മഴവില്ല് കൊണ്ടെഴുതിയ കൈയ്യക്ഷരം

ഡോ. സി. തെരേസ് ആലഞ്ചേരി, എസ്.എ.ബി.എസ്

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ദിനപ്പത്രത്തിന്റെ വാരാന്ത്യപ്പതിപ്പില്‍ വന്ന ഫീച്ചര്‍ വായിക്കാന്‍ ഇടയായത്. ഈച്ചര വാര്യരുടെ മകന്‍ രാജനെ പോലീസുകാര്‍ ഉരുട്ടിക്കൊന്ന സംഭവം. അതിലെ ഒരോ ഖണ്ഡികയും വായിച്ചിട്ട് ഞാന്‍ ഏങ്ങലടിച്ചു കരഞ്ഞു. ഇതുകണ്ട എന്റെ അപ്പനും ആങ്ങളയും പറഞ്ഞു: ‘നീ പഠിച്ച് സത്യവും നീതിയുമുള്ള ഒരു നല്ല വക്കീല്‍ ആകണം’ എന്ന്.

അന്നു മുതല്‍ വക്കീലാകാനായിരുന്നു എന്റെ ആഗ്രഹം. പീന്നീട് പത്താംക്ലാസ്സ് പാസ്സായ സമയത്താണ് എന്റെ വല്യമ്മാവന്റെ മകന്‍ ജോസുകുട്ടിയുടെ (മാര്‍ ജോസ് പുളിക്കല്‍) പൗരോഹിത്യ സ്വീകരണം. എല്ലാമുണ്ടായിട്ടും സര്‍വ്വതും വേണ്ടന്നുവച്ച് സഭാസേവനത്തിന് ഇറങ്ങിത്തിരിച്ച അദ്ദേഹത്തിന്റെ ത്യാഗപൂര്‍ണ്ണമായ സമര്‍പ്പണം എനിക്കെന്നും മാതൃകയും പ്രചോദനവുമായിരുന്നു. അങ്ങനെയാണ് ഞാന്‍ പ്രതിഫലത്തിന്റെ വലുപ്പചെറുപ്പം നോക്കി നീതി നിശ്ചയിക്കുന്ന നീതിപാലകയോ, രാഷ്ട്രീയനേതാവോ ആകാന്‍ ശ്രമിക്കാതെ ലോകം മുഴുവന്‍ മുട്ടുമടക്കുന്ന വിശുദ്ധ കുര്‍ബാനയുടെ ആരാധനാസന്യാസിനി സമൂഹത്തില്‍ ചേര്‍ന്നത്.

ഒരു ഗ്രാമീണാന്തരീക്ഷത്തിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന എനിക്കു മുന്നില്‍ രാഷ്ട്രീയ-സാമൂഹികരംഗത്ത് പ്രവര്‍ത്തിക്കാനുള്ള ആകര്‍ഷകമായ അവസരങ്ങള്‍ വീട്ടുകാരും ബന്ധുക്കളും അധ്യാപകരും ചേര്‍ന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അന്ന് ക്ലാസ്സ്മുറിയില്‍ കേട്ട വരികള്‍ ചിന്തകളെ ബലപ്പെടുത്തുന്നതായിരുന്നു. ‘വഹ്‌നി സന്തപ്ത ലോഹസ്താംബുബിന്ദുനാ സന്നിഭം മര്‍ത്യജന്മം ക്ഷണഭംഗുരം’ ക്ഷണികമായ ലൗകീക സുഖത്തെക്കാള്‍ സന്യാസത്തിന്റെ സൗന്ദര്യം എന്നെ ആകര്‍ഷിച്ചു. ദൈവം വിളിക്കാതെ ആര്‍ക്കും വരാനോ നിലനില്‍ക്കാനോ കഴിയില്ല. എന്നാല്‍ വിളിച്ചവനോട് നന്ദിയും സ്‌നേഹവുമില്ലാത്തവന്‍ വഴിയിറമ്പുകളില്‍ അവനെ വീണ്ടും തര്‍ക്കത്തിന്റെ അടയാളമാക്കും.

ഏതു ജീവിതത്തിലും കഷ്ടതകളും സഹനവുമുണ്ട്. സന്യാസജീവിതത്തിലുമുണ്ട് ഈ ക്ലേശങ്ങള്‍. ഈ അലച്ചിലുകളും അധ്വാനവുമാണ് ഒരുവന്റെ ആന്തരിക ലോകത്തെ പ്രകാശമാനമാക്കുന്നത്. അതിനുള്ള നീണ്ട വര്‍ഷത്തെ പഠനവും പരിശീലനങ്ങളും ഇവിടെ ലഭിക്കുന്നുമുണ്ട്. എന്നാല്‍ ഒരുക്കപ്പെടാത്ത നിലത്തു വീണ വിത്തുകളാണ് വഴിയരികില്‍ ചവിട്ടി മെതിക്കപ്പെടുന്നതും, പക്ഷികള്‍ കൊത്തിപ്പെറുക്കുന്നതും എന്ന യാഥാര്‍ത്ഥ്യം വേദനിപ്പിക്കുന്നതാണ്. എന്റെ ഗവേഷണപഠനവുമായി ബന്ധപ്പെട്ട് 2014 ല്‍ തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍ ഒരു പ്രോഗ്രാമിനു പോയി. അവിടെവച്ച് അന്നത്തെ സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്ന മൺമറഞ്ഞ പ്രശസ്ത കഥാകൃത്ത് ശ്രീ. അക്ബര്‍ കക്കട്ടില്‍ വര്‍ത്തമാനത്തിനിടയില്‍ ചോദിച്ചു: “മഠത്തില്‍ ഒരുപാട് കഷ്ടപ്പാടുകളുണ്ടെന്ന് മഠത്തില്‍ നിന്ന് പോയ ചിലർ പറയുന്നത് കേട്ടു. സിസ്റ്ററിനു തിരിച്ചു പോകണണെന്നു തോന്നിയിട്ടുണ്ടോ?” പെട്ടെന്നായിരുന്നു എന്റെ മറുപടി. ‘അത് അവരുടെ വ്യക്തിപരമായ പ്രശ്‌നമായിരിക്കാം. എന്നെ സംബന്ധിച്ച് അത്തരം പ്രശ്‌നങ്ങള്‍ കാണാനോ അറിയാനോ കഴിഞ്ഞിട്ടില്ല. ഒരിക്കലും മടങ്ങിപ്പോകണമെന്ന് തോന്നിയിട്ടുമില്ല. കഷ്ടപ്പാടുകള്‍ ഉണ്ട്. പക്ഷെ ആ അലച്ചിലുകളിലൊക്കെ ഒരു ലാവണ്യമുണ്ട് സര്‍. ദൈവം കൂടെയുള്ളതിന്റെ ആനന്ദവും.’

വിപരീത സാഹചര്യങ്ങളിലും സഹനങ്ങളിലുമാണ് ഹൃദയത്തിന്റെ നഗ്നമായ നിലവിളി ഉയരുന്നത്. ‘എന്റെ ദൈവമേ’ എന്ന്. ഇവിടെ രൂപം കൊള്ളുന്ന മനസ്സിന്റെ കീര്‍ത്തനങ്ങളാണ് ജപധ്യാനങ്ങളും സ്‌നേഹസേവനങ്ങളുമായി പരിണമിക്കുന്നത്. സന്യാസവും പൗരോഹിത്യവും ഏതാനും വ്യക്തികളല്ല. അതൊരു അവസ്ഥയും ജീവിതശൈലിയുമാണ്. ആത്മീയാനന്ദവും ആന്തരീകസ്വാതന്ത്ര്യവുമാണ്. ഇത് ലോകത്തിലാര്‍ക്കും മനസ്സിലാക്കാന്‍ കഴിയില്ല. എത്രയോ സന്യാസീ-സന്യാസിനികളും പുരോഹിതരുമാണ് സ്വന്തം നാടും വീടും വിട്ട് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പോലും ശുശ്രൂഷ ചെയ്യുന്നത്. കുഷ്ഠരോഗികള്‍, എയ്ഡ്‌സ് രോഗികള്‍, ശാരീരിക-മാനസിക വൈകല്യങ്ങളുള്ളവര്‍, വൃദ്ധര്‍, അനാഥര്‍ ഇവരെയെല്ലാം കാരുണ്യത്തോടെ ശുശ്രൂഷിക്കുന്നവര്‍ ധാരാളം. കൂടാതെ വിദ്യാഭ്യാസ-ആതുര-ശുശ്രൂഷാരംഗത്തും, സാമൂഹിക പ്രവര്‍ത്തന രംഗത്തും ക്രിസ്തുചൈതന്യം പങ്കുവയ്ക്കുന്നവര്‍ അനേകം. സന്യാസത്തെയും പൗരോഹിത്യത്തെയും അവഹേളിക്കുന്നവരില്‍ പലരുടെയും മാതാപിതാക്കളും ബന്ധുക്കളുമൊക്കെ ഇത്തരം സമര്‍പ്പിത മാലാഖാമാരുടെ ശുശ്രൂഷകള്‍ ഏറ്റുവാങ്ങി ആശ്വാസം പ്രാപിക്കുന്നു എന്നത് മറക്കാതിരിക്കാം.

മാധ്യമരാജാക്കന്മാര്‍ ചെളി വാരിയെറിയുമ്പോഴും ഈ വെള്ളയങ്കി കൊണ്ടു തന്നെ തുടച്ച് വിശുദ്ധിയില്‍ ജീവിക്കുന്നവരാണ് സമര്‍പ്പിതരില്‍ ഭൂരിഭാഗവും എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. വന്ന വഴികളും നില്‍ക്കുന്ന ഇടങ്ങളും എത്തേണ്ട സ്ഥലവും മറന്നവര്‍ ഈ കൂടാരത്തില്‍ കയറിപ്പറ്റിയിട്ടുണ്ട് എന്നത് വേദനിപ്പിക്കുന്ന സത്യം. ഒന്നേ ചോദിക്കാനുള്ളൂ ദീപികയിലെ ഫീച്ചറിൽ ‘ രാജന്റെ അച്ഛന്‍ ചോദിച്ച ചോദ്യം തന്നെ. ‘മരിച്ചിട്ടും നിങ്ങളെന്തിനാണ് എന്റെ മകനെ ഇപ്പോഴും മഴയത്തു തന്നെ നിര്‍ത്തിയിരിക്കുന്നത്.’ ഇടറിപ്പോയ ഏതാനും ജീവിതങ്ങളെ നോക്കി എന്തിനാണ് ഇങ്ങനെ സഭയെ ഈ മഴയത്തു തന്നെ നിര്‍ത്തി വിചാരണ ചെയ്യുന്നത്. ഒരു കാര്യം ഓര്‍ക്കുക. വിളകളോടൊപ്പം കളകളും വളരാന്‍ അനുവദിച്ച തമ്പുരാന്റെ കാരുണ്യം ഒക്കെ മറന്നിട്ട് സ്വയം പരിഹാസ്യരാകരുതേ.

സ്വന്തം മ്ലേച്ഛതകള്‍ അന്യരില്‍ ആരോപിക്കുന്ന മാനസികവൈകല്യമുള്ളവരും, മറ്റുള്ളവരെ വേദനിപ്പിച്ച് സന്തോഷം കണ്ടെത്തുന്ന സാഡിസ്റ്റുകളും, സ്വയം അറിയാനും മനസ്സിലാക്കാനും ശേഷിയില്ലാത്തവരും, അധികാരവും സ്ഥാനമാനങ്ങളും സ്വപ്നം കണ്ട് ഉന്മാദം പൂണ്ട് നടക്കുന്നവരും സ്വയമൊന്ന് തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍… സുവിശേഷത്തിലധിഷ്ഠിതവും സഭയുടെ ആദികാലം മുതല്‍ ഉള്ളതും മരുഭൂമിയിലും വനാന്തരങ്ങളിലുമായി തുടക്കം കുറിച്ചതും പൗരാണിക പാരമ്പര്യമുള്ളതുമായ സന്യാസത്തെ ദുഷിക്കുമ്പോള്‍ ഓര്‍ക്കുക അല്‍ഫോന്‍സാമ്മയും, ചാവറയച്ചനും, റാണി മരിയായും, തേവര്‍പറമ്പില്‍ കുഞ്ഞച്ചനും, കുര്യാളശ്ശേരി പിതാവും, കാവുകാട്ട് പിതാവും, ഷന്താളമ്മയും പിന്നെ അറിയപ്പെടാത്ത ആയിരക്കണക്കിന് വിശുദ്ധാത്മാക്കളും ജിവിച്ചിരുന്ന കേരളസഭയില്‍ അഴകുള്ള അനേകര്‍ ഉണ്ടായിട്ടും അഴുകിയ ഏതാനും പേരിലേക്ക് കണ്ണും നട്ടിരിക്കുന്ന മാധ്യമരംഗം എന്ത് ധാര്‍മ്മികതയാണ് സംഭാവന ചെയ്യുന്നത്.

തച്ചന്റെ അളവുകോലുകള്‍ കൊണ്ടുമാത്രം ജീവിതത്തെ അളക്കുന്ന പെരുന്തച്ചന്മാര്‍ വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ വട്ടമിട്ടു പറക്കുന്നു. ദുഷ്ടതയുടെ കയ്പ്പുനീര്‍ കുടിച്ചു തളര്‍ന്ന മസ്തിഷ്‌കത്തിന് സ്‌നേഹത്തിന്റെ നിയമം വായിക്കാന്‍ കഴിവില്ല എന്ന സത്യവും നാം തിരിച്ചറിയണം. സ്വന്തം കരങ്ങള്‍ വൃത്തിയാക്കാതെ അപരന്റെ ചെളി തോണ്ടാന്‍ ഇറങ്ങിയോടുന്നവര്‍ ആരെ വിഴുങ്ങണം എന്ന് ചിന്തിച്ച് ഓടുകയാണ്. ഇവിടെ പത്തിലൊരാള്‍ ഇടറുമ്പോള്‍ ബാക്കി ഒന്‍പത് ചെരാതിന്റെയും വെളിച്ചം മറച്ചുപിടിക്കുന്ന-ഇരുട്ട് വിഴുങ്ങിയ മാധ്യമപ്പടകള്‍ തകര്‍ക്കാന്‍ ശ്രമിച്ചാലും സഭ തകരില്ല. പൗരോഹിത്യ-സന്യാസ ജീവിതങ്ങളെ കാലത്തിന്റെ കാല്‍ക്കീഴിലേയ്ക്ക് വലിച്ചിഴക്കുന്നതിന്റെ നേര്‍ക്കാഴ്ച്ചകളും കാണാം. അപ്പോഴും ശത്രുവിന്റെ പ്രഹരം സ്വയംപ്രതിരോധത്തിന്റെ പാഠമായി കരുതുന്നവര്‍ ഈ മുന്തിരിത്തോട്ടത്തിലെ വിളവ് വര്‍ദ്ധിപ്പിക്കുന്നു.

സ്വയം നഷ്ടപ്പെടുത്തിക്കൊണ്ട് സമൂഹത്തെ പടുത്തുയര്‍ത്തുന്നവര്‍ സ്വന്തം വിളിയുടെ മഹത്വമറിയാത്ത അനന്യവ്യക്തിത്വങ്ങളാണ്. പടിയിറങ്ങിപ്പോകുന്ന സന്യാസത്തെ നോക്കി ചങ്ക് പൊട്ടിക്കരയുന്നവരും, ചില്ലകള്‍ ഒടിഞ്ഞു ഉണങ്ങി നില്‍ക്കുന്ന നീതിയുടെ ഓക്കുമരങ്ങള്‍ക്കു ചുവട്ടില്‍ പ്രതീക്ഷയുടെ കണ്ണുനീര്‍ തൂകി നനയ്ക്കുന്നവരും സഭയുടെ ചന്തം വീണ്ടെടുക്കുന്ന സ്വത്വബോധത്തിന്റെ ഉടല്‍ ഭാഷ്യങ്ങളാണ്.

മഴവില്ല് കൊണ്ട് ദൈവം എഴുതിയ കൈയ്യക്ഷരം അതാണ് സന്യാസം… ഒന്നും മറന്നുകൂടാ…

ഡോ. സി. തെരേസ് ആലഞ്ചേരി, എസ്.എ.ബി.എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

2 COMMENTS

  1. ഒത്തിരി നന്ദി സിസ്റ്റർ .സ്വന്തം വിശുദ്ധി കാത്തു സൂക്ഷിക്കാൻ സ്വന്തം ജീവൻ നൽകി യ മറിയഗോറെത്തിയെ പോലുള്ള വിശുദ്ധരെ നമുക്ക് ഓർക്കാം.12 കുത്തുകൾ കൊണ്ടിട്ടും വിശുദ്ധി കളയാതെ സൂക്ഷിച്ച അവരെയെങ്കിലു ഓർത്തിരുന്നെങ്കിൽ.ഇതുപോലുള്ള സംഭവങ്ങൾ ഒഴിവാക്കാമായിരുന്നു എല്ലാം ദൈവത്തിനു വിട്ടുകൊടുക്കാൻ ഇനിയെങ്കിലും അവർക്ക് തോന്നാൻ നമുക്ക് പ്രാർഥിക്കാം.ദൈവം തിരുസ്സഭയെ കൈവിടില്ല ഉറപ്പ്

    • Thañk you, Sr. Therese for your sincere expression. When you religious come out with luminous and authentic reflections and witnesses the society is enlightened. Now what the media projects is only the reflections of certain dark minds. Please continue writing and lit lamp for the readers.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.