക്കുറിച്ചുള്ള മാധ്യമലോകത്തിന്റെ സകല അജ്ഞതയും അടങ്ങിയിട്ടുണ്ട്. “സിസ്റ്റം കാലഘട്ടത്തിനനുസരിച്ച് പോകുന്നതല്ലെങ്കില്‍ സിസ്റ്റം പൊളിക്കുകയല്ലേ വേണ്ടത്?” സന്ന്യാസം എന്നത് എന്താണെന്നു പോലും മനസ്സിലാക്കാനാവാത്ത വിധത്തില്‍ ഭൗതികചിന്തയിലും ഈലോകജീവിതത്തിലും ആണ്ടുപോകുന്ന മഹാഭൂരിപക്ഷത്തിനും ഇത്തരം ജീവിത ശൈലികള്‍ പഴഞ്ചനും കാലഘട്ടത്തിന് നിരക്കാത്തതും പൊളിച്ചുകളയേണ്ടതുമാണ്. ആത്യന്തികമായി സന്ന്യാസം ഇഹലോകത്തെക്കുറിച്ചുള്ള ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണ് സത്യം. അത് ക്രൈസ്തവസന്ന്യാസത്തില്‍ മാത്രമല്ല, ഈ ആത്മീയ ജീവിതശൈലി നിലനിന്നിരുന്ന എല്ലാ പാരമ്പര്യങ്ങളിലും അതങ്ങനെയാണ്.

കഠോപനിഷത്തില്‍ (2.6) ഇപ്രകാരമൊരു ശ്ലോകമുണ്ട്:
ന: സാംപരായ: പ്രതിഭാതി ബാലം
പ്രമാദ്യന്തം വിത്ത മോഹേന മൂഢം
അയം ലോകോ, നാസ്തിപര ഇതിമാനി
പുന:പുനര്‍വശം ആ പര്യതേമേ
( ധനാഗ്രഹം മൂലം ബുദ്ധി മന്ദീഭവിച്ച വിഡ്ഡികളുടെ മനസ്സില്‍ പാരത്രികചിന്ത ഉദിക്കുന്നില്ല. ഇതിനപ്പുറം മറ്റൊരു ലോകമില്ലെന്ന ചിന്തയില്‍ കഴിഞ്ഞുകൂടുന്ന നാസ്തികര്‍ നിരന്തരം മരണക്കെണിയിലാണ്).

1. ഇന്ദ്രിയനിഗ്രഹം

ഇന്ദ്രിയങ്ങളിലൂടെയാണ് ലോകത്തെ നാം അറിയുന്നതും ആസ്വദിക്കുന്നതും. അനിത്യമായ ലോകത്തോട് താദാത്മ്യപ്പെടുന്നതിനേക്കാള്‍ അതിനപ്പുറമുള്ള നിത്യതയോട് സാത്മീഭവിക്കാന്‍ വെമ്പല്‍കൊള്ളുന്ന മനുഷ്യമനസ്സാണ് സന്ന്യാസത്തിന്റെ അകക്കാമ്പ്. അത് പുറംലോകത്തിന്റെ സംവേദനങ്ങളോട് വിടപറയുകയും അതിനപ്പുറമുള്ളതിന്റെ വിശാലമാനങ്ങളിലേക്കും തന്റെ തന്നെ ആത്മവത്തയുടെ ആഴങ്ങളിലേക്കും ശ്രദ്ധയൂന്നുകയും ചെയ്യുന്നു. അവന്‍/അവള്‍ അമര്‍ത്യതയില്‍ ആസക്തിയുള്ള ബുദ്ധിമാനായ/ ബുദ്ധിമതിയായ വ്യക്തിയാണ്. “ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവ് നഷ്ടപ്പെടുത്തിയാല്‍ എന്ത് പ്രയോജനം” എന്നത് മിശിഹായുടെ വചനമാണ്. സന്ന്യാസത്തിന്റെ ക്രിസ്തുദര്‍ശനത്തില്‍ സ്വര്‍ഗ്ഗത്തിന് മാത്രമേ മൂല്യമുള്ളൂ. അതിനായി ബാക്കിയെല്ലാം ത്യജിക്കപ്പെടുന്നു. അര്‍ദ്ധ സത്യങ്ങളോടും വിട്ടുവീഴ്ചകളോടും പൊരുത്തപ്പെടാത്ത സുവിശേഷമാണ് പ്രസ്തുത ജീവിതാന്തസ്സിന്റെ ഉറപ്പും ആധാരവുമായിത്തീരുന്നത്.

2. നിത്യാനിത്യ വിവേകം

സന്ന്യാസം വളരെക്കുറച്ച് പേർ മാത്രം സ്വീകരിക്കേണ്ട ഒരു ജീവിതശൈലിയാണ്. എല്ലാവർ‍ക്കും ഇണങ്ങുന്നതോ അനുയോജ്യമോ ആയ ഒന്നല്ല അത്. താൻ ‍സന്ന്യാസത്തിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് ഉറപ്പാക്കുന്നത് ഒരുവന്റെ നിത്യാനിത്യവിവേകത്തിന്റെ അടിസ്ഥാനത്തിലാണ്. സ്ഥിരവും അസ്ഥിരവുമായത് ഏവയെന്ന് തിരിച്ചറിയാനുള്ള കഴിവാണത്. പരിശീലനകാലയളവിലൂടെ അർ‍ത്ഥി(നി)കള്‍ സ്വന്തമാക്കേണ്ട സിദ്ധിയാണത്. ചുറ്റുപാടുകളിൽ തന്നെ ആകർഷിക്കുന്നവയുടെ നൈമിഷികതയെക്കുറിച്ചും താൻ ‍നിതാന്തമായി ശ്രദ്ധയൂന്നേണ്ടുന്നവയുടെ നിത്യസൗന്ദര്യത്തേക്കുറിച്ചും മങ്ങലില്ലാത്ത ഓർമ്മ രൂപപ്പെടുത്തിയെടുക്കലാണ് പരിശീലനത്തിൽ ഒരു സന്ന്യാസാർ‍ത്ഥി(നി) ചെയ്യുന്നത്, ചെയ്യേണ്ടത്. നിത്യാനിത്യവിവേകം കേവലം സാങ്കല്പികമോ അമൂർ‍ത്തമോ താത്കാലികമോ ആയ ഒരു ചിന്താശേഷിയല്ല, മറിച്ച്, എല്ലാ ആദ്ധ്യാത്മിക വിധികളുടെയും വിലയിരുത്തലുകളുടെയും നിശ്ചയങ്ങളുടെയും കാതലായി നിന്നുകൊണ്ട് ഓരോ ജീവിത നിമിഷത്തിന്റെയും അടിസ്ഥാന തത്വമായി അത് പ്രവർ‍ത്തിക്കുകയാണ് ചെയ്യുന്നത്.

3. ആഗ്രഹമുക്തി

ആഗ്രഹങ്ങളിൽ നിന്നുള്ള പരിപൂർ‍ണ്ണ മുക്തിയാണ് സന്ന്യാസജീവിതത്തിന്റെ അടിസ്ഥാനപരമായ ലക്ഷ്യം. ഒരേ ഒരു തൃഷ്ണയാണ് സന്ന്യാസി(നി)യെ ഭരിക്കുന്നത് – ദൈവത്തിന് വേണ്ടിയുള്ള തൃഷ്ണ. നിത്യമായതും മാറ്റമില്ലാത്തതും ഒരിക്കലും ഇനി നഷ്ടപ്പെടില്ലാത്തതുമായ നിത്യസൗഭാഗ്യത്തെ, സന്തോഷത്തെ ആശ്ലേഷം ചെയ്യലാണ് അത്. ചെറിയ ആഗ്രഹങ്ങളെ ഉപേക്ഷിക്കുന്നത് അസാദ്ധ്യമല്ലേയെന്ന് ചിന്തിക്കുന്നവര്‍ക്ക് ഉപേക്ഷയുടെ ശൈലി നിരന്തരമായ ആവര്‍ത്തനങ്ങളിലൂടെ ജീവിത രീതിയാക്കി മാറ്റിയെടുക്കാമെന്ന ഉറപ്പാണ് സന്ന്യാസം നല്കുന്നത്. തന്റെ ഹൃദയത്തില്‍ ഒന്നിനൊന്നായി ഉയര്‍ന്നുവരുന്ന മാനുഷികാഭിലാഷങ്ങളുടെ കൂമ്പാരത്തെ മാറ്റിക്കളയാന്‍ പരിശ്രമിക്കുന്ന സന്ന്യാസി(നി) പക്ഷേ, ഇവയൊടൊന്നും വെറുപ്പുള്ള വ്യക്തിയല്ല. മറിച്ച്, മറ്റാരെയും കാള്‍ അധികമായി അവയെ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവരാണ് അവര്‍. അവയുടെ നിഗൂഢതകളെ ആഴമായ അര്‍ത്ഥത്തില്‍ സന്ന്യാസി(നി) തിരിച്ചറിയുന്നുണ്ട്. അവയെ മറികടന്നും അതിജീവിച്ചും നിത്യസത്യത്തിലേക്കാണ് പക്ഷേ, അവരുടെ മുഴുവന്‍ ശ്രദ്ധയും പതിഞ്ഞിരിക്കുന്നത്.

4. സമർ‍പ്പണവിശ്വസ്തത

സൃഷ്ടപ്രപഞ്ചത്തില്‍ ഒന്നിനും, ഒരു വ്യക്തിക്കും സ്വന്തമാക്കാനോ വിവരിക്കാനോ മനസ്സിലാക്കാനോ കഴിയാത്ത വിധത്തിലുള്ള ഔത്സുക്യത്തോടു കൂടി പരിപൂര്‍ണ്ണമായ സ്നേഹവും ആത്യന്തികമായ ദൈവൈക്യവും അഭിലഷിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യലാണ് സമര്‍പ്പണ വിശ്വസ്തത. ഭൗതികാര്‍ജ്ജനവും (ഭൗതികവസ്തുക്കളെ വെടിയല്‍) ഈ ലോക താത്പര്യവും പൂര്‍ണ്ണമായി വെടിയാന്‍ സാധിക്കാത്തവര്‍ക്ക് തങ്ങളുടെ സമര്‍പ്പണത്തോട് വിശ്വസ്തരാവാനാവില്ല. തന്റെ സന്ന്യാസത്തിന് പുറത്ത് നിന്നുയരുന്ന തന്റെ തന്നെ ആഗ്രഹങ്ങളോടും മറ്റുള്ളവരുടെ ക്ഷണത്തോടും ഇവയൊന്നും അനുവദനീയമല്ലെന്ന് പറയാന്‍ കഴിയാത്തവര്‍ ഇനിയും സമര്‍പ്പണത്തിലും സന്ന്യാസത്തിലും പ്രവേശിക്കുക പോലും ചെയ്തിട്ടില്ലെന്ന് വേണം കരുതാന്‍. അവരുടെ ജീവിതങ്ങള്‍ കളവും കബളിപ്പിക്കലുമായിത്തീരുന്നു. സന്ന്യാസികള്‍ ലോകത്തെ ഉപേക്ഷിച്ചവരും അപ്രകാരം ഉപേക്ഷിച്ചതിലൂടെ സന്ന്യാസികളുടെ മറ്റൊരു ലോകത്തിലേക്ക് കടന്നവരുമാണ്. അതിനെ ബാഹ്യലോകത്തിന്റെ മാനദണ്ഡങ്ങള്‍ കൊണ്ട് വിധിക്കാനും വിലയിരുത്താനും ആവില്ല. അവിടെ അപകടത്തിലാകുന്നത് ഈ വിശ്വസ്തതയാണ്.

സമാപനം

മനുഷ്യന്റെ ആത്മീയസ്വാതന്ത്ര്യത്തിന്റെ ബാഹ്യരൂപമാണ് സന്ന്യാസം. ചെയ്യുന്നതിന്റെയും പറയുന്നതിന്റെയും മൂല്യവും അതിനുപിന്നിലെ നേട്ടങ്ങളും മാത്രം സശ്രദ്ധം വീക്ഷിക്കുന്ന വര്‍ത്തമാനകാല ലോകത്തില്‍ ഇന്ദ്രിയങ്ങളെ നിഗ്രഹിച്ചും നിത്യാനിത്യവിവേകത്തില്‍ ഉറച്ചും ആഗ്രഹമുക്തി പ്രാപിച്ചും തന്റേതായ ലക്ഷ്യങ്ങളില്ലാതെ ദൈവത്തിനായി മാത്രം സമര്‍പ്പിതരായിരിക്കുന്നവരെയാണ് നാം ഈ ആത്മീയസ്വാതന്ത്ര്യത്തില്‍ കണ്ടുമുട്ടുന്നത്. അവരെ ക്രൈസ്തവസ്നേഹം സമര്‍പ്പിതര്‍ എന്ന് വിളിക്കുന്നു. അവര്‍ക്ക് നിത്യനായ ദൈവമാണ് സന്തതസഹചാരി. അവരുടെ കീശയിൽ ‍നാണയത്തുട്ടുകളുടെ കിലുക്കങ്ങളില്ല. അവരില്‍ യാതൊരു നിഷേധവും അലയടിക്കുന്നില്ല. അവര്‍ വിശുദ്ധിയുടെ ആൾ ‍രൂപങ്ങളാണ്. ആകാശം പോലെ വിശാലവും ആളിക്കത്തുന്ന അഗ്നിപോലെ തീക്ഷ്ണവുമാണ് അവരുടെ ഹൃദയം. അവര്‍ ഈ ലോകത്തിനപ്പുറത്തേക്കുള്ള ചൂണ്ടുപലകകളാണ്.

സന്ന്യാസത്തിലേക്ക് തുടിക്കുന്ന ഹൃദയമുണ്ടാവുക എന്നത് ആത്മീയമനുഷ്യന്റെ എക്കാലത്തെയും ആഗ്രഹമാണ്… കാത്തിരിക്കുന്നു!

ഫാ. നോബിൾ തോമസ് പാറക്കൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.